ഭാര്യയുടെ സ്ഥാനാർഥിത്വം: ലീഗ് ഓഫീസ് സെക്രട്ടറിയെ നീക്കി

Posted on: May 15, 2019 9:43 am | Last updated: May 15, 2019 at 9:43 am
നുസ്റത്ത് ജഹാൻ

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭാര്യ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചതിന് മുസ്‌ലിം ലീഗ് ഓഫീസ് സെക്രട്ടറിയെ നേതൃത്വം നീക്കി. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയും കോഴിക്കോട് നോർത്ത് മണ്ഡലം കമ്മിറ്റി ജന. സെക്രട്ടറിയുമായ എം കെ ഹംസയെയാണ് സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ് നീക്കിയത്.

ഭാര്യ നുസ്‌റത്ത് ജഹാൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിച്ചിരുന്നു. ഇത് ലീഗിനും യു ഡി എഫിനും കടുത്ത തലവേദന സൃഷ്ടിച്ചു. സ്ഥാനാർഥിത്വം പിൻവലിക്കാൻ ഹംസക്ക് മേൽ കടുത്ത സമ്മർദമുണ്ടായി. സ്ഥാനാർഥി എം കെ രാഘവൻ തന്നെ നേരിട്ട് ബന്ധപ്പെട്ടു. എന്നാൽ മത്സരിക്കുമെന്ന നിലപാടിൽ നുസ്‌റത്ത് ജഹാൻ ഉറച്ചു നിന്നതിനെ തുടർന്നാണ് പാർട്ടി നേതൃത്വം നടപടിയുമായി രംഗത്ത് വരുന്നത്. ഇതേ തുടർന്നാണ് 28 വർഷമായി കോഴിക്കോട് ലീഗ് ഹൗസിൽ ജോലി ചെയ്തിരുന്ന ഹംസയോട് മാറി നിൽക്കാൻ സംസ്ഥാന നേതൃത്വം നിർദേശിച്ചത്.

അദ്ദേഹം ദിവസങ്ങളായി ഓഫീസിൽ പോകുന്നില്ലെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സേവ് കരിപ്പൂർ മൂവ്‌മെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ഒമ്പത് എയർലൈൻസുകളിൽ ജോലി നോക്കുകയും ചെയ്തിരുന്ന നുസ്‌റത്ത് ജഹാൻ കിംഗ് ഫിഷർ എയർലൈൻസിൽ നിന്നാണ് വിരമിച്ചത്.
പ്രവാസി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിരാഹാരമനുഷ്ഠിച്ച് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അവർ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ കോഴിക്കോട്ട് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
പ്രചാരണത്തിന് കേന്ദ്രമന്ത്രിയുൾപ്പെടെയുള്ളവർ കോഴിക്കോട്ടെത്തുകയും ചെയ്തു. വലിയ പ്രചാരണ പരിപാടികളാണ് സ്വതന്ത്രസ്ഥാനാർഥിയായിട്ട് പോലും അവർ നടത്തിയിരുന്നത്. ഇത് ലീഗ് നേതൃത്വത്തിന് നീരസമുണ്ടാക്കി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സന്തത സഹചാരിയായിരുന്ന എം കെ ഹംസ ഉന്നതങ്ങളിൽ എത്തേണ്ടതായിരുന്നുവെങ്കിലും പാർട്ടിയിലെ ഉൾവലികളിൽ എവിടെയും എത്താതെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് ഒതുക്കപ്പെടുകയായിരുന്നുവത്രെ. പി കെ കെ ബാവ പൊതുമരമാമത്ത് മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ പേഴ്‌സനൽ സ്റ്റാഫിൽ നിയമിതനായ ഹംസ 1991 നവംബറിലാണ് ലീഗ് ഹൗസിന്റെ ഓഫീസ് സെക്രട്ടറിയായി ചാർജെടുക്കുന്നത്.

പ്രീഡിഗ്രി പഠന കാലത്ത് എം എസ് എഫ് വയനാട് ജില്ലാ പ്രസിഡന്റായാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് ലീഗിൽ സജീവ സാന്നിധ്യമായ അദ്ദേഹം ശിഹാബ് തങ്ങളുടെ കൂടെ നിരവധി വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്. ചികിത്സക്കായുള്ള അമേരിക്കൻ യാത്രയിലും തങ്ങളോടൊപ്പമുണ്ടായിരുന്നു.
അതേസമയം ഹംസ ലീവിലാണെന്ന് ലീഗ് വൃത്തങ്ങൾ പ്രതികരിച്ചു. പ്രതികരണത്തിനായി ഹംസയെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.

ശഫീഖ് കാന്തപുരം