പഠനകാലം തുടങ്ങും മുമ്പേ പാഠപുസ്തകങ്ങൾ തയ്യാർ

Posted on: May 15, 2019 8:41 am | Last updated: May 15, 2019 at 11:45 am


കൊച്ചി: സംസ്ഥാനത്ത് സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, പുസ്തകങ്ങളുടെ അച്ചടിയും വിതരണവും ഏറെക്കുറെ പൂർത്തിയായി. കാക്കനാട് ആസ്ഥാനമായുള്ള കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെ ബി പി എസ്) ഇതിനോടകം അച്ചടിച്ചത് മൂന്ന് കോടി പാഠപുസ്തകങ്ങളാണ്. അച്ചടിയും ബൈൻഡിംഗും പൂർത്തീകരിച്ച 75 ശതമാനം പാഠപുസ്തകങ്ങളുടെ വിതരണവും പൂർത്തിയായി. നാലരമാസത്തെ കഠിന യത്‌നത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12,000 സ്‌കൂളുകളിലേക്കുള്ള 3.25 കോടി പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവുമാണ് ഈ അധ്യയന വർഷം കെ ബി പി എസിനെ വിദ്യാഭ്യാസ വകുപ്പ് ഏൽപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ള പുസ്തകങ്ങളുടെ അച്ചടിയും വിതരണവും ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായ കടുത്ത പ്രതിസന്ധികൾക്കിടയിലാണ് കെ ബി പി എസ് അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചത്.

അച്ചടിക്കാവശ്യമായ പണം സർക്കാർ നൽകാൻ വൈകിയതും കെ ബി പി എസിനുള്ളിൽ കടലാസ് മാലിന്യം നിറഞ്ഞതും തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമെല്ലാം അച്ചടി ജോലിയിൽ വെല്ലുവിളിയായിരുന്നു. ഇതിനിടയിൽ അച്ചടിക്കാനാവശ്യമായ ന്യൂസ് പ്രിന്റ് നൽകാൻ കരാറെടുത്ത കമ്പനികൾ ഒത്തുകളിച്ചതു മൂലം പേപ്പർ കിട്ടാനും വൈകി. അടുത്ത വർഷവും ഇതേരീതിയിൽ പാഠപുസ്തക അച്ചടി കെ ബി പി എസിനെ ഏൽപ്പിക്കാൻ സർക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയർമാനും എം ഡിയുമായ കെ കാർത്തിക് വ്യക്തമാക്കി.

സംസ്ഥാനത്തെ 14 ജില്ലകളിലും പാഠപുസ്തകങ്ങൾ ശേഖരിച്ച് വിതരണം നടത്താനുള്ള ഹബ്ബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് അഞ്ച് സ്‌കൂളുകൾ ഉൾപ്പെടുന്ന സൊസൈറ്റികളിലേക്ക് വിതരണം നടത്തുന്നത്. 3,311 സ്‌കൂൾ സൈാസൈറ്റികളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. അൺഎയ്ഡഡ് സ്‌കൂളുകളിലേക്കാവശ്യമായ പാഠപുസ്‌തകങ്ങൾ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് സ്‌കൂളുകൾക്ക് ലഭിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.