കലക്ടര്‍ വാക്കുപാലിച്ചു; ആര്യക്ക് പഠിക്കാന്‍ ലാപ്‌ടോപ്പായി

Posted on: May 16, 2019 10:13 pm | Last updated: May 17, 2019 at 11:13 am
ആര്യക്ക് ജില്ലാ കലക്ടറും മാതൃസ്നേഹം ചാരിറ്റബില്‍ മാനേജിംഗ് ട്രസ്റ്റിന്റെ പി.ഷാനുവും ചേർന്ന് ലാപ്ടോപ് നൽകുന്നു. കാലിക്കറ്റ് പ്രസ്ക്ലബ് ജനറൽ സെക്രട്ടറി പി വിപുൽനാഥ് സമീപം.

കോഴിക്കോട്: ജില്ലാ കലക്ടര്‍ സാംബശിവ റാവുവില്‍ നിന്നും നേരിട്ട് ലാപ്ടോപ് വാങ്ങാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് പരിമിതികളോട് പോരാടി എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം നേടിയ ആര്യ രാജ്. രണ്ട് ദിവസം മുന്‍പ് വീട്ടില്‍ വന്നപ്പോള്‍ മുന്‍പോട്ടുള്ള പഠനത്തിന് ലാപ്ടോപ്പ് ഏറെ സഹായകരമാകുമെന്നും അത് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്ര പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ആര്യ പറയുന്നു. മാതൃസ്നേഹം ചാരിറ്റബില്‍ മാനേജിംഗ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പി.ഷാനാണ് ആര്യക്കുള്ള ലാപ്ടോപ്പ് സ്പോണ്‍സര്‍ ചെയ്തത്. കൂടാതെ പഠനസഹായത്തിനായി സ്റ്റഡി ടേബിള്‍, കസേര, ആര്യയുടെ അച്ഛന്റെ മുറിയിലേക്ക് എയര്‍ കണ്ടീഷണര്‍ എന്നിവയും ഷാന്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്.


Also read:


വാഹനാപകടത്തെ തുടര്‍ന്ന് ഓര്‍മകള്‍ നഷ്ടപ്പെട്ട് ഒരു ഭാഗം തളര്‍ന്നു കിടക്കുന്ന അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി വാശിയോടെ പഠിച്ച് വിജയം നേടിയ പ്രൊവിഡന്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ആര്യ ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. അച്ഛന്റെ ഓര്‍മ്മ വീണ്ടെടുക്കാന്‍ രാവും പകലും അച്ഛനരികിലിരുന്ന് പാഠങ്ങള്‍ ഉറക്കെ വായിച്ച് പത്താം ക്ലാസ്സിലെ പഠനം ചികിത്സാ വിധിയായി ആര്യ മാറ്റുകയായിരുന്നു. തന്റെ നിരന്തരമായ സാന്നിധ്യവും പഠനവും അച്ഛനെ തിരികെ കൊണ്ടുവരാന്‍ സഹായിക്കുമെന്ന് ആര്യ ഉറച്ചു വിശ്വസിച്ചതിന്റെ ഫലമാണ് പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള എ പ്ലസ് വിജയം.

കലക്ടർ സമ്മാനിച്ച പുസ്തകങ്ങളുമായി ആര്യ

ഭാവിയെക്കുറിച്ച് തീരുമാനങ്ങളെടുക്കാനും പഠന മേഖല തെരഞ്ഞെടുക്കാനും സമയം ആവശ്യമുണ്ടെന്ന് ആര്യ പറഞ്ഞു. നന്നായി പഠിക്കണമെന്നും നന്നായി ചിന്തിച്ച് തീരുമാനമെടുക്കണമെന്നും മുന്‍പോട്ടുള്ള യാത്രക്ക് എല്ലാവിധ ആശംസകളും, എല്ലാ പിന്തുണയുമായി കൂടെയുണ്ടാകുമെന്നും യാത്രയാക്കുമ്പോള്‍ കലക്ടര്‍ ആര്യക്ക് ഉറപ്പ് നല്‍കി. കഴിഞ്ഞ ദിവസം നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുവാനായി ഒരു സെറ്റ് വിലകൂടിയ പുസ്തകങ്ങള്‍ കലക്ടര്‍ ആര്യക്ക് എത്തിച്ചുനല്‍കിയിരുന്നു.

സിറാജ് സബ് എഡിറ്ററും കാലിക്കറ്റ് പ്രസ്‌ക്ലബ് ജനറല്‍ സെക്രട്ടറിയുമായ വിപുല്‍നാഥിന്റെ ഇടപെടലാണ് ആര്യയുടെ ദുരവസ്ഥ പുറംലോകത്ത് എത്തിച്ചത്. ആര്യയെ കുറിച്ച് വിപുല്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ എളുപ്പമായി.