International
ആക്രമണ ഭീതി; പശ്ചിമ ശ്രീലങ്കയിലെ മുസ്‌ലിം അഭയാര്‍ഥികള്‍ വീണ്ടും അഭയം തേടിയുള്ള പലായനത്തില്‍

കൊളംബോ: സ്‌ഫോടന പരമ്പരയില്‍ 359 പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ മുസ്‌ലിം അഭയാര്‍ഥികള്‍ തങ്ങള്‍ക്കെതിരെ അക്രമം ഭയന്ന് വാസ സ്ഥലങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഭയാര്‍ഥികളാണ് ജീവഭയം മൂലം പലായനം ചെയ്യുന്നത്.
മുസ്‌ലിം പള്ളികളെയും പോലീസ് സ്‌റ്റേഷനുകളെയും മറ്റുമാണ് ഇവര്‍ ശരണം പ്രാപിക്കുന്നത്. ചാവേര്‍ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം മുസ്‌ലിം ഭീകര ഗ്രൂപ്പ് ഏറ്റെടുത്ത സാഹചര്യത്തില്‍ നിരപരാധികളായ തങ്ങള്‍ക്കെതിരെയും ആക്രമണമുണ്ടാകുമെന്നാണ് ഇവരുടെ ആശങ്ക. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നേതാക്കള്‍ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചിട്ടുണ്ടെങ്കിലും ഏതു നിമിഷവും പ്രത്യാക്രമണങ്ങള്‍ നടന്നേക്കുമെന്നാണ് അഭയാര്‍ഥി മുസ്‌ലിങ്ങള്‍ ഭയപ്പെടുന്നു.
നെഗോമ്പോയില്‍ അഭയാര്‍ഥികളായ മുസ്‌ലിങ്ങള്‍ താമസിച്ചിരുന്ന വീടുകളില്‍ നിന്ന് ഉടമകളായ ഭൂപ്രഭുക്കള്‍ അവരെ ഒഴിപ്പിക്കുകയാണ്. അഭയാര്‍ഥികളെ താമസിപ്പിച്ചതിന് തങ്ങള്‍ക്കെതിരെയും ആക്രമണമുണ്ടാകുമെന്ന് ഭയന്നാണിത്. ഒഴിപ്പിക്കപ്പെട്ടവര്‍ അഭയം തേടി മറ്റിടങ്ങളിലേക്ക് പലായനം ചെയ്തതായി അധികൃതര്‍ വെളിപ്പെടുത്തി.
അഭയാര്‍ഥികളായി ശ്രീലങ്കയില്‍ എത്തിയവര്‍ വീണ്ടും അഭയാര്‍ഥികളായി മാറ്റപ്പെട്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പ് അംഗമായ റുകി ഫെര്‍ണാന്റോ പറഞ്ഞു. പലായനം ചെയ്തവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ലെങ്കിലും ഏകദേശം എണ്ണൂറോളം പേര്‍ നെഗോമ്പോയിലെയും ഇവിടെ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഗംപാഹയിലെയും മുസ്‌ലിം പള്ളികളിലായി അഭയം പ്രാപിച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് അദ്ദേഹം പറഞ്ഞു. 120 പേരോളം ഒരു പോലീസ് സ്‌റ്റേഷനിലും എത്തിയിട്ടുണ്ട്. നെഗോമ്പോയില്‍ നിന്ന് ബസ് മാര്‍ഗം തലസ്ഥാനത്തെത്തിയവരെ സുരക്ഷാ കാരണങ്ങളാല്‍ അധികൃതര്‍ തിരിച്ചയച്ച സംഭവവുമുണ്ടായി.
ജനങ്ങള്‍ പരിഭ്രാന്തരാണെന്നും ഹൃദയത്തിന് മുറിവേറ്റ അവര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്ഥിതിയിലാണെന്നും നെഗോമ്പോ പട്ടണത്തില്‍ സാമുദായിക സൗഹാര്‍ദം സാധ്യമാക്കാന്‍ പ്രവര്‍ത്തിക്കുന്ന യൂനിറ്റി ഓഫ് നെഗോമ്പോ സിറ്റിസണ്‍സ് എന്ന ഗ്രൂപ്പിലെ അംഗം ഹെര്‍മന്‍ കുമാര്‍ പറഞ്ഞു. എല്ലാ സമുദായങ്ങളും ഐക്യപ്പെടണമെന്നും പരസ്പരം സംരക്ഷിക്കാന്‍ തയാറാകണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.