Connect with us

National

ടിക്‌ടോക് ആപ്പ് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

Published

|

Last Updated

ചെന്നൈ: ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ ഇടക്കാല നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. അശ്ലീല വീഡിയോകള്‍ അപ്‌ലോഡ് ചെയ്യരുത് എന്ന ഉപാധിയോടെയാണ് നിരോധനം പിന്‍വലിച്ചത്. ഉപാധി ലംഘിച്ചാല്‍ കോടതിയലക്ഷ്യനടപടി നേരിടേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ മൂന്നിനാണ് ടിക്‌ടോകിന് നിരോധനമേര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. ടിക്‌ടോക്കില്‍ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഗവണ്‍മെന്റ് നിര്‍ദേശപ്രകാരം ഗൂഗിളും ആപ്പിളും തങ്ങളുടെ ആപ് സ്‌റ്റോറുകളില്‍ നിന്ന് ടിക്‌ടോക്ക് നീക്കം ചെയ്തിരുന്നു.

ആപ്പിന് ഇന്ത്യയിൽ അഞ്ചര കോടി ഉപഭോക്താക്കളുണ്ട്. നിരോധനം മൂലം പ്രതിദിനം മൂന്നര കോടതി രൂപയുടെ നഷ്ടമുണ്ടായെന്നും 250ഓളം പേരുടെ ജോലി ഭീഷണിയിലായെന്നും ചൈനീസ് കമ്പനി കോടതിയെ ബോധിപ്പിച്ചു. പരസ്യദാതാക്കളെയും നിക്ഷേപകരെയും നിരോധനം ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ടിക്‌ടോക് നിരോധിച്ചിരുന്നുവെങ്കിലും നിലവില്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് തടസ്സം നേരിട്ടിരുന്നില്ല. ഔദ്യോഗിക ആപ് സ്‌റ്റോറുകളില്‍ നിന്ന് ആപ്പ് നീക്കിയിരുന്നുവെങ്കിലും സമാന്തര വെബ്‌സൈറ്റുകളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നു.

---- facebook comment plugin here -----

Latest