Connect with us

Kerala

ദേശീയപാതാ വികസനം അട്ടിമറിച്ചത് ബി ജെ പി; ശ്രീധരൻ പിള്ളയുടെ കത്ത് പുറത്ത്

Published

|

Last Updated

സംസ്ഥാനത്തെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കൽ നടപടികൾ നിർത്തിവെച്ചുകൊണ്ടുള്ള കേന്ദ്ര ഇടപെടലിന് പിന്നിൽ ബി ജെ പി സംസ്ഥാന നേതൃത്വം. സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയപാതയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗാഡ്കരിക്ക് എഴുതിയ കത്ത് പുറത്തായി. കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിച്ചതിന് പിന്നിൽ ബി ജെ പി സംസ്ഥാന ഘടകത്തിന്റ പങ്ക് വ്യക്തമാക്കുന്ന കത്താണ് പുറത്തുവന്നത്.
ശ്രീധരൻ പിള്ള 2018 സെപ്തംബർ 14നാണ് നിതിൻ ഗാഡ്കരിക്ക് കത്തെഴുതിയത്. എൻ എച്ച് 66ന്റെ വികസനത്തിന്റെ ഭാഗമായ ഭൂമിയേറ്റെടുക്കൽ നടപടികൾ നിർത്തിവെക്കണമെന്നാണ് കത്തിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്ന ആവശ്യം. ദേശീയപാത സംയുക്ത സമര സമിതി അധ്യക്ഷൻ ഹാഷിം ചേന്നപള്ളി ബി ജെ പിക്ക് നൽകിയ പരാതി ചൂണ്ടിക്കാട്ടിയാണ് സ്ഥലം ഏറ്റെടുക്കുന്നത് നിർത്തിവെക്കണമെന്ന് ശ്രീധരൻപിള്ള ആവശ്യപ്പെടുന്നത്. എറണാകുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളെ പ്രളയം ദോഷകരമായി ബാധിച്ചതിനാൽ ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.
കാസർകോട് ഒഴികെയുള്ള മുഴുവൻ ജില്ലകളിലെയും സ്ഥലമേറ്റെടുപ്പ് മൂന്ന് വർഷത്തിന് ശേഷം മതിയെന്നാണ് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിലവിലെ തീരുമാനം. അഥവാ സംസ്ഥാനത്ത് നിലവിലുള്ള എൽ ഡി എഫ് സർക്കാറിന്റെ കാലാവധി തീരുന്ന 2021ന് ശേഷം സ്ഥലമേറ്റെടുപ്പ് നടപടികൾ പുനരാരംഭിച്ചാൽ മതിയെന്നാണ് നിർദേശിച്ചിരിക്കുന്നത്.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം ദേശീയപാതയുടെ ഒന്നാം ഘട്ടം പൂർത്തികരിച്ചാൽ മതിയെന്ന് നിർദേശിച്ചും കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളിൽ സ്ഥലം ഏറ്റെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് മാറ്റിയും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്.

Latest