ജോലി വാഗ്ദാന തട്ടിപ്പ്: ഒമാനില്‍ കുടുങ്ങിയ സ്ത്രീക്ക് അഞ്ചു മാസത്തിനു ശേഷം മോചനം

Posted on: May 16, 2019 2:15 pm | Last updated: May 16, 2019 at 2:15 pm

ഹൈദരാബാദ്: ജോലി വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെട്ട് ഒമാനില്‍ കുടുങ്ങിയ ഹൈദരാബാദുകാരിക്ക് അഞ്ചു മാസത്തിനു ശേഷം മോചനം. കുല്‍സും ബാനു എന്ന സ്ത്രീക്കാണ് കേന്ദ്ര വിദേശകാര്യ വകുപ്പു മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടല്‍ രക്ഷയായത്.
അബ്‌റാര്‍ എന്ന ഏജന്റാണ് ഒമാനിലെ മസ്‌കത്തില്‍ ബ്യൂട്ടീഷ്യന്‍ ജോലി വാഗ്ദാനം ചെയ്ത് ബാനുവിനെ കൊണ്ടുപോയത്. മാസം 30,000 രൂപ ശമ്പളം ലഭിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ 2018 ഡിസംബര്‍ 17ന് മസ്‌കത്തിലേക്ക് പോയി. എന്നാല്‍, ബ്യൂട്ടീഷ്യന്‍ ജോലിക്കല്ല വീട്ടുവേലക്കാണ് തന്നെ കൊണ്ടുവന്നതെന്ന് അവിടെയെത്തിയപ്പോഴാണ് ബാനുവിന് മനസ്സിലായത്. ഒരു മാസത്തോളം ഒരു വീട്ടില്‍ ജോലി ചെയ്ത ബാനു പിന്നീട് അവിടെ ജോലിയെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് തന്നെ ഒരു പ്രാദേശിക ഏജന്റിനു കൈമാറിയെന്നും സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയ അയാള്‍ പത്തു ദിവസത്തോളം ഭക്ഷണം പോലും നല്‍കാതെ ഒരു മുറിക്കകത്തു പൂട്ടിയിട്ടതായും തന്നെ നിരവധി തവണ മര്‍ദിച്ചതായും ബാനു പറയുന്നു. പിന്നീട് ഇന്ത്യന്‍ എംബസിയെ സമീപിച്ച തനിക്ക് നാലു മാസത്തോളം അവിടെ കഴിയേണ്ടിവന്നു. ഇതിനിടയില്‍ തന്റെ മകളെ വിളിച്ച് താന്‍ അനുഭവിക്കുന്ന ദുരിതങ്ങളും പ്രയാസങ്ങളും അറിയിക്കുകയായിരുന്നു.

മകളാണ് ഒരു കത്തു മുഖേന വിഷയം വിദേശകാര്യ വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. മന്ത്രിയുടെ ഇടപെടലില്‍ തന്റെ മേല്‍ പിഴയായി ചുമത്തപ്പെട്ടിരുന്ന 5000 റിയാല്‍ ഇന്ത്യന്‍ എംബസി അടയ്ക്കുകയും ഇന്ത്യയില്‍ തിരിച്ചെത്തിക്കുകയും ചെയ്തു. മെയ് എട്ടിന് ഹൈദരാബാദില്‍ മടങ്ങിയെത്താനായി. രക്ഷപ്പെടാന്‍ സഹായിച്ചതിന് സുഷമ സ്വരാജിനും ഇന്ത്യന്‍ എംബസിക്കും കുല്‍സും ബാനു നന്ദി അറിയിച്ചു.