Connect with us

Kozhikode

ആര്യയുടെ കുടുംബത്തിന് പിന്തുണയുമായി സർക്കാർ

Published

|

Last Updated

ആര്യയുടെ വീട്ടിൽ മന്ത്രിമാരായ ടി പി രാമകൃഷ്ണനനും എ കെ ശശീന്ദ്രനും സന്ദർശിച്ചപ്പോൾ

കോഴിക്കോട്: അബോധാവസ്ഥയിൽ കഴിയുന്ന അച്ഛനെ പരിചരിച്ച് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ആര്യരാജിന്റെ കുടുംബത്തിന് പിന്തുണയുമായി സർക്കാർ. മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും ഇന്നലെ രാവിലെ 8.30ന് മലാപ്പറമ്പിൽ ആര്യ താമസിക്കുന്ന വാടക വീട്ടിലെത്തി സർക്കാർ പിന്തുണ ഉറപ്പ് നൽകി. മേയർ തോട്ടത്തിൽ രവീന്ദ്രനും ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും ആര്യയുടെ വീട്ടിലെത്തി.

ആര്യയുടെ പിതാവിനെ സന്ദർശിച്ച ശേഷം ഭാര്യ സബിതയോട് മന്ത്രിമാരും മേയറും ചികിത്സാ വിവരങ്ങൾ തിരക്കി. മന്ത്രി ടി പി രാമകൃഷ്ണൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ വിളിച്ച് ആര്യയുടെ പിതാവിനാവശ്യമായ ചികിത്സ നൽകാനാവശ്യപ്പെട്ടു. വിദഗ്ധ ഡോക്ടർമാരുടെ സംഘം മലാപ്പറമ്പിലെ വീട്ടിലെത്തി രാജന്റെ ചികിത്സാ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഇന്നലെ വൈകുന്നേരം തന്നെ മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം എത്തിയത്. പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. കെ ജി സജിത്ത് കുമാർ, ഓർത്തോ എച്ച് ഒ ഡി. ഡോ. മനോജ് കുമാർ, ന്യൂറോ സർജറി എച്ച് ഒ ഡി. ഡോ. എം പി രാജീവ്, ഡോ. എം മോഹൻ രാജ്, ഡോ. എം രാധാകൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

രാജനെ പരിശോധിച്ച ഡോക്ടർമാർ പുരോഗതിയുണ്ടെന്ന് വിലയിരുത്തി. തലക്ക് ഗുരുതരമായ മുറിവാണ് സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. മരുന്നിന്റെ പുതിയ പട്ടിക തയ്യാറാക്കുകയും മരുന്ന് മെഡിക്കൽ കോളജിൽ നിന്നെത്തിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു. ആര്യയുടെ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് നിരവധി പേർ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. മലബാർ ഹോസ്പിറ്റിലിന്റെ സി എസ് ആർ പദ്ധതിയിൽ ഉൾപ്പെടുത്തി തുടർ വിദ്യാഭ്യാസം ഡോ. പി എ ലളിത വാഗ്ദാനം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി മാസം 5,000 രൂപ ആര്യയുടെ ബേങ്ക് എക്കൗണ്ടിലെത്തും. സേവ് ഗ്രീൻ പ്രതിമാസം 5,000 രൂപ രാജന്റെ ചികിത്സക്കായി പെൻഷൻ ഏർപ്പെടുത്തി. മേയർ തോട്ടത്തിൽ രവീന്ദ്രൻ ആദ്യ പെൻഷൻ തുക വീട്ടിലെത്തി കൈമാറി.

സേവാഭാരതി പ്രതിമാസം 5,000 രൂപ പെൻഷൻ ഏർപ്പെടുത്തി. എം കെ രാഘവൻ എം പി സഹായം ഉറപ്പ് നൽകിയിട്ടുണ്ട്. ആര്യ ഇതുവരെ പഠിച്ച പ്രൊവിഡൻസ് സ്‌കൂൾ അധികൃതർ വീട്ടിലെത്തി പ്ലസ് വൺ സീറ്റ് ഉറപ്പ് നൽകി. ജില്ലാ കലക്ടർ സാംബശിവ റാവു ഫോണിൽ വിളിച്ചഭിനന്ദിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ മന്ത്രിമാർ സഹായ വാഗ്ദാനം പ്രഖ്യാപിച്ചില്ല. സർക്കാറിന്റെ പിന്തുണ അറിയിച്ചു.

 

Latest