Connect with us

Education

സ്വാശ്രയ മെഡിക്കൽ പ്രവേശം; കേരളത്തിലെ കുട്ടികൾക്ക് അവസരമുറപ്പാക്കാൻ നടപടി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനത്തിന് ഇതര സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് സുപ്രീം കോടതി അനുമതി നൽകിയ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാർഥികൾക്ക് അവസരം നഷ്്ടപ്പെടാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുമായി ചർച്ചക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കോടതിവിധിക്കനുസരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണറുടെ സൈറ്റ് പരിഷ്‌കരിക്കാനും ആരോഗ്യ മന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. സുപ്രീം കോടതി വിധിക്ക് പിന്നാലെ സർക്കാർ ഇതുസംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്.

സ്വാശ്രയ കോളജുകളിലെ മുഴുവൻ മാനേജ്‌മെന്റ്‌സീറ്റും കേരളത്തിലെ വിദ്യാർഥികൾക്ക് നൽകണമെന്ന നിലവിലുണ്ടായിരുന്ന വ്യവസ്ഥക്കെതിരെ മാനേജ്‌മെന്റ്നൽകിയ ഹരജിയിലാണ് ഇതര സംസ്ഥാന വിദ്യാർഥികൾക്ക് പ്രവേശനത്തിന് അനുമതി നൽകിക്കൊണ്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിയുണ്ടായത്. മെഡിക്കൽ പ്രവേശനത്തിന് ദേശീയ തലത്തിൽ നീറ്റ് നിർബന്ധമാക്കിയതോടെ സ്വാശ്രയ കോളജുകളുടെമേൽ സർക്കാറിന് നിയന്ത്രണാധികാരം കൈവന്നിരുന്നുവെങ്കിലും ഇത് മറികടക്കാൻ മാനേജ്‌മെന്റുകൾക്ക് അവസരം നൽകുന്നതാണ് പുതിയ വിധി. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കുട്ടികൾക്ക് മതിയായ അവസരം ഉറപ്പാക്കാനുള്ള നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്.

ഇതര സംസ്ഥാന വിദ്യാർഥികൾക്ക് പ്രത്യേക ക്വാട്ട വേണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം നേരത്തെ സർക്കാർ തള്ളിയതാണ്. ഈ സാഹചര്യത്തിൽ പ്രത്യേക ക്വാട്ട ആവശ്യപ്പെട്ട് മാനേജ്‌മെന്റുകൾ വീണ്ടും കോടതിയെ സമീപിച്ചേക്കും. അതേസമയം, നിലവിലെ കോടതിവിധിയോടെ ഇതര സംസ്ഥാന വിദ്യാർഥികളുടെ ഫീസ് നിർണയത്തിൽ കൂടുതൽ അധികാരം ലഭിച്ചേക്കുമെന്നാണ് മാനേജ്‌മെന്റുകൾ കരുതുന്നത്. എന്നാൽ ഫീസ് നിർണയമടക്കമുള്ള നടപടികൾ കൂടുതൽ സങ്കീർണമാകുമെന്നാണ് കരുതപ്പെടുന്നത്.

ഇതര സംസ്ഥാന വിദ്യാർഥി പ്രവേശം: പ്രവേശന പരീക്ഷാ കമ്മീഷണറുടെ സൈറ്റ് പരിഷ്‌കരിച്ചു

തിരുവനന്തപുരം: സുപ്രീം കോടതി വിധി പ്രകാരം കേരളത്തിന് പുറത്തുള്ള വിദ്യാർഥികൾക്കും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം ബി ബി എസ് കോഴ്‌സിന് അപേക്ഷ സമർപ്പിക്കാവുന്ന രീതിയിൽ പ്രവേശന പരീക്ഷ കമ്മീഷണറുടെ സൈറ്റ് പരിഷ്‌കരിച്ചു. കൂടാതെ, സംസ്ഥാനത്തെ പ്രൊഫഷനൽ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികളിൽ നിന്നും ആർക്കിടെക്ചർ(ബി ആർക്ക്), മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്‌സുകൾ (എം ബി ബി എസ്, ബി ഡി എസ് ഉൾപ്പെടെ) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.
കെ ഇ എ എം 2019 മുഖേന എൻജിനിയറിംഗ്, ആർക്കിടെചർ, ഫാർമസി, മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്‌സുകൾ എന്നിവയിലേതെങ്കിലും കോഴ്‌സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്‌സുകൾ എന്നിവ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും വിട്ടുപോയ രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ നേരത്തെ സമർപ്പിച്ച അപേക്ഷയിൽ ഫാർമസി(ബി ഫാം) കോഴ്‌സ് തിരഞ്ഞെടുക്കാൻ വിട്ടുപോയവരും എന്നാൽ 2019 ലെ എൻജിനീയറിംഗ് പ്രവേശനപ്പരീക്ഷയുടെ പേപ്പർ -ഒന്ന് എഴുതിയ വിദ്യാർഥികൾക്ക് ആവശ്യമുള്ള പക്ഷം ഫാർമസി കോഴ്‌സ് പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്.
പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിനും ഈ മാസം 13 മുതൽ 20 വൈകിട്ട് അഞ്ച് മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ സൗകര്യമുണ്ടായിരിക്കും. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Latest