ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനാകണമെന്ന് പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നിട്ടില്ല: പി ജെ ജോസഫ്

Posted on: May 12, 2019 6:55 pm | Last updated: May 13, 2019 at 9:52 am

തൊടുപുഴ: ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനാകണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ്. സി എഫ് തോമസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കണമെന്നും നിര്‍ദേശമില്ലെന്നും പിജെ ജോസഫ് പറഞ്ഞു. ജില്ലാ പ്രസിഡന്റുമാരല്ല, പാര്‍ട്ടി നേതൃത്വമാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. ‘പ്രതിച്ഛായ’യിലെ ലേഖനത്തില്‍ വന്ന കാര്യങ്ങള്‍ തെറ്റാണ്. കെ എം മാണിക്കൊപ്പം താനും രാജിവെക്കണമെന്ന തീരുമാനം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ലെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍ രംഗത്ത് വന്നതോടുകൂടിയാണ് കേരള കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്.

ഇതിന് പിന്നാലെയാണ് പി ജെ ജോസഫിന്റെ പ്രതികരണം.ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തില്‍ സി എഫ് തോമസ് അതൃപ്തി അറിയിച്ചിരുന്നു. സി എഫ് തോമസിനോടു നിലപാട് വ്യക്തമാക്കിയതിനുശേഷം നേതാക്കള്‍ ജോസ് കെ മാണിയെ പാലായിലെ വീട്ടിലെത്തി കണ്ടു. ചെയര്‍മാന്‍ ആരാകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി നേതൃത്വമെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി നേതൃസ്ഥാനവും തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് മാണി വിഭാഗത്തിന്റെ ആവശ്യം. അതേ സമയം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ പിജെ ജോസഫിന് ചെയര്‍മാന്‍ സ്ഥാനമോ പാര്‍ലമെന്ററി നേതൃ സ്ഥാനമോ നല്‍കണമെന്നാണ് മറു വിഭാഗത്തിന്റെ ആവശ്യം.