Connect with us

National

ഇന്ത്യന്‍ പ്രദേശം പിടിച്ചെടുത്തുവെന്ന് അവകാശവാദവുമായി ഐഎസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ഒരു പ്രദേശം തങ്ങള്‍ പിടിച്ചെടുത്തുവെന്ന അവാകശവാദവുമായി ഐഎസ് ഭീകരര്‍ രംഗത്ത്. കാശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ അംശിപോരയില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിന് ഒടുവില്‍ തങ്ങള്‍ അധിനിവേശം ഉറപ്പിച്ചതായി ഐഎസ് നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ അമഖ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി വൈകിയാണ് അമഖില്‍ ഇതുസംബന്ധിച്ച പ്രസ്താവന പ്രത്യക്ഷപ്പെട്ടത്. വിലായ ഓഫ് ഹിന്ദ് എന്നാണ് പ്രദേശത്തെ ഐഎസ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി പോലിസ് കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇഷാഫ് അഹമ്മദ് സോഫി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഐഎസ് അനുകൂലിയായിരുന്നുവെന്നതിന്റെ സൂചനകള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നു. പ്രദേശത്തെ നിരവധി ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. ആക്രമണത്തിനിടെ ഇന്ത്യന്‍ സൈന്യത്തിന് ഒരു പരുക്കും സംഭവിച്ചിട്ടില്ലെന്നാണ് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്.

ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാന്‍ ഏറെക്കാലമായി ഐഎസ് വിഫലശ്രമം നടത്തിവുരുന്നുണ്ട്. കാശ്മീര്‍ കേന്ദ്രീകരിച്ചാണ് ഐഎസ് ഇതിന് വേണ്ടി ശ്രമിക്കുന്നത്. കാശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമെന്ന പേരിലാണ് ഇതെല്ലാം നടത്തുന്നത്.

Latest