സൈന്യത്തിന്റെ പേരില്‍ വോട്ടഭ്യര്‍ഥന: മോദിക്കെതിരായ പരാതി ‘അപ്രത്യക്ഷമായി’

Posted on: April 24, 2019 10:01 pm | Last updated: April 25, 2019 at 10:32 am

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവും ബാലകോട്ട് മിന്നലാക്രമണവും പരാമര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ച് പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ചട്ടലംഘന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ കാണാനില്ല. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ മോദി നടത്തിയ തിരഞ്ഞെടപ്പ് പ്രചാരണ പ്രസംഗമാണ് പരാതിക്കാധാരം.

ഏപ്രില്‍ ഒമ്പതിനാണ് ഇതിനെതിരെ കൊല്‍ക്കത്ത സ്വദേശിയായ മഹേന്ദ്ര സിംഗ് എന്നയാള്‍ മോദിക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയത്. പുല്‍വാമയില്‍ രക്തസാക്ഷികളായവര്‍ക്കും ബാലകോട്ട് മിന്നലാക്രമണത്തില്‍ പങ്കെടുത്തവര്‍ക്കും വോട്ട് ചെയ്യുക എന്ന മോദിയുടെ പ്രസംഗമാണ് പരാതിക്കിടയാക്കിയത്. പരാതിയെത്തുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടിയത്. എന്നാല്‍ ഇതില്‍ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. അതേ സമയം മോദിക്കെതിരായ പരാതി വെബ്‌സൈറ്റില്‍ അപ്രത്യക്ഷമായത് സാങ്കേതിക പ്രശ്‌നമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.