Connect with us

Articles

ഭയം നിറഞ്ഞ മൗനം

Published

|

Last Updated

അങ്ങനെ ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ആ മഹാസംഭവം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താ സമ്മേളനം വിളിച്ചു. ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ അമിത് ഷായോടൊപ്പം, “ഭരണത്തിലേറി നാളിതുവരെ മാധ്യമങ്ങളെ കാണാനോ ചോദ്യങ്ങൾ നേരിടാനോ തയ്യാറാകാതെ ഒഴിഞ്ഞുമാറിയ പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടു. വെള്ളിയാഴ്ച വൈകീട്ട് പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നുവെന്ന വാർത്ത വന്നതോടെ ന്യൂസ് ചാനലുകളെല്ലാം പതിവ് വാർത്താ പരിപാടികളെല്ലാം മാറ്റിവെച്ചു. സോഷ്യൽ മീഡിയ കാതുകൂർപ്പിച്ചു. പത്രമോഫീസുകളും പ്രാദേശിക ഭാഷകളിലെ മാധ്യമങ്ങളും ഉണർന്നു. ഒന്നും നടന്നില്ല. പ്രധാനമന്ത്രി വന്നു. ഇരുന്നു. അമിത് ഷാ മാത്രം സംസാരിച്ചു. ഒരു ചോദ്യം പോലും അഭിമുഖീകരിക്കാതെ പ്രധാനമന്ത്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചു.

വാർത്താ സമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകരിൽ ചിലർ നിരവധി ചോദ്യങ്ങൾ പ്രധാനമന്ത്രിയോട് ചോദിച്ചു. രണ്ടേ രണ്ട് വാക്ക് മാത്രം മൊഴിഞ്ഞു. നിങ്ങൾക്കെല്ലാവർക്കും നന്ദി, എന്റെ ആശീർവാദം. നേരത്തേ തയ്യാറാക്കിയ സ്‌ക്രിപ്റ്റും ചോദ്യങ്ങളും അനുസരിച്ച് മാത്രം, നരേന്ദ്ര മോദിയുടെ ബ്രാൻഡിംഗ് ടീം തയ്യാറാക്കിയ ചില അഭിമുഖങ്ങൾ മോദിസ്തുതി പാടുന്ന വാർത്താ ചാനലുകളിൽ വന്നുവെന്നല്ലാതെ ഇത്തരമൊരു അനുഭവം പ്രധാനമന്ത്രിക്കില്ലായിരുന്നു. പൊതുതിരഞ്ഞെടുപ്പിന്റെ ഈ അവസാനഘട്ടത്തിലെങ്കിലും പ്രധാനമന്ത്രി പ്രസ് മീറ്റിന് തയ്യാറായത് രാജ്യത്തെ മാധ്യമപ്രവർത്തകർ വലിയ പ്രതീക്ഷയോടെ കണ്ടെങ്കിലും മോദി അവരെ തീർത്തും നിരാശപ്പെടുത്തുക തന്നെ ചെയ്തു. താനും തന്റെ പാർട്ടിയും വീണ്ടും അധികാരത്തിലെത്തുമെന്നു മാത്രം പറഞ്ഞ് മൈക്ക് പാർട്ടി അധ്യക്ഷൻ അമിത് ഷാക്ക് കൈമാറി മാധ്യമങ്ങളെ ആത്മവിശ്വാസത്തോടെ ഒന്നുനോക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്നു പറഞ്ഞ് മാധ്യമ പ്രവർത്തകർ ഉയർത്തിയ ചോദ്യങ്ങൾക്ക് പോലും കൃത്യമായ മൗനം. എല്ലാ ചോദ്യങ്ങൾക്കും പ്രധാനമന്ത്രി തന്നെ മറുപടി പറയേണ്ടതില്ല എന്ന് പറഞ്ഞാണ് അത്തരം അനിഷ്ടചോദ്യങ്ങളെ അമിത് ഷാ നേരിട്ടത്.

തീർത്തും അരാഷ്ട്രീയമായ അഭിമുഖമെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് നടൻ അക്ഷയ് കുമാറും തമ്മിലുള്ള അഭിമുഖം അടുത്തിടെ ഏറെ ചർച്ചയായിരുന്നു. രാജ്യം സുപ്രധാനമായ ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ മോദി മാങ്ങ കഴിക്കുന്നതിനെക്കുറിച്ചും കുർത്ത ധരിക്കുന്നതിനെക്കുറിച്ചുമൊക്കെ ചോദിച്ച് പ്രസ്തുത അഭിമുഖം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. ഇത്രമേൽ ലളിതമായ ചോദ്യങ്ങളും അതിനേക്കാൾ വലിയ പൊങ്ങച്ചത്തോടെയുള്ള ഉത്തരങ്ങളും കണ്ട് രാജ്യത്തെ ജനാധിപത്യവിശ്വാസികൾ അക്ഷരാർഥത്തിൽ സ്തബ്ധരായി. “ഭരണം അവസാനിക്കാനിരിക്കുന്ന ഈ നിർണായക നിമിഷത്തിലും ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് സംസാരിക്കാനുള്ളത് താൻ കഴിക്കുന്ന മാങ്ങയെക്കുറിച്ചും കുർത്തയെക്കുറിച്ചും മാത്രമായിപ്പോകുന്നു എന്നോർത്ത് ജനാധിപത്യവിശ്വാസികൾ മൂക്കത്ത് വിരൽ വെച്ചിട്ട് അധികനാളായില്ല. അങ്ങനെയിരിക്കെയാണ് യഥാർഥ പത്രസമ്മേളനവുമായി മോദി കടന്നുവന്നത്.

എല്ലാ ചോദ്യങ്ങൾക്കും അമിത് ഷാ മറുപടി പറഞ്ഞു. മോദിയുടെ ശരീര”ഭാഷയിൽ എല്ലാമുണ്ടായിരുന്നു. എന്തുകൊണ്ടാണ് താൻ ഇത്രയും നാൾ മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ വിസമ്മതിച്ചത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ശരീര”ഭാഷയും മൗനവും. “ഭയം നിഴലിച്ചിരുന്ന മുഖത്ത് ഇടക്ക് വന്ന ചിരി തീർത്തും വ്യാജമായിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ ഒരുമിച്ചുകൂടിയ മാധ്യമപ്രവർത്തകർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമായിരുന്നു. അമിത് ഷാ നടത്തിയ വാർത്താസമ്മേളനത്തിൽ നരേന്ദ്ര മോദി കേൾവിക്കാരനായി എത്തിയതുപോലെയായിരുന്നു പ്രസ് മീറ്റിന്റെ രീതി. കോൺഗ്രസിനെ വിമർശിക്കുകയും പ്രധാന ചോദ്യങ്ങളെ അവഗണിക്കുകയും ചെയ്ത് അമിത് ഷാ സംസാരിച്ചപ്പോഴും താടിക്ക് കൊകൊടുത്ത് നിരാശാ”ഭാവത്തിലാണ് പ്രധാനമന്ത്രി ഇരുന്നത്. ഈ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഏൽക്കാനിരിക്കുന്ന പരാജയം നിഴലിച്ചു നിന്നു മോദിയുടെ ഓരോ നെടുവീർപ്പിലും. ഇത്രമേൽ അസ്വസ്ഥനും മൗനിയുമായി അദ്ദേഹത്തെ മാധ്യമങ്ങൾ കണ്ടിട്ടുണ്ടാവില്ല. അത്രമേൽ ദാരിദ്ര്യം. രാഹുൽ ഗാന്ധി ട്വിറ്ററിൽ ട്രോളിയത് ഇങ്ങനെ: “അഭിനന്ദനങ്ങൾ മോദിജി. നല്ല വാർത്താസമ്മേളനം. ഇപ്പോൾ പകുതി യുദ്ധം വിജയിച്ചു. അടുത്ത തവണ പത്രസമ്മേളനം നടത്തുമ്പോൾ ചില ഉത്തരങ്ങളെങ്കിലും പറയാൻ അമിത് ഷാ താങ്കളെ അനുവദിക്കട്ടെ.” മോദിയുടെ മൗനം ഭേദിക്കാൻ കഴിയാത്ത, കൂടുതൽ കുഴക്കുന്ന ചോദ്യങ്ങൾ ചോദിക്കാതെ അച്ചടക്കം പാലിച്ച ജേർണലിസ്റ്റുകളെ പരിഹസിക്കുന്നു, ഉമർ അബ്ദുല്ലയുടെ പ്രതികരണം: “ജേർണലിസ്റ്റുകൾ എന്ന പേരിൽ വാർത്താസമ്മേളനത്തിനെത്തിയ ബി ജെ പി പ്രവർത്തകരോട് അമിത് ഷാ നന്ദി പറഞ്ഞു കാണും. സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു കവിഞ്ഞു. ഒട്ടും നനയാതെ നല്ലൊരു കുളി എന്നും ഇങ്ങനെ മിണ്ടാതിരിക്കുന്നതിന് പകരം ഈ വീഡിയോക്ക് ലൈക്ക് അടിക്കാൻ പറഞ്ഞെങ്കിലും അങ്ങേർക്ക് വായ തുറന്നുകൂടേയെന്നും ട്വിറ്ററിൽ പ്രതികരണങ്ങൾ വന്നു. അച്ഛേ ദിൻ വാഗ്ദാനം പോലെ പത്രസമ്മേളനം വലിയ പ്രതീക്ഷകൾ മാത്രം അവശേഷിപ്പിച്ചുവെന്നും സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു.

നൂറുകണക്കിന് മാധ്യമപ്രവർത്തകർ ഒരുമിച്ചുകൂടിയിട്ടും പ്രധാനമന്ത്രിയോടും അമിത് ഷായോടും നട്ടെല്ലുള്ള ചോദ്യങ്ങൾ ചോദിക്കാൻ ഒന്നോ രണ്ടോ പേർ മാത്രമായിപ്പോയതും ശ്രദ്ധേയമാണ്. മാധ്യമസ്ഥാപനങ്ങളിൽ പിടിമുറുക്കിക്കഴിഞ്ഞ ബി ജെ പി, സംഘ്പരിവാർ രാഷ്ട്രീയ സ്വാധീനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാധ്യമപ്രവർത്തകരുടെ ഈ ദയനീയത. തങ്ങൾക്കെതിരെ സംസാരിക്കുന്ന മാധ്യമങ്ങളെ നാമാവശേഷമാക്കാനും നിശ്ശബ്ദമാക്കാനും സർക്കാർ സംവിധാനങ്ങളും കോർപറേറ്റ് ചങ്ങാത്തവും ഇത്രമേൽ ഉപയോഗപ്പെടുത്തിയ സർക്കാർ ഇന്ത്യൻ ചരിത്രത്തിൽ ഇല്ല എന്നുതന്നെ പറയാം. ഈയൊരു ആത്മവിശ്വാസത്തിന്റെ പുറത്താകണം മൗനിയായെങ്കിലും പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാനെത്തിയത്.

നരേന്ദ്ര മോദി പത്രസമ്മേളനം നടത്തിയ അതേസമയം ഈ തിരഞ്ഞെടുപ്പ് കാലത്തെ തന്റെ അവസാന റാലികഴിഞ്ഞ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനം തീർത്തും വ്യത്യസ്തമായിരുന്നു. ശ്രദ്ധേയവും ഗൗരവപൂർണവുമായ പ്രശ്‌നങ്ങളാണ് രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചത്. ഒന്നര മണിക്കൂറോളം തുടർച്ചയായി അദ്ദേഹം മാധ്യമങ്ങളുടെ ക്യാമറക്ക് മുന്നിൽ സംസാരിച്ചു. ഓരോ ചോദ്യത്തിനും വ്യക്തവും വിശദവുമായ ഉത്തരം നൽകി. തമാശ പറഞ്ഞു. വിമർശനങ്ങൾ വ്യക്തമായ തെളിവുകളോടെ അവതരിപ്പിച്ചു. അനാവശ്യമായി ഒരു വാക്ക് പോലും പറഞ്ഞില്ല. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ സംസാരിച്ചു. വാചകക്കസർത്തുകളോ വീരവാദങ്ങളോ ഉണ്ടായില്ല. ഓരോ വാക്കും വളരെ ശ്രദ്ധയോടെ പറഞ്ഞു. പക്വതയും ആത്മവിശ്വാസവും നിറഞ്ഞ വാക്കുകൾ.”
ഭരണം നിലനിർത്താൻ പുതിയ സഖ്യവുമായി മുന്നോട്ടുപോകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ രാഹുൽ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ജനവിധിയെക്കുറിച്ച് പറയാൻ കഴിയില്ലെന്നും പറഞ്ഞു. കഴിഞ്ഞ രണ്ടര മാസക്കാലത്തെ തിരഞ്ഞെടുപ്പ് ക്യാമ്പയിന് സമാപ്തി കുറിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം വിളിച്ചത്. ഈ കാലയളവിനുള്ളിൽ നൂറ്റിയമ്പത് റാലികളിൽ സംസാരിച്ച ക്ഷീണം ആ മുഖത്തുണ്ടായിരുന്നില്ല. ഇലക്ഷൻ കമ്മീഷൻ പുലർത്തുന്ന പക്ഷപാതിത്വം തുറന്നടിക്കാനും അദ്ദേഹം മറന്നില്ല. ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് തന്റെയും പാർട്ടിയുടെയും പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. റാഫേൽ അഴിമതിയിൽ സംവാദത്തിന് വരാൻ നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ട് ഇതുവരെ മറുപടി കിട്ടിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ഈ രണ്ട് വാർത്താസമ്മേളനങ്ങൾ നമ്മുടെ രാജ്യം ഇപ്പോൾ എത്തിയിരിക്കുന്ന രാഷ്ട്രീയാവസ്ഥകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. നിരാശയും മൗനവും നിറഞ്ഞ നരേന്ദ്ര മോദി രാജ്യത്തോട് പറയുന്നത് ഒരു ഭരണപരാജയത്തിന്റെ കഥയാണ്. അഞ്ച് വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധനയങ്ങളിലും പദ്ധതികളിലും മനംമടുത്ത സാധാരണക്കാരെ അഭിമുഖീകരിക്കാൻ ഭയക്കുന്ന പ്രധാനമന്ത്രിയെ കൂടിയാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ഈ നാട് നേരിൽക്കണ്ടത്. മോദിയുടെ മുഖത്തുടനീളം നിഴലിച്ചുനിന്നത് പരാജയഭീതിയും “ഭീരുത്വവുമായിരുന്നു. ഇതിനിടയിലും സാധാരണക്കാരുടെ കാര്യങ്ങൾ സംസാരിക്കാനും അവ മാധ്യമശ്രദ്ധയിൽ കൊണ്ടുവരാനും ഇവിടെ ഒരാളുണ്ടെന്ന ഓർമപ്പെടുത്തലായി മാറി രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും സന്ദേശങ്ങളാണ് മാധ്യമങ്ങളോട് രാഹുൽ വിശദീകരിച്ചത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ സംസാരിച്ച അദ്ദേഹം ജനാധിപത്യവിശ്വാസികൾക്ക് വലിയ പ്രതീക്ഷകൾ തന്നെയാണ് സമ്മാനിക്കുന്നത്. ഒരു പത്രസമ്മേളനം എങ്ങനെ നടത്തണമെന്ന് മാതൃകാപരമായി കാണിക്കുക കൂടി ചെയ്തു അദ്ദേഹം. ഇവിടെയാണ് “നിങ്ങൾ എന്റെ ആശീർവാദവും വാങ്ങി തിരിച്ചുപോകൂ” എന്ന് മാധ്യമപ്രവർത്തകരോട് പറയുന്ന, പരാജയപ്പെട്ട ഒരു പ്രധാനമന്ത്രിയെ ഇന്ത്യൻ ജനത തിരിച്ചറിയുന്നത്. ഇവിടെയാണ് ജനവിരുദ്ധതരംഗം കണ്ട് ഭയപ്പെടുന്ന ഒരു ഭരണകൂടത്തിന്റെ ദയനീയമുഖം വെളിപ്പെടുന്നത്.

യാസർ അറഫാത്ത് നൂറാനി • yaazar.in@gmail.com

Latest