Connect with us

National

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്; അഭിമുഖീകരിക്കുന്നത് ഘടനാപരമായ തളര്‍ച്ച

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് പ്രധാന മന്ത്രിയുടെ സാമ്പത്തികോപദേശ സമിതി അംഗം റെതിന്‍ റോയ്. ബ്രസീലും ദക്ഷിണാഫ്രിക്കയും അഭിമുഖീകരിച്ച രീതിയിലുള്ള ഘടനാപരമായ പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് പൊതു സാമ്പത്തിക നയവുമായി ബന്ധപ്പെട്ട ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ കൂടിയായ റെതിന്‍ പറഞ്ഞു.

1991നു ശേഷം കയറ്റുമതിയെയല്ല, ഇന്ത്യന്‍ ജനസംഖ്യയിലെ പത്തു കോടിയോളം വരുന്നവരുടെ ഉപഭോഗ ശേഷിയെ ആശ്രയിച്ചാണ് സമ്പദ് ഘടന മുന്നോട്ടു പോയത്. ഇതിന്റെ പരമാവധിയിലെത്തി മുരടിച്ചു പോകുന്ന അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. മിഡില്‍ ഇന്‍കം ട്രാപ്പ് എന്ന് സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിക്കുന്ന പ്രതിഭാസമാണ് ഇത്. ഇങ്ങനെയൊരു പ്രതിസന്ധി സംജാതമാകുന്നതിന്റെ വക്കില്‍ നിന്ന് രക്ഷപ്പെടാന്‍ പല രാജ്യങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. എന്നാല്‍, എപ്പോഴെങ്കിലും ഇത്തരം പ്രതിസന്ധിയില്‍ അകപ്പെട്ടു പോയാല്‍ അതിനെ അതിജീവിക്കുക പ്രയാസകരമാകും. രാജ്യത്ത് ക്രിമിനല്‍ കുറ്റങ്ങള്‍ വര്‍ധിക്കുന്നതിനു വരെ ഇതിടയാക്കും.

വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്ന വിലയിരുത്തല്‍ ശരിയാണ്. എന്നാല്‍, ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയുടെ ഘടനയും രീതിയും പരിശോധിച്ചാല്‍ ഇതു നല്ല രീതിയിലുള്ള ഒരു വളര്‍ച്ചാ വേഗമല്ലെന്നു മനസ്സിലാകും. 6.1 മുതല്‍ 6.6 ശതമാനം വരെയുള്ള വളര്‍ച്ചാ നിരക്ക് മികച്ചതു തന്നെയാണ്. അതേസമയം, ഇതിനു സമാന്തരമായി ആഭ്യന്തര ഉപഭോഗത്തില്‍ തളര്‍ച്ചയുണ്ടാകുന്നുണ്ട്. ഇതാണ് ഭീഷണി സൃഷ്ടിക്കുന്നത്. വരുന്ന അഞ്ചോ ആറോ വര്‍ഷം വരെ ഇന്ത്യക്കു നല്ല വളര്‍ച്ചാ നിരക്കുണ്ടാകുമെങ്കിലും പിന്നീട് അത് നിലക്കുമെന്നും റഥിന്‍ റോയ് പറയുന്നു.

സമ്പദ് വ്യവസ്ഥയെ ബാധിക്കാന്‍ പോകുന്ന പ്രതിസന്ധി കടുത്തതായിരിക്കുമെന്നാണ് റഥിന്‍ വ്യക്തമാക്കുന്നത്.
1991 മുതല്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ആഗോള-ഉദാര സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഇടതുപക്ഷ കക്ഷികള്‍ ശക്തവും വ്യാപകവുമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. ഇത്തരം സാമ്പത്തിക നയം രാജ്യത്തെ സ്വയം പര്യാപ്തതയെ പ്രതികൂലമായി ബാധിക്കുമെന്നും തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള രൂക്ഷമായ പ്രതിസന്ധികളിലേക്കു തള്ളിവിടുമെന്നും ഇടതുപക്ഷം മുന്നറിയിപ്പു നല്‍കിയിരുന്നു.