കോഴിക്കോട്ട് സി പി എം വോട്ടുകള്‍ ലഭിച്ചു: റിയാസ് അനുകൂലികള്‍ തനിക്ക് വോട്ട് മറിച്ചുതന്നു- പ്രകാശ്ബാബു

Posted on: April 26, 2019 9:49 am | Last updated: April 26, 2019 at 3:07 pm

കോഴിക്കോട്: സി പി എമ്മിലെ ഒരു വിഭാഗം തന്നിക്ക് വോട്ട് മറിച്ചതായ അവകാശവാദവുമായി കോഴിക്കോട്ടെ എന്‍ ഡി എ സ്ഥാനാര്‍ഥി പ്രകാശ് ബാബു. എ പ്രദീപ്കുമാറിനോടുള്ള വിരോധത്തില്‍ ഡി വൈ എഫ് ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന്റെ അനുയായികള്‍ തനിക്ക് വോട്ടു മറിച്ചെന്നാണ് അദ്ദേഹം പറയുന്നത്.

2009ലെ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസ് കോഴിക്കോട് മത്സരിച്ചപ്പോള്‍ വി എസ് അനുഭാവിയായിരുന്ന പ്രദീപ്കുമാര്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായു ഇതിന് റിയാസ് അനുകൂലികള്‍ തിരിച്ചടി നല്‍കുകയായിരുന്നു. ചെലവൂര്‍, നെല്ലിക്കോട്, കരുവശേരി, കുന്നമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ സി പി എം വോട്ടുകളാണ് ലഭിച്ചത്. റിയാസ് അനുകൂലികളായ ചില നേതാക്കള്‍ തന്നെ നേരിട്ട് വന്നുകണ്ട് പിന്തുണ അറിയിച്ചിരുന്നു. താന്‍ അവരെയും പോയി കണ്ടു. ഈ വോട്ടുകള്‍ കൃത്യമായി ബി ജെ പി ചിഹ്നന്നത്തില്‍ വീണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബി ജെ പി വോട്ടുകള്‍ യു ഡി എഫിന് മറിഞ്ഞെന്ന സി പി എം ആരോപണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പ്രകാശ്ബാബു ഇത്തര ഒരു പ്രസ്താവനയുമായി രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ബി ജെ പി സ്ഥാനാര്‍ഥിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് സി പി എം ജില്ലാ നേതൃത്വം പ്രതികരിച്ചു.