ഹാജ്യാരുടെ 17 രൂപയും മരണക്കിടക്കയിലെ വിളക്ക് കെടുത്തലും

ആഹാരത്തോട് സമരം പ്രഖ്യാപിച്ച് കുടലും ഖൽബും ശ്രദ്ധിക്കാനാണ് റമസാനോട് കൂടെ നാം ഒരുങ്ങുന്നത്. തിന്നുന്നതിൽ, തീറ്റിക്കുന്നതിൽ, സംഭാവന കൊടുക്കുന്നതിൽ എത്രമാത്രം കരടുകൾ കുടുങ്ങിപ്പോവുന്നുണ്ട് എന്ന് നാം നോക്കാറുണ്ടോ? അത്താഴത്തിലും നോമ്പു തുറയിലും ആരാന്റെ അംശങ്ങൾ പറ്റുക വഴി സകലം കുളം തോണ്ടുന്നുണ്ടോ എന്നതാവേണ്ടേ നമ്മുടെ ഉഗ്ര ചിന്ത?
വഴിവിളക്ക്
Posted on: May 12, 2019 6:23 pm | Last updated: May 12, 2019 at 6:23 pm

സുഹൃത്ത് അനസ് ഉണ്ട് ഒരു ദിവസം രാവിലെ ഒരാളെയും കൂട്ടി വീട്ടിൽ വരുന്നു. വിളിച്ചു പറയുകയോ സമ്മതം എടുക്കുകയോ ഇല്ലാതെയുള്ള ആ അദബുകെട്ട വരവിൽ എനിക്കിച്ചിരി ഇഷ്ടക്കേട് കൂടുതലാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. വെള്ളിയാഴ്ച ആയതിനാൽ ഞാൻ രാവിലെ മാർക്കറ്റിൽ പോയിരുന്നു. അൽപ്പം ആട്ടിറച്ചി വാങ്ങിയിരുന്നു. അതിൽ മനോഹരമായ ഒരു സാധനം പെട്ടിരുന്നു. അല്ല, എന്റെ വെറികേറിയുള്ള നോട്ടം കണ്ടിട്ട് അറവുകാരൻ ഉച്ചൂക്ക എനിക്ക് അരിഞ്ഞിട്ട് തന്നതായിരുന്നു അത്. നല്ല വെള്ളപ്പത്തൽ തേങ്ങാപ്പാലിൽ മുക്കി വീർപ്പിച്ചതും അതും മേശപ്പുറത്ത് വെച്ചിട്ടുണ്ട്. ഞാൻ കുളിച്ച് തോർത്തി വരികയാണ്. ഭക്ഷണം തണുക്കുന്നതിൽ ദേഷ്യപ്പെട്ട് അവൾ കൂടെക്കൂടെ വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഞാനാണെങ്കിൽ കുളിച്ച ശേഷമേ ഉണ്ണൂ. അല്ലെങ്കിൽ ഉണ്ട ശേഷം കുളിക്കുകയേ ഇല്ല എന്ന നിഷ്ഠക്കാരനാണ്. അങ്ങനെയാണ് വേണ്ടതും.

അനസിന്റെയും ആഗതന്റെയും മുഖം പറയുന്നു, ആഹാരം കഴിച്ചിട്ടില്ല എന്ന്. എന്നല്ല പത്തലിനെന്താ കറി എന്ന് അനസ് ചോദിക്കുകയും ചെയ്തു.
ഒടുക്കം നമ്മൾ മൂന്ന് പേരും കൂടി നുള്ളിപ്പറിച്ച് പത്തൽസഹിതം കത്തലടക്കി. കൂടെ വന്നത് ഹസ്സനാണ്. മുമ്പ് രാജനായിരുന്നു. ദീനിൽ കൂടിയതാണ്. വന്ന കാര്യം കുറേ കവിതകൾ എഴുതിവെച്ചിട്ടുണ്ട്. അതൊന്ന് വായിച്ച് നോക്കി “രിസാല’യിലോ “പൂങ്കാവന’ത്തിലോ അയച്ചു കൊടുക്കണം. എനിക്കാണെങ്കിൽ കവിത നോക്കി അഭിപ്രായം പറയാനുള്ള കഴിവുണ്ടോ? പക്ഷെ നിങ്ങളിൽ പലരെയും പോലെ അറിയാത്ത/ ആവാത്ത കാര്യങ്ങളും അറിയുമ്പോലെയാക്കി ഏറ്റെടുക്കാനുള്ള ചുണയുള്ളതിനാൽ വലിയ മഹാകവിഭാവത്തിൽ കവിതക്കെട്ട് വാങ്ങി അവിടെ വെച്ചു. തന്ത്രത്തിൽ അനസിനെ ഹസ്സനിൽ നിന്ന് അടർത്തി മാറ്റി ദീനിൽ കൂടാനുണ്ടായ കാരണം പഠിച്ചറിഞ്ഞു.

കോഹിനൂർ മൊയ്തു ഹാജിയുടെ വിശ്വസ്ത സേവകനായിരുന്നു രാജൻ. പറമ്പ് കിളക്കലും റബ്ബറിന് പണിയെടുപ്പിക്കലും കരന്റ് ബില്ലടക്കലും മറ്റുമെല്ലാം രാജൻ തന്നെ. മൂന്ന് കൊല്ലം മുമ്പ് പാതിരാക്കുണ്ട് ഹാജ്യാർ ഫോണിൽ വിളിക്കുന്നു. വേഗം വരാൻ. രാജന്റെ സ്‌കൂട്ടർ ബ്രേക്ക് പൊട്ടി കിടപ്പിലാണെന്ന് പറഞ്ഞപ്പോൾ ബൊലീറോ വിട്ട് കൊടുത്തു.

ഞാൻ നിനക്കെന്തെങ്കിലും തരാനുണ്ടോ? രാജൻ കൈമലർത്തി. ഒന്നുമില്ല.
ഹാജ്യാർ ഡയറി മറിച്ചു. 2011 ഫെബ്രുവരി മാസം 13ന് മസാലപ്പീടികയിൽ സാധനം വാങ്ങാൻ പോയിരുന്നു രാജൻ. നോക്കുമ്പോൾ 17 രൂപയുടെ കുറവ്. അത് രാജൻ സ്വന്തം പോക്കറ്റിൽ നിന്നെടുത്ത് കൊടുത്തിരുന്നു. ബില്ല് ഹാജ്യാർക്ക് കൊടുത്തു. അന്നേരം അത് നോട്ട് ചെയ്‌തെങ്കിലും പിന്നീട് വിട്ട് പോയി. നാളെയാണ് ഉംറക്ക് പുറപ്പെടുന്നത്. വെറുതെ ഡയറി മറിച്ചപ്പോഴാണ് 17 കണ്ണിൽ പെട്ടത്.
ഈ സംഭവം രാജന്റെ മനസ്സിൽ ഒരു കൊളുത്തിട്ടു. രാജൻ പഠനവും അന്വേഷണവും തുടങ്ങി. പുസ്തകങ്ങൾ വായിച്ചു. പ്രഭാഷണങ്ങൾ കേട്ടു. കടം വാങ്ങിയ പണം തരാതെയും പണിയെടുത്ത കൂലി മുക്കിയുമൊക്കെ നാളിതുവരെ എത്രയോ പേർ പറ്റിച്ച അനുഭവങ്ങൾ രാജനുണ്ട്. ഹാജിക്കാന്റെത് പക്ഷെ, വേറിട്ട ഒരു ജീവിത രീതിയാണ്. അമ്മക്ക് തൊണ്ട പഴുത്ത് മണിപ്പാലിൽ അഡ്മിറ്റായപ്പോൾ നല്ലൊരു സംഖ്യ തന്ന് സഹായിച്ചിരുന്നു. രേണുകയുടെ കല്യാണത്തിനും കാര്യമായ സഹായം കിട്ടിയിരുന്നു. നോമ്പുകാലത്ത് കണ്ടമാനം ദാനം ചെയ്യുന്ന ആളുമാണ്. പക്ഷെ, അങ്ങനെയുള്ളൊരാൾ പതിനേഴ് രൂപയുടെ കണക്ക് വെച്ച് എന്നെ പിടികൂടിയതും തത്ക്ഷണം അത് വീട്ടിയതും എന്ത് വികാരത്തിന്റെ പേരിലാണെന്ന് രാജന് അറിയണമായിരുന്നു.

പഠിച്ചു നോക്കുമ്പോഴല്ലേ രാജൻ കഥയറിയുന്നു. ജീലാനി ദിനത്തോടനുബന്ധിച്ച് നാട്ടിൽ നടന്ന പരിപാടിക്ക് എളമരം റഹ്മത്തുല്ല സഖാഫി ആയിരുന്നത്രെ പ്രസംഗിച്ചത്. പുഴയിലൂടെ ഒഴുകിപ്പോകുന്ന പഴത്തെ ആര് വിലക്കെടുക്കാനാണ്. മലവെള്ളത്തിൽ ഒഴുകിയെത്തിയ എത്രയെത്ര തേങ്ങകളും മരത്തടികളും നമ്മൾ ചെറുപ്പത്തിൽ തടഞ്ഞുപിടിച്ച് വീട്ടിലെത്തിച്ചതാ. പക്ഷെ വിശന്നിരിക്കെ ഒരു യുവാവ് പുഴയിലൂടെ ഒഴികിപ്പോകുന്ന ഒരു പഴം എടുത്ത് തിന്നുന്നു. തിന്ന ഉടനെ പശ്ചാത്താപവിവശനാവുന്നു. അത് ആരുടെത് എന്ന് കണ്ടെത്തണമെന്ന തീർച്ച ഉള്ളിൽ ഉമിത്തീയായ് വേവുന്നു. അവസാനം, ആളെ കണ്ടെത്തിയെന്നും, അദ്ദേഹം നിങ്ങളങ്ങനെ എന്റെ പഴം സമ്മതമില്ലാതെ കഴിച്ചുവെങ്കിൽ ഞാൻ പൊരുത്തപ്പെടില്ല, എന്റെ അംഗവൈകല്യമുള്ള മകളെ കല്യാണം കഴിച്ചാലല്ലാതെ എന്ന് പറഞ്ഞെന്നും, പക്ഷെ, സുന്ദര സ്വരൂപിണിയായ മകളെയാണ് ഭാര്യയായി കിട്ടിയതെന്നും അതിൽ പിറന്ന കുഞ്ഞാണ് ശൈഖ് മുഹ്‌യിദ്ദീൻ എന്നുമുള്ള ചരിത്രം വിവരിച്ച് കേട്ടു. രാജന്റെ മനസ്സിലെ കനൽ തീയായിപാളി.

ചരിത്രം തേടി പിറകോട്ട് പോയപ്പോഴല്ലേ കഥയറിയുന്നു. ഒന്നാം ഖലീഫ ഹസ്‌റത്ത് അബൂബക്കർ സിദ്ദീഖ്(റ) സാധാരണ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് കൃത്യമായി അന്വേഷിക്കുന്ന ആളാണ്. ഒരിക്കൽ വീട്ടിലെത്തിയപ്പോൾ വേലക്കാരൻ പാലുവെച്ചു നീട്ടി. കുടിച്ചു. അപ്പോൾ ഒരു ഉൾകയ്പ്പ്. ഇതെവിടുന്ന് കിട്ടി. അത് എനിക്ക് മുമ്പ് ച്ചിരി ജോത്സ്യപ്പണി ഉണ്ടായിരുന്നു. അതീന്നുള്ള കാശ് കൊണ്ട് വാങ്ങിച്ചതാ. മഹാൻ ഉടൻ വായിൽ വിരലിട്ടിളക്കി ചർദിച്ചു. കലങ്ങിയ പാലപ്പടി പുറത്ത്. അല്ലാഹുവേ, ആമാശയത്തിലും ഞരമ്പുകളിലും പറ്റിപ്പോയ ശകലം അതെനിക്ക് നീ വിട്ടു പൊറുക്കണേ… കരൾ ചുട്ട് പ്രാർഥിച്ചു മഹാൻ.

രാജന്റെ വായനയിൽ ഇഹ്‌യയുടെ പരിഭാഷയെത്തി. ഒരു പ്രസംഗകനെ പറ്റിയാണ് ചർച്ച. അയാൾ അരുതാത്തത് തിന്നിട്ടാണ് പ്രസംഗം തട്ടുന്നതെങ്കിൽ കേൾക്കുക പോയിട്ട് സദസ്സിലിരിക്കാൻ തന്നെ പാടില്ല. കാരണം അയാൾ സ്വന്തം ശരീരമാകുന്ന വിഗ്രഹത്തിന്റെ ഇച്ചകൾക്കൊപ്പിച്ചാണ് പുലമ്പുക. മരിക്കാൻ കിടക്കുന്ന ആൾ കൂടിനിൽക്കുന്നവരോട് പറയുന്നു- “വിളക്ക് കെടുത്തൂ’. എന്താ കാരണമെന്നല്ലേ എന്റെതിതാ കഴിഞ്ഞു. ആ കത്തിക്കൊണ്ടിരിക്കുന്ന എണ്ണ എന്റെ ശേഷക്കാരുടെ അവകാശമായിക്കൊണ്ടിരിക്കുന്നു, ഞാനെന്തിനത് അപഹരിക്കണം.
വായനക്കാരേ, ഒന്ന് പറഞ്ഞോട്ടേ, ഹാജ്യാർ പതിനേഴ് രൂപക്ക് കാണിച്ച സൂക്ഷ്മതയും ശേഷം ചരിത്രത്തിൽ നിന്ന് വായിച്ചും പഠിച്ചും അറിഞ്ഞ വസ്തുതകളും വെച്ചാണ് രാജൻ ഹസ്സനായി വന്നത്. അയാൾ എഴുതിയ കവിതകൾ എന്തിനെ പറ്റിയോ ആകട്ടെ. അയാൾ നമ്മിലേക്കെല്ലാം സൂക്ഷ്മമായി നോക്കുന്നുണ്ട് എന്നോർമ വേണം. നീ നിന്നോട് ചോദിച്ച് നോക്ക്. നിന്റെ സാമ്പത്തിക ഇടപാടുകൾ എത്രമാത്രം ശുദ്ധമാണെന്ന്!

തിന്നുന്നതിൽ, തീറ്റിക്കുന്നതിൽ, സംഭാവന കൊടുക്കുന്നതിൽ എത്രമാത്രം കരടുകൾ കുടുങ്ങിപ്പോവുന്നുണ്ട് എന്ന് നാം നോക്കാറുണ്ടോ? ആഹാരത്തോട് സമരം പ്രഖ്യാപിച്ച് കുടലും ഖൽബും ശ്രദ്ധിക്കാനാണ് റമസാനോട് കൂടെ നാം ഒരുങ്ങുന്നത്. പക്ഷെ, അത്താഴത്തിലും നോമ്പു തുറയിലും ആരാന്റെ അംശങ്ങൾ പറ്റുക വഴി സകലം കുളം തോണ്ടുന്നുണ്ടോ എന്നതാവേണ്ടേ നമ്മുടെ ഉഗ്ര ചിന്ത?

ഫൈസൽ അഹ്‌സനി ഉളിയിൽ