പൊന്നാനിയിലും മലപ്പുറത്തും അടിയൊഴുക്ക് പ്രതീക്ഷിച്ച് ഇടത്

  Posted on: April 25, 2019 12:38 pm | Last updated: April 25, 2019 at 12:38 pm

  മലപ്പുറം: വാശിയേറിയ പോരാട്ടം നടന്ന മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷയോടെ ഇടത്-വലത് മുന്നണികൾ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങളിലുണ്ടായ ഇടത് മുന്നേറ്റവും അടിയൊഴുക്കുകളും വലിയ ആത്മവിശ്വാസമാണ് ഇടത് മുന്നണിക്ക് നൽകുന്നത്.

  കഴിഞ്ഞ തവണ ഇടത് സ്വതന്ത്ര സ്ഥാനാർഥിയെ തുണച്ച മണ്ഡലത്തിലെ തൃത്താല, തവനൂർ, പൊന്നാനി മണ്ഡലങ്ങളിൽ പാർട്ടിയുടെ വോട്ട് നില വലിയ ശതമാനം ഉയർന്നതായും നേരിയ തോതിൽ മണ്ഡലത്തിൽ പിന്നോട്ട് പോകേണ്ടിവന്ന തിരൂരും താനൂരും ഈ തിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിക്കുമെന്നുമാണ് സി പി എം ജില്ലാ നേതൃത്വത്തിന്റെ വിശ്വാസം. കൂടാതെ കഴിഞ്ഞ തവണ പല ബൂത്തുകളിലും പോൾ ചെയ്യാതെ പോയ പാർട്ടി വോട്ടുകൾ ഇത്തവണ കൃത്യമായ പ്രവർത്തനത്തിലൂടെ സ്ഥാനാർഥിക്ക് ലഭിക്കാൻ വേണ്ട നടപടി സ്വീകരിച്ചതും തിരഞ്ഞെടുപ്പ് ഫലം പോസിറ്റീവാക്കുമെന്നാണ് എൽ ഡി എഫ് വിലയിരുത്തൽ.

  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ അടിയുറച്ച മണ്ഡലമായ താനൂരിൽ ചെങ്കൊടി പാറിക്കാൻ സാധിച്ചതും ഉറച്ച ലീഗ് മണ്ഡലങ്ങളായ തിരൂരങ്ങാടി, തിരൂർ എന്നിവിടങ്ങളിൽ ഇടത് സ്ഥാനാർഥികളുടെ വോട്ടിംഗ് നില ഉയർന്നതും ഗുണം ചെയ്യുമെന്നും കണക്കുകൂട്ടുന്നു. എന്നാൽപാർട്ടി ശക്തികേന്ദ്രങ്ങളിൽ മികച്ച ലീഡ് ലഭിക്കുമെന്നാണ് മുസ്‌ലിം ലീഗ് കണക്ക് കൂട്ടുന്നത്.

  പൊന്നാനി മണ്ഡലത്തിൽ 74.98 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തവണ ഇത് 74.35 ശതമാനമായിരുന്നു. വോട്ടിംഗിലെ നേരിയ വർധനവ് ഇടത് പാളയത്തിന് സന്തോഷം നൽകുമ്പോൾ അതിന് ഒരുപടി മുകളിലാണ് ലീഗിന്റെ ആത്മവിശ്വാസം. കഴിഞ്ഞ തവണത്തെ 25,410 എന്ന ഭൂരിപക്ഷം ഇത്തവണ ഉയരുമെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. നിയമസഭയിൽ നഷ്ടപ്പെട്ട താനൂർ മണ്ഡലം പാർട്ടി തിരിച്ചു പിടിച്ച് വലിയ ശതമാനം വോട്ട് നേടുമെന്നും മറ്റിടങ്ങളിൽ ലീഡ് നില ഉയരുമെന്നും ലീഗ് നേതൃത്വം അവകാശപ്പെടുന്നു. എതിർ സ്ഥാനാർഥിയുടെ പേരിൽ ഉയർന്ന ആരോപണങ്ങൾ കൂടുതൽ ഗുണം നൽകിയെന്നും പാർട്ടി വിലയിരുത്തുന്നു.

  ഇത്തവണ താനൂർ നിയമസഭാ മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 1,81,720 വോട്ടർമാരുള്ള മണ്ഡലത്തിൽ 1,39,922 പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. 77 ശതമാനമാണ് പോളിംഗ് നിരക്ക്. പൊന്നാനി മണ്ഡലത്തിലാണ് കുറവ് രേഖപ്പെടുത്തിയത്. 71.86 ശതമാനമുള്ള ഇവിടെ 1,93,719 പേർ വോട്ടർ ലിസ്റ്റിലുണ്ടെങ്കിലും 1,39,214 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

  മലപ്പുറത്ത് അടിയൊഴുക്കുകളിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. പുതുമുഖ സ്ഥാനാർഥിയെ ജനം സ്വീകരിച്ചുവെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സിറ്റിംഗ് എം പിയുടെ പാർലിമെന്റിലെ പ്രവർത്തനത്തിലെ പോരായ്മകളും ന്യൂനപക്ഷ വിഷയങ്ങളിൽ ഇടപെടുന്നതിലെ ജാഗ്രത കുറവുമെല്ലാം ഇടതിനെ വോട്ടർമാർക്ക് സ്വീകാര്യനാക്കിയെന്ന് സി പി എം അടിവരയിടുന്നു. കന്നി വോട്ടർമാർക്കിടയിൽ തരംഗം സൃഷ്ടിക്കാൻ വി പി സാനുവിന് സാധിച്ചെന്നാണ് പാർട്ടിയുടെ പ്രാഥമിക നിരീക്ഷണം.
  ഇതിൽ പെരിന്തൽമണ്ണ, മങ്കട നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് വലിയ തോതിൽ വോട്ട് വർധനവുണ്ടാകുമെന്നും ലീഗിനോടുള്ള അണികളുടെ അസംതൃപ്തി ഗുണകരമാകുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.
  എന്നാൽ സിറ്റിംഗ് മണ്ഡലത്തിൽ ലീഗ് വലിയ വിജയ പ്രതീക്ഷയിലാണ്. ബൂത്ത്തലം മുതലുള്ള അണികളുടെ ചിട്ടയായ പ്രവർത്തനം വഴി ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാൾ ഉയരുമെന്ന് ജില്ലാ ലീഗ് നേതൃത്വം പറയുന്നു. കൊണ്ടോട്ടി, മഞ്ചേരി, വള്ളിക്കുന്ന്, മലപ്പുറം, വേങ്ങര, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ഫലത്തേക്കാൾ ഉയർന്ന ഭൂരിപക്ഷം നേടുമെന്ന് പാർട്ടി പറയുന്നു.

  നിലവിൽ 75.37 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തിൽ കൊണ്ടോട്ടിയിലാണ് പോളിംഗ് ഉയർന്ന് നിന്നത്. 78.11 പോളിംഗ് രേഖപ്പെടുത്തിയ ഇവിടെ 1,96,486 ആകെ വോട്ടർമാരിൽ 1,53,478 പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. വേങ്ങര മണ്ഡലത്തിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്. 71.88 ശതമാനം വോട്ട് ചെയ്ത ഇവിടെ ആകെ വോട്ടർമാരുടെ എണ്ണം 1,76,369വും പോൾ ചെയ്ത വോട്ടർമാരുടെ എണ്ണം 1,26,770 തുമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 71.21 ശതമാനമുണ്ടായിരുന്ന പോളിംഗ് ഇത്തവണ നാല് ശതമാനം ഉയർന്നത് പാർട്ടികൾക്ക് മണ്ഡലത്തിൽ പ്രതീക്ഷ ഉയർത്തുന്നതാണ്.

  രണ്ട് മണ്ഡലങ്ങളിലും പാർട്ടി പ്രവർത്തകർ നടത്തിയ ശക്തമായ പ്രചാരണത്തിന്റെ ഫലമാണ് ഉയർന്ന പോളിംഗ് എന്നും മണ്ഡലങ്ങളിൽ വിജയം ഇടതിനൊപ്പം നിൽക്കുമെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. സിറ്റിംഗ് സീറ്റിൽ സ്ഥാനാർഥികൾ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മറ്റൊരു പ്രചാരണത്തിനും പ്രസക്തിയില്ലെന്നും യു ഡി എഫ് മലപ്പുറം ജില്ലാ കൺവീനർ അഡ്വ. യു എ ലത്വീഫ് പ്രതികരിച്ചു.