Connect with us

National

'മോദിജീ, എ എ പി നേതാക്കളെ വിലക്കു വാങ്ങുക അത്ര എളുപ്പമല്ല': കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാക്കളെ കുതിരക്കച്ചവടത്തിലൂടെ ബി ജെ പിയിലേക്ക് കൊണ്ടുവരാമെന്ന് ബി ജെ പി വ്യാമോഹിക്കേണ്ടെന്ന് എ എ പി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. 14 എ എ പി എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരുന്നതിനായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്ന ബി ജെ പിയുടെ അവകാശവാദത്തിന് മറുപടി പറയുകയായിരുന്നു കെജ്‌രിവാള്‍.

എം എല്‍ എമാരെ കുതിരക്കച്ചവടത്തിലൂടെ വരുതിയിലാക്കി വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാറുകളെ വീഴ്ത്താനാണോ താങ്കള്‍ ശ്രമിക്കുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് കെജ്‌രിവാള്‍ ചോദിച്ചു. ” മോദിജീ, ഇതാണോ നിങ്ങള്‍ ജനാധിപത്യത്തിനു നല്‍കുന്ന വ്യാഖ്യാനം. എ എ പി എം എല്‍ എമാരെ വിലക്കു വാങ്ങാന്‍ നിങ്ങള്‍ മുമ്പും ശ്രമിച്ചിട്ടുണ്ട്. ഇതിനുള്ള പണം എവിടെ നിന്നാണ് ലഭിക്കുന്നത്. എന്തായാലും എ എ പി എം എല്‍ എമാരെ കുതിരക്കച്ചവടത്തിലൂടെ സ്വാധീനിക്കുക അത്ര എളുപ്പമാണെന്ന് നിങ്ങള്‍ കരുതേണ്ട.”- ട്വിറ്ററില്‍ നല്‍കിയ കുറിപ്പില്‍ കെജ്‌രിവാള്‍ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ എ പിയുടെ ഏഴ് എം എല്‍ എമാരെ വിലക്കെടുക്കാന്‍ ബി ജെ പി ശ്രമിക്കുന്നതായി എ എ പി നേതാവ് മനീഷ് സിസോദിയ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പത്തുകോടി രൂപ വീതമാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തതെന്നും സിസോദിയ വെളിപ്പെടുത്തി. എന്നാല്‍, ഏഴല്ല, 14 എം എല്‍ എമാരാണ് ആം ആദ്മി പാര്‍ട്ടിയുയുടെ പ്രവര്‍ത്തനത്തില്‍ നിരാശ പൂണ്ട് ആ പാര്‍ട്ടി വിടാനൊരുങ്ങുന്നതെന്ന് ബി ജെ പി ഇതിനു മറുപടി നല്‍കിയിരുന്നു.

പശ്ചിമ ബംഗാളിലെ 40 തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നാലുടന്‍ അവര്‍ ബി ജെ പിയില്‍ ചേരുമെന്നും ഒരു തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ മോദി പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest