Connect with us

Editorial

എണ്ണത്തില്‍ മാത്രം മതിയോ നൂറുമേനി?

Published

|

Last Updated

നൂറുമേനി തികക്കാന്‍ അധ്യാപകര്‍ നടത്തിയ പരീക്ഷാ ആള്‍മാറാട്ടത്തിന് ദുരിതം അനുഭവിക്കുന്നത് വിദ്യാര്‍ഥികള്‍. കോഴിക്കോട് ജില്ലയിലെ മുക്കം നീലേശ്വരം ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതണമെന്നാണ് ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. എസ് എസ് വിവേകാനന്ദന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പ് സംഘത്തിന്റെ നിര്‍ദേശം. അധ്യാപകന്‍ പൂര്‍ണമായും പരീക്ഷയെഴുതിയ പ്ലസ്ടു സയന്‍സ് വിഭാഗത്തിലെയും കൊമേഴ്‌സ് വിഭാഗത്തിലെയും ഓരോ കുട്ടികളാണ് ജൂണ്‍ 10ന് നടക്കുന്ന സേ പരീക്ഷയോടൊപ്പം വീണ്ടും പരീക്ഷയെഴുതേണ്ടത്. പഠിച്ച വിഷയങ്ങളെല്ലാം മറന്നു പോയതിനാല്‍ ജൂണില്‍ വീണ്ടും പരീക്ഷയെഴുതിയാല്‍ തോല്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഇനിയും പരീക്ഷയെഴുതാന്‍ നിര്‍ബന്ധിക്കരുതെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ധര്‍മസങ്കടത്തിലാണ് ഈ വിദ്യാര്‍ഥികളിപ്പോള്‍.

സ്‌കൂളിന് നൂറ് ശതമാനം വിജയം ഉറപ്പാക്കാനാണ്, ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികൾക്ക് വേണ്ടി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയും പരീക്ഷാ ചീഫ് സൂപ്രണ്ടിന്റെയും ഒത്താശയോടെ അധ്യാപകന്റെ ഈ ആള്‍മാറാട്ടം. പരീക്ഷാ ഹാളിലിരുന്ന് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന അതേസമയം തന്നെ തൊട്ടപ്പുറത്തുള്ള ഓഫീസിലിരുന്ന് അധ്യാപകന്‍ പരീക്ഷ എഴുതുകയും വിദ്യാര്‍ഥികള്‍ എഴുതിയ ഉത്തരക്കടലാസിന്റെ സ്ഥാനത്ത് അധ്യാപകന്റെത് വെക്കുകയുമായിരുന്നു. തങ്ങൾക്ക് വേണ്ടി അധ്യാപകന്‍ പരീക്ഷയെഴുതിയത് വിദ്യാര്‍ഥികള്‍ അറിഞ്ഞതാകട്ടെ തട്ടിപ്പ് പിടിക്കപ്പെട്ടപ്പോള്‍ മാത്രവും. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പില്‍ ഇംഗ്ലീഷ് ഉത്തരപേപ്പര്‍ നോക്കിയ അധ്യാപകന് രണ്ട് കുട്ടികളുടെയും ഉത്തരക്കടലാസിലെ കൈയക്ഷരത്തിലെയും ഉത്തരങ്ങളിലെയും സാമ്യത സംശയത്തിന് ഇടയാക്കിയതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തട്ടിപ്പ് തെളിഞ്ഞത്. മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പേപ്പര്‍ പൂര്‍ണമായും എഴുതിയ അധ്യാപകന്‍ 32 വിദ്യാര്‍ഥികളുടെ കമ്പ്യൂട്ടര്‍ സയന്‍സ് ഉത്തരക്കടലാസുകള്‍ തിരുത്തിയിട്ടുമുണ്ട്.

വിദ്യാര്‍ഥികളുടെ പഠന നിലവാരം വര്‍ധിപ്പിക്കുന്നതിനും അക്കാദമിക മികവ് കൂട്ടുന്നതിനുമായിരുന്നു മുന്‍ കാലങ്ങളില്‍ സ്‌കൂള്‍ അധികൃതര്‍ പ്രാമുഖ്യം നല്‍കിയിരുന്നത്. പഠിക്കുന്ന വിദ്യാര്‍ഥികളെ മാത്രമായിരുന്നു വിജയിപ്പിച്ചിരുന്നതും. അന്ന് പരീക്ഷയെന്ന കടമ്പ കടന്നു കിട്ടാന്‍ അധ്യാപകരും പരീക്ഷാ സൂപ്രണ്ടും അറിയാതെ വിദ്യാര്‍ഥികള്‍ കോപ്പിയടിക്കുകയും അത് പലപ്പോഴും പിടിക്കപ്പെടുകയും ചെയ്യാറുണ്ട്. ഇന്നിപ്പോള്‍ കോപ്പിയടിയെ അധ്യാപകര്‍ പ്രോത്സാഹിപ്പിക്കുകയും അതിനു എല്ലാ ഒത്താശയും ചെയ്യുകയുമാണ്. മുമ്പ് വിജയം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യമായിരുന്നെങ്കില്‍ വിദ്യാഭ്യാസ രംഗം കച്ചവടവത്കരിക്കപ്പെട്ടതോടെ സ്‌കൂള്‍ അധികൃതരുടെ കൂടി ആവശ്യമായി. തങ്ങളുടെ സ്ഥാപനത്തിന്റെ ഖ്യാതി നിലനിര്‍ത്തി കൂടുതല്‍ അഡ്മിഷന്‍ നേടിയെടുക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ഥി പോലുമറിയാതെ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തിയതിന്റെ പശ്ചാത്തലമിതാണ്.

നൂറുമേനി നേടാന്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ വൈകല്യമുള്ളവരായി ചിത്രീകരിക്കുന്ന പ്രവണതയും സാര്‍വത്രികമാണ്. മാനസിക വൈകല്യവും കാഴ്ച-കേള്‍വി ശക്തിക്കുറവും പഠന വൈകല്യവുമുള്ള വിദ്യാര്‍ഥികള്‍ക്കായി കേട്ടെഴുതാനായി പകരക്കാരനെ (സ്‌ക്രൈബ്) ചുമതലപ്പെടുത്താനുള്ള അനുവാദമുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി മേല്‍പറഞ്ഞ വൈകല്യങ്ങളൊന്നുമില്ലാത്തവരും, എന്നാല്‍ പഠനത്തില്‍ പിന്നാക്കമായതിനാല്‍ പരീക്ഷയില്‍ പരാജയപ്പെടുമെന്ന് സംശയിക്കപ്പെടുന്നവരുമായ വിദ്യാര്‍ഥികളെ, വൈകല്യമുള്ളവരാക്കി മാറ്റി പരീക്ഷക്ക് പകരക്കാരനെ വെച്ചു കൊടുത്തു വിജയിപ്പിക്കുകയാണ് ചെയ്യുന്നത്. വിദ്യാര്‍ഥികളുടെ വൈകല്യം സാക്ഷ്യപ്പെടുത്തുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇതിനാവശ്യം. കൈക്കൂലി നല്‍കിയാല്‍ ഇതിന് സന്നദ്ധമാകുന്ന ഡോക്ടര്‍മാര്‍ ധാരാളം. മികച്ച പഠന നിലവാരം പുലര്‍ത്തുന്നവരായിരിക്കും പകരക്കാരായി എത്തുന്നതെന്നതിനാല്‍ അവര്‍ക്ക് മിക്ക വിഷയങ്ങളിലും എ പ്ലസ് വരെ ലഭിക്കാറുണ്ട്. ഇതിനിടെ ഒരു സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശന സമയത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് പകരക്കാരനെ വെച്ച വിദ്യാര്‍ഥിക്കായിരുന്നു. കഷ്ടപ്പെട്ട് അധ്വാനിച്ചു പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ വിഡ്ഢികളാക്കപ്പെടുകയാണ്.

പേരിനും പെരുമക്കും സാമ്പത്തിക നേട്ടത്തിനുമായി വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ നടത്തുന്ന ഇത്തരം കളികള്‍ അക്കാദമിക് നിലവാരം താഴോട്ട് പോകാന്‍ ഇടയാക്കുന്നുണ്ട്. ഫുള്‍ എ പ്ലസ് നേടുന്ന പല വിദ്യാര്‍ഥികളുടെയും പഠന നിലവാരം വളരെ മോശമാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ദേശീയതലത്തില്‍ പുറത്തുവന്ന എ എസ് ഇ ആര്‍ സര്‍വേയും എന്‍ ഐ ആര്‍ എഫ് റാങ്കും കേരളത്തിന് ശുഭസന്ദേശങ്ങളല്ല നല്‍കുന്നത്. വിജയികളുടെ എണ്ണം കൂടിയാല്‍ മാത്രം പോരാ, വണ്ണവും കൂടണം. ബിരുദ പഠനം കഴിഞ്ഞിട്ടും നമ്മുടെ ഉദ്യോഗാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കാത്തതിന്റെ മുഖ്യ കാരണം ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനക്കുറവാണെന്നാണ് നാഷനല്‍ എംപ്ലോയബിലിറ്റി റിപ്പോര്‍ട്ട് പറയുന്നത്. ചെറിയ ക്ലാസുകളില്‍ നിന്ന് ഭാഷാപഠനം തുടങ്ങിയിട്ടും ഡിഗ്രിക്കു ശേഷവും അത് ഉപയോഗപ്രദമാക്കാന്‍ അവര്‍ക്ക് കഴിയാത്തതെന്തുകൊണ്ടാണെന്ന് ഉത്തരവാദപ്പെട്ടവര്‍ വിലയിരുത്തണം. കേരളത്തിലെ സ്‌കൂളുകളെ മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങളാക്കി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇത് സാധ്യമാകണമെങ്കില്‍ പരീക്ഷാ വേദികളില്‍ നടത്തുന്ന കള്ളക്കളികള്‍ നിര്‍ത്തലാക്കേണ്ടതുണ്ട്.

Latest