Connect with us

Religion

ലൈഫ് ജാക്കറ്റ് കിട്ടിയിട്ടും രക്ഷപ്പെടാനായില്ലെങ്കിൽ...

Published

|

Last Updated

കപ്പൽ മുങ്ങി! സ്വത്തുക്കൾ സർവ വും കടലിലമർന്നു. പക്ഷേ, യാത്രക്കാർക്ക് ഒന്നും പറ്റിയില്ല. എല്ലാവരും ലൈഫ് ബോട്ടുകളിൽ മഴ നനഞ്ഞ മുട്ടക്കോഴികളെപ്പോലെ പതുങ്ങി നിൽക്കുകയാണ്. ഏതോ രാക്ഷസക്കടലിലാണ് പെട്ടിരിക്കുന്നത്. കരയറിയാൻ വഴിയേതുമില്ല. ശകലം ദാഹമുണ്ട്. മോശമല്ലാത്ത വിശപ്പും.
അപ്പോഴാണ് കപ്പൽ ജീവനക്കാർ ബിസ്‌കറ്റ് പാക്കറ്റ് പൊളിച്ചത്. ഓരോരുത്തർക്കും ഓരോന്നുവീതം. ഇനി അപ്പടിയൊരു ബിസ്‌കറ്റ് കിട്ടുക, മൂന്ന് മാസം കഴിഞ്ഞ്! ഒരു മനുഷ്യന് ശരാശരി മൂന്ന് മാസക്കാലം ജീവൻ പോകാതെ പിടിച്ചുനിൽക്കാനുള്ള സകല പോഷക ഗുണങ്ങളും അടക്കം ചെയ്ത പോരിശയാക്കപ്പെട്ട ഒരു ബിസ്‌കറ്റാണത്.

ഒരുപാടെണ്ണത്തിന് തുല്യമായ ഒന്ന്! നല്ലൊരു ആശയമല്ലേ അത്? സാദാ ഒരു രൂപാ നാണയവും സ്വർണത്തിന്റെ മട്ടിലുള്ളൊരു നാണയവും മൂല്യത്തിൽ തട്ടിച്ചുനോക്കൂ. പക്ഷേ, ഇവിടെയൊരു സാമ്യത, ആ വസ്തുവിന്റെ പദാർഥികമായ ഉള്ളടക്കത്തിന്റെ വ്യത്യാസം കൊണ്ടാണ് ഈ മൂല്യവ്യതിയാനം ഉണ്ടാവുന്നത് എന്നതാണ്. എന്നാൽ, രൂപമാറ്റങ്ങളൊന്നുമില്ലാതെ തന്നെ സമയവ്യത്യാസം കൊണ്ട് മൂല്യവർധനവുണ്ടാവുന്നത് മനസ്സിലാകണമെങ്കിൽ പരിശുദ്ധ റമസാൻ മാസത്തെ ഉദാഹരിക്കണം. നിങ്ങൾ സാദാമട്ടിൽ മറ്റു കാലങ്ങളിൽ ചെയ്യുന്ന ഒരു നന്മ- അത് നോമ്പാവാം, നിസ്‌കാരമാവാം, ദാനധർമമാവാം, അദ്കാറ് ഔറാദുകളാവാം, കുടുംബ സന്ദർശനമാവാം, അഗതി സംരക്ഷണമാവാം, അനാഥകൾക്കുള്ള അന്നദാനമാവാം, മറ്റെന്തെങ്കിലും മൈക്രോ ലെവൽ നന്മയാവാം- നിങ്ങളത് റമസാൻ മാസത്തിൽ ചെയ്താൽ പെരുത്ത് കൂലികൾ വാരിക്കോരിത്തരുന്നു കാരുണ്യവാനായ റബ്ബുൽ ആലമീൻ!

എന്നു കരുതി, നിങ്ങൾ മറ്റു കാലങ്ങളിൽ ചെയ്തുപോരുന്ന ആരാധനാ രീതിക്ക് കടുപ്പമോ കനമോ കൂട്ടണമെന്നില്ല. അവിടെയാണ് കാര്യം. ളുഹ്ർ നിസ്‌കാരം നാല് റക്അത്ത് മാത്രം, സാദാ മട്ടിൽ നിങ്ങളങ്ങു നിസ്‌കരിച്ചാൽ മതി. അധികം കൂലി കിട്ടുന്ന കേസല്ലേ എന്നുവച്ച് നിങ്ങൾ നാല് റക്അത്തുള്ളത് പതിനാറാക്കി കൂട്ടുകയോ അല്ലെങ്കിൽ കൈ കെട്ടുന്ന വേളയിൽ താർപോളിന്റെ പരസ്യത്തിൽ കാണുന്നതു പോലെ പല്ലുകടിച്ച് മസിലു പിടിക്കുകയോ ഇഅ്തിദാലിൽ ഉയർന്നു ചാടി തല റൂഫിനു മുട്ടിക്കുകയോ സുജൂദിൽ തലകുത്തി മറിഞ്ഞ് ശരീരം വിയർപ്പിക്കുകയോ ഒന്നും വേണ്ട. ചെയ്യുന്നതൊക്കെ പഴയ പടി. പക്ഷേ പ്രതിഫലത്തിന് കൈയും കണക്കുമില്ല. സമയത്തിന്റെ പ്രത്യേകത നമ്മുടെ ശ്രമത്താൽ ഉണ്ടാവുന്നതല്ല. നമുക്കതാവുകയുമില്ല. മറിച്ച് നമ്മുടെ സെക്യൂരിറ്റി ഏറ്റെടുത്ത ഒരാൾ നമുക്കായി എറിഞ്ഞു തരുന്നതാണ്. ചോദ്യം അതൊന്നുമല്ല; എന്തിനാണിതൊക്കെ? അവിടെയാണ് കാര്യം.

മറന്നുപോയോ, നിങ്ങളുടെ കപ്പൽ മുങ്ങിയത്? അതെ, ആത്മീയ യാത്രക്കിടെ നമ്മുടെ കപ്പൽ മുങ്ങിപ്പോവുന്നു. ഒരിക്കലല്ല, ഒരുപാടു തവണ. ഇടവിട്ടിടവിട്ട്. ഇപ്പോക്കു പോകുകയാണെങ്കിൽ എല്ലുപോലും പെറുക്കിയെടുക്കാൻ പറ്റാത്തവിധം കാറ്റും കോളുമുള്ള ഉൾക്കടലിലെവിടെയെങ്കിലും നമ്മളൊടുങ്ങും. നമ്മൾ ജീവിതം ചെലവിട്ട് സമ്പാദിച്ചതൊക്കെ കടലുപ്പ് നക്കി ദ്രവിപ്പിച്ചു കളയും. പരാജയം, നഷ്ടം. നാശം.

കെൽപ്പുള്ള നാവികരല്ലെന്നറിയുന്നതിനാലായിരിക്കണം കടുത്ത പ്രതിഫലക്ഷമതയുള്ള ഒരു പുണ്യമാസം അല്ലാഹു നമ്മിലേക്കിറക്കിത്തന്നത്. ദുഷ്‌കർമങ്ങളെക്കൊണ്ട് അക്കൗണ്ട് കാലിയായിത്തീർന്ന പാപ്പർസൂട്ടുകളായ നമുക്ക് വീണ്ടും ആത്മീയ സമ്പന്നത കൈവരിക്കാൻ കരുണാവാരിധി നിർലോഭം കെട്ടഴിച്ചെറിഞ്ഞു തരുന്ന അനന്ത പ്രതിഫലങ്ങളുടെ ബിസ്‌കറ്റു കെട്ടുകൾ. അല്ലെങ്കിൽ വേണ്ടുവോളം വാരിക്കോ, വാരിക്കോ എന്ന് സ്വാതന്ത്ര്യം നൽകി പായവിരുത്തി നിരത്തിവച്ചു തരുന്ന മാണിക്യക്കല്ലുകളുടെ ചാക്കുകെട്ടുകൾ. കഴിഞ്ഞില്ല. കൂട്ടത്തിൽ ഒരു കല്ലുണ്ട്; അമൂല്യം എന്ന വാക്കിൽ അതിന്റെ മൂല്യം കണക്കാക്കാനാവുമോ? ആയിരം മാസങ്ങളേക്കാൾ പുണ്യകരമാണത്. പക്ഷേ, ഓരോന്ന് ചികഞ്ഞ് പെറുക്കിക്കൊള്ളണം.

കല്ലിന്റെ വിലയറിയാത്തവരുടെ കൈയിൽ കോടികൾ വിലവരുന്ന കല്ലുകൾ കൊടുത്തു നോക്കിയേ നിങ്ങൾ. കേവലം ചരൽക്കല്ലുകളെന്ന പോലെ വലിച്ചെറിയും അവർ. വിവരമില്ലാഞ്ഞിട്ടാണിത്. വിലപിടിപ്പുള്ള റമസാന്റെ പുണ്യനാണയങ്ങൾ കൈയിൽ വെച്ചു തരുമ്പോൾ അതിനെ പുറംകാലു കൊണ്ട് തട്ടിക്കളയുന്നവരാകരുത് നാം. ഒരു റമസാൻ അടുത്ത റമസാൻ വരെയുള്ള കാലത്തിന്റെ കഫാറത്താണ് എന്ന ഹദീസ് നാം ഹൃദയത്തിന്റെ ഭിത്തിയിൽ പശതേച്ചു പറ്റിച്ചിടണം.

ത്വാഹാ റസൂൽ(സ) റമസാനായാൽ അരമുണ്ട് മുറുക്കിയുടുത്ത് പുണ്യങ്ങളെ പുണരുമായിരുന്നു. ആരാണീ റസൂൽ(സ) എന്നറിയുമോ? വന്നുകഴിഞ്ഞതും വരാനുള്ളതുമായ സകല സംഗതികളിൽ നിന്നും സംരക്ഷിതരായ, സ്വർഗത്തിന്റെ ഉദ്ഘാടകനായ നബി(സ)യുടെ കാര്യമാണിത്. നമ്മളോ? ആത്മീയതയുടെ കാര്യത്തിൽ ടി ബിയും ക്ഷയവും കാൻസറും ട്യൂമറും സകലമാന രോഗങ്ങളും പിടിപെട്ട ബലഹീനരായ രോഗികളാണ്. ദുർമോഹങ്ങളുടെ വൈറസുകൾ നമ്മെ ഉള്ളിൽ നിന്ന് തുരന്നു തുരന്ന് അരിപ്പയാക്കുമ്പോൾ അപഥ സഞ്ചാരത്തിന്റെ രോഗാണുക്കൾ നമ്മെ പുറത്തു നിന്നും കുത്തിനോവിക്കുന്നു. ഈയൊരവസ്ഥയിൽ നിന്നും മോചിപ്പിച്ച് ആത്മീയ പരിചരണത്തിന്റെ ആശുപത്രിയിൽ മെരുക്കിക്കിടത്താനാണ് റമസാൻ നമ്മിലേക്ക് സമാഗതമായിരിക്കുന്നത്. ആലസ്യം അവസാനിപ്പിച്ച് ഉണർവിലേക്ക് ഉടുത്തൊരുങ്ങിയാൽ നമുക്ക് നന്ന്. കരകയറാം. അവസരങ്ങൾ ആവർത്തിക്കപ്പെടണമെന്നില്ല. കേൾക്കുന്ന വാർത്തകളൊന്നും സുഖകരമല്ല. നമ്മുടെ കാഴ്ചയിൽ ഒരു മുപ്പത്തഞ്ച് നാൽപ്പത് വർഷത്തേക്കൊന്നും ഉലയുക പോലും ചെയ്യാത്ത ഉരുക്കു തടിയുള്ള മനുഷ്യന്മാരാണ് കിടന്ന കിടപ്പിൽ മരിച്ചു പിരിയുന്നത്. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാത്തവർക്കുള്ളതാണ് വിരൽക്കടി. നല്ലതായിരിക്കില്ല ആ അനുഭവം.

തിരക്കാണ്. തീർത്താൽ തീരാത്ത പെരും തിരക്ക്. ഒരു നാൾ വരാനുണ്ട്; അന്ന് നമുക്കൊരു തിരക്കും ഉണ്ടായിരിക്കില്ല. മറ്റുള്ളവർക്കായിരിക്കും തിരക്ക്. എന്തിനാണെന്നോ? നമ്മെ അടക്കം ചെയ്ത് തിരിച്ചുചെന്നൊന്ന് വിശ്രമിക്കാൻ. പിന്നെ മടക്കമില്ല. റീവാല്വേഷനില്ല. വിളിച്ചു പറയിക്കലില്ല. കൈക്കൂലിയോ കാണിക്ക വെക്കലോ ഇല്ല.

തിരക്കുകളോട് പൊരുതുക. റമസാൻ ഒതുക്കത്തിന്റെ മാസമാണ്. പുറം തിരക്കുകൾ കുറച്ചേ പറ്റൂ. കച്ചവടക്കട നേരത്തേ അടച്ചേ ഒക്കൂ. ഇല്ലെങ്കിൽ ആളെ നിർത്തിപ്പണിയെടുപ്പിച്ചാലും കുഴപ്പമില്ല. പക്ഷേ അവരുടെ പുണ്യം കൈമോശപ്പെടാൻ നിങ്ങളുടെ ലാഭദുര കാരണമാകരുത്. മറ്റൊന്ന്, പണമെന്നത് ഒരു വെളഞ്ഞീനാണ്. അതിങ്ങനെ പറ്റിപ്പറ്റിക്കളിക്കും. മനസ്സ് ഫ്രീ ആവണം. പള്ളിയിൽ ഇഅ്തികാഫ് ഇരുന്ന് ഓതുമ്പോഴും മനസ്സ് ക്യാഷ് കൗണ്ടറിന്റെ ചൂളയിൽ പഴുത്തു കിടക്കരുത്. കുതറി മാറണം. പണപ്പൂതിയെ പിന്നാലെയോടുന്ന പേപ്പട്ടിയെ എന്ന പോലെ കല്ലെടുത്തെറിഞ്ഞ് ആട്ടിയോടിക്കണം. അതിന്റെ മുഖത്തു നിന്ന് ചോര വാർക്കുകയും മോങ്ങി മോങ്ങി തിരിഞ്ഞോടുകയും ചെയ്താൽ നിങ്ങൾ വിജയിച്ചു.
സമ്പാദനത്തേക്കാൾ വിമോചനത്തിനാണ് റമസാൻ ഊന്നൽ നൽകുന്നത് എന്ന് ചിലപ്പോൾ തോന്നാറുണ്ട്. മറ്റുചിലപ്പോൾ തിരിച്ചും. ഏതായാലും ബന്ധനങ്ങളുടെ ചുറക്കയറുകളിൽ നിന്നു വിടുതി നേടിത്തരാനാണ് റമസാൻ പരിശ്രമിക്കുന്നത്. പണവും മണ്ണും ചേർന്ന് മനുഷ്യന്റെ മേൽ നടത്തിക്കൊണ്ടിരിക്കുന്ന കിരാത വാഴ്ചക്ക് അറുതി വരുത്തുകയാണ് റമസാന്റെ പദ്ധതി. അതിന് നാം നമ്മെ മെരുക്കേണ്ടിവരും. ശരീരത്തെ കഠിന നിയന്ത്രണത്തിന്റെ കമ്പകുടുക്കി ബന്ധിക്കേണ്ടിവരും. മനസ്സിനെ കടുത്ത പഥ്യങ്ങളിലൂടെ ചികിത്സിക്കേണ്ടി വരും. ഇതിന്റെയൊക്കെ ഭാഗമായാണ് തീറ്റ കുടികളോട് നാം കൈയാങ്കളിക്കൊരുങ്ങുന്നത്. വിശപ്പും ദാഹവും എത്ര അക്രമാസക്തമായാലും അര ഇഞ്ച് വിട്ടുകൊടുക്കാതെ നാം ഇടഞ്ഞുതന്നെ നിൽക്കുന്നു. ഇതൊരു ശീലമായി മാറുമ്പോൾ കൊച്ചുകുട്ടിയെപ്പോലെ കൊടുംവാശിക്കാരനായ ഇറച്ചിശരീരം മാസമൊന്ന് തികയുമ്പോഴേക്കും നന്നായൊന്നൊതുങ്ങുന്നു. തീറ്റ കുടികളിലൂടെ ശരീരം ഇറക്കുമതി ചെയ്യുന്ന സൈനിക ബലത്തിന് ഉപവാസം ഉപരോധമേർപ്പെടുത്തുമ്പോൾ ശരീരത്തിന്റെ ശൈത്വാനികമായ നെഗളിപ്പിന് കോടലേൽക്കുന്നു. ഇങ്ങനെ ശൈത്വാനികമായ ആയുധക്കടത്തിന്റെ ഉറവിടങ്ങളെ താഴിട്ടുപൂട്ടുമ്പോൾ മനുഷ്യനിൽ മാലാഖീയമായ മാഹാത്മ്യത്തിന്റെ ഉദയസൂര്യന്മാർ പുഞ്ചിരിച്ച് തലപൊക്കുന്നു. ഇങ്ങനെ മാലാഖീയമായ പ്രഭ മനസ്സിനെ സ്വർണം പൂശുമ്പോൾ ആത്മാവിന്റെ അടിത്തട്ടുകളിൽ തഖ്‌വയുടെ നീരുറവകൾ കിനിയുന്നു. നോമ്പു കൊണ്ട് കൽപ്പിച്ച ആയത്തിന്റെ ഒടുക്കത്തിലില്ലേ- നിങ്ങൾ തഖ്‌വാശീലർ ആകാൻ വേണ്ടിയെന്ന്? അതുതന്നെ!

അപ്പോൾ റമസാൻ കമ്പിയും കയറും ചങ്ങലയും കൊളുത്തുമൊക്കെയായി നമ്മെ ഇടിച്ചുവീഴ്ത്താനും വരിഞ്ഞുകെട്ടാനും തന്നെയാണ് വരുന്നത്. നമ്മളതിന് വിധേയപ്പെട്ട് കിടന്നു കൊടുക്കുകയാണ് ബുദ്ധി. അന്തിനേരങ്ങളിലുള്ള അമിതഭോജനത്തിലൂടെ രക്തപോഷിണി, ഇറച്ചിവർധിനി, മജ്ജ കൂട്ടിനി, കൊഴുപ്പു വ്യാപിനി, ഉഷാറുദായിനി, ശക്തിയേറ്റിനി തുടങ്ങിയ എനർജി ബൂസ്റ്റേഴ്‌സ് കണ്ടമാനം ഈ മാസത്തിൽ അടിച്ചു കയറ്റി റമസാനെ കുത്തിമലർത്താൻ ശ്രമിക്കരുത്. വേണമെങ്കിൽ തെറ്റുപറയാൻ പറ്റാത്തവിധം രാത്രിനേരങ്ങളിൽ ഇതൊക്കെയാവാം ഒരാൾക്ക്. എന്നപോലെ പകൽ സമയങ്ങളിൽ പാർക്കുകളിലും ഉദ്യാനങ്ങളിലും ചെന്നിരുന്ന് ആസ്വദിച്ച് ആയുസ്സു തുലക്കാം. പക്ഷേ, അടിത്തട്ടിൽ ചില കാര്യങ്ങൾ കിടക്കുന്നുണ്ട്. ആത്മാർഥമായി ഉൾക്കൊള്ളാൻ മനസ്സുള്ളവർക്കേ ആ ആത്മീയ അനുഭൂതി കരഗതമാവുകയുള്ളൂ. ആയതുകൊണ്ടാണ് വ്രതത്തെ മുറിച്ചു കളയുന്ന കാര്യങ്ങളെ എണ്ണിപ്പറഞ്ഞ ശേഷം സുഗന്ധം വെടിയണമെന്നും വിടർന്ന പൂപോലുള്ള ആസ്വാദ്യ ദൃശ്യങ്ങളിലേക്ക് കണ്ണയക്കരുതെന്നുമൊക്കെ ഫഖീഹുമാർ നമ്മെ പറഞ്ഞു പഠിപ്പിച്ചത്. അങ്ങനെ വെടിയലിന്റെയും സമരത്തിന്റെയും ഉപാധിയായി റമസാൻ ഉപവാസത്തെ നാം സൽക്കരിച്ചിരുത്തുമ്പോൾ വിടുതിയുടെയും വിമോചനത്തിന്റെയും സംഗീതമായി അത് നമ്മിലലിഞ്ഞ് കുതിരും. ഇല്ലെങ്കിൽ റമസാൻ വരും, പോകും.

ഫൈസൽ അഹ്‌സനി ഉളിയിൽ
• faisaluliyil@gmail.com

Latest