ശ്രീലങ്കയിലെ ഭീകരവാദികള്‍ക്ക് മതവുമായി ബന്ധമില്ല: കാന്തപുരം

Posted on: April 24, 2019 9:07 pm | Last updated: April 25, 2019 at 11:07 am

കോഴിക്കോട്: ശ്രീലങ്കയില്‍ ക്രിസ്തുമതവിശ്വാസികളുടെ വിശേഷദിനമായ ഈസ്റ്റര്‍ ദിവസം ചര്‍ച്ചുകളിലും ഹോട്ടലുകളിലും ചാവേര്‍ ആക്രമണം നടത്തിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിന് ഇസ്‌ലാമുമായി യാതൊരു ബന്ധവും ഇല്ലെന്നും മതത്തിന്റെയും മാനവികതയുടെയും ശത്രുക്കളാണ് ആക്രമികളെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇസ്‌ലാം എന്തിനു വേണ്ടി നിലകൊള്ളുന്നുവോ, അതിന്റെയെല്ലാം വിരുദ്ധ പക്ഷത്ത് നില്‍ക്കുന്നവരാണ് ആ അക്രമികള്‍.

ചാവേറാക്രമണം ഏറ്റവും ഹീനമായ നരഹത്യരീതിയാണ്. ഒരു മതവും അതിനെ അനുവദിക്കുന്നില്ല. ഇസ്‌ലാമിന്റ പേരില്‍ രംഗത്തുവരാന്‍ ആരാണ് ഈ തീവ്രവാദികള്‍ക്ക് അനുമതി നല്‍കിയത്? ഇസ്‌ലാമിന്റെ ബാലപാഠം അറിയുന്ന ഒരാളും ഭീകരവാദി ആകില്ല. സ്വയം നശിപ്പിക്കാനും മറ്റുള്ളവരുടെ സമാധാനം കെടുത്താനും ആഗ്രഹിക്കുന്ന ഇവര്‍ മാനുഷിക ജീവിതം പ്രതിസന്ധികളിലാക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ആവഷ്‌കരിക്കുകയാണ്. ലോകത്തെ മുഖ്യധാരാ ഇസ്‌ലാം ഇത്തരം എല്ലാ ഭീകരരെയും തള്ളിക്കളഞ്ഞിട്ടുണ്ട്. മതത്തിന്റെ വിശ്വാസത്തെ വികലമാക്കുന്നവരോട് ഇസ്‌ലാമിന്റെ പ്രാഥമിക അഭിവാദ്യമായ സലാം പറയുകയോ, അവരുമായി വൈവാഹിക ബന്ധം പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യരുതെന്ന കണിശമായ നിലപാടാണ് മുസ്‌ലിം പണ്ഡിതര്‍ സ്വീകരിച്ചത്. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കണ്ടെത്തി ഏറ്റവും കഠിനമായ ശിക്ഷ നല്‍കണം. നിരപരാധികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധരെയും ഒക്കെ കൊല്ലുന്നവര്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ല- ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.