Connect with us

Ongoing News

മഅ്ദിൻ ആത്മീയ സംഗമം 31ന്; ജനലക്ഷങ്ങളെത്തും

Published

|

Last Updated

തിരുവനന്തപുരം: ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങൾ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമസാൻ പ്രാർത്ഥനാസംഗമം ഈ മാസം 31 ന് മലപ്പുറം സ്വലാത്ത് നഗറിൽ നടക്കും.  വിശ്വാസികൾ ഏറ്റവും പുണ്യം കൽപ്പിക്കുന്ന റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച കൂടിയായതിനാൽ ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭീകരതക്കും ലഹരി വിപത്തിനുമെതിരെ ജനലക്ഷങ്ങൾ ഒന്നിച്ച് പ്രതിജ്ഞയെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിഘടന-വിധ്വംസക പ്രവർത്തനങ്ങളുടെ വിപത്തിനെപ്പറ്റിയുള്ള ബോധവത്കരണവും ചടങ്ങിൽ നടക്കും.

മഅ്ദിൻ കാമ്പസിൽ എല്ലാ മാസവും സംഘടിപ്പിച്ച് വരുന്ന സ്വലാത്ത് പ്രാർത്ഥനാ സംഗമത്തിന്റെ വാർഷിക വേദി കൂടിയാണ് പ്രാർത്ഥനാ സമ്മേളനം. റമസാൻ ഒന്ന് മുതൽ തന്നെ വിവിധ ആത്മീയ-വൈജ്ഞാനിക സംഗമങ്ങളുമായി മഅ്ദിൻ റമസാൻ ക്യാമ്പയിൻ ആരംഭിച്ചിരുന്നു.
ആത്മീയ വേദികൾ, വൈജ്ഞാനിക സദസ്സുകൾ, റിലീഫ്, പഠന ക്യാമ്പുകൾ, ഇഫ്താർ സംഗമങ്ങൾ, ഓൺലൈൻ സെഷനുകൾ, അനുസ്്മരണ വേദികൾ എന്നിവ നടന്നുവരുന്നു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിക്കും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർത്ഥനയും നിർവഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി എന്നിവർ പ്രഭാഷണം നടത്തും.

പ്രാർത്ഥനാ സമ്മേളനത്തിനെത്തുന്നവർക്ക് സ്വലാത്ത് നഗറിൽ സമൂഹ ഇഫ്താർ ഒരുക്കും. രാത്രി ഒമ്പത് മണിയോടെ മുഖ്യവേദിയിൽ പ്രാർത്ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകൾ ആരംഭിക്കും. പ്രവാചകരുടെ പ്രകീർത്തനമായ സ്വലാത്ത്, പാപമോചന പ്രാർത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടെയും അനുസ്മരണം, കണ്ണീരണിഞ്ഞ സമാപന പ്രാർത്ഥന എന്നിവയാണ് ഈ വിശുദ്ധസംഗമത്തിലെ മുഖ്യ ഇനങ്ങൾ.

സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാർത്ഥം സമ്മേളന നഗരിയിലും പരിസരത്തും വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും ഒരുക്കുന്നുണ്ട്. സ്വലാത്ത് നഗർ മുഖ്യഗ്രൗണ്ടിലെ പ്രധാന പന്തലിന്റെ നിർമാണം പുരോഗമിക്കുകയാണ്.

പോലീസ്, ഫയർഫോഴ്‌സ്, മെഡിക്കൽ വിംഗുകൾ ഉൾപ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെൽപ്പ് ലൈൻ കൗണ്ടറുകൾ സജ്ജീകരിക്കുന്നുണ്ട്.
സ്വലാത്ത് നഗറിലെ പ്രധാന നഗരിക്ക് പുറമെ വിവിധ ഗ്രൗണ്ടുകളിൽ വിപുലമായ ശബ്ദ-വെളിച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവിടങ്ങളിലെല്ലാം നോമ്പ്തുറ, അത്താഴ സൗകര്യങ്ങളും സജ്ജീകരിക്കും. മഅ്ദിൻ വെബ് സൈറ്റ് വഴി വെബ്കാസ്റ്റിനുള്ള സംവിധാനങ്ങളും ഒരുക്കും. പ്രവാസികൾക്കായി പ്രത്യേക ഗൾഫ് കൗണ്ടറും വിദൂരങ്ങളിൽ നിന്നെത്തുന്നവർക്ക് അത്താഴ സൗകര്യവും പ്രത്യേകം ഒരുക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീൻ ഹാജി, വർക്കിംഗ് കൺവീനർ സൈനുദ്ദീൻ നിസാമി കുന്ദമംഗലം, കോ -ഓർഡിനേറ്റർ ഖാലിദ് സഖാഫി സ്വലാത്ത് നഗർ പങ്കെടുത്തു.

---- facebook comment plugin here -----

Latest