Connect with us

Editorial

ശ്രീലങ്കയില്‍ വീണ്ടും ചോരചിന്തുന്നു

Published

|

Last Updated

ഭീകരവാദത്തിനെതിരെ ആഗോള സമൂഹം ഒറ്റക്കെട്ടാകുമ്പോഴും ലോകത്ത് ഭീകരാക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കയാണ്. ന്യൂസിലാന്‍ഡില്‍ മുസ്‌ലിം പള്ളികളിലുണ്ടായ കൊടിയ ഭീകരതയുടെ ഞെട്ടലില്‍ നിന്ന് ലോകം മോചിതമാകുന്നതിനു മുമ്പാണ് നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്രീയ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലുമായി മുന്നൂറിലേറെ പേരുടെ ജീവനപഹരിച്ച സ്‌ഫോടന പരമ്പര അരങ്ങേറിയത്. അഞ്ഞൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എട്ട് ഇന്ത്യക്കാരും ശ്രീലങ്കന്‍ പൗരത്വമുള്ള ഒരു മലയാളിയുമുണ്ട് കൊല്ലപ്പെട്ടവരില്‍. ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ മിനുട്ടുകളുടെ വ്യത്യാസത്തിലായിരുന്നു സ്‌ഫോടനങ്ങളെല്ലാം. 2009ല്‍ ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐ എസ് പ്രോത്സാഹനമുള്ള നവസലഫിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന നാഷനല്‍ തൗഹീദ് ജമാഅത്ത് (എന്‍ ടി ജെ) ആണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഉത്തരവാദിത്വം ഏറ്റെടുത്ത് അമഖ് ന്യൂസ് ഏജൻസിയിലൂടെ ഐ എസ് രംഗത്തെത്തുകയും ചെയ്തു.

നീണ്ട 30 വര്‍ഷത്തെ വംശീയ യുദ്ധം ഏല്‍പ്പിച്ച ആഘാതത്തിനു ശേഷം ജനാധിപത്യം പുനഃസ്ഥാപിച്ചും സുസ്ഥിര ഭരണം ഉറപ്പാക്കിയും ശ്രീലങ്ക വികസന രംഗത്ത് വന്‍കുതിച്ചു കയറ്റം നടത്തി വരികയായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും വിനോദസഞ്ചാര മേഖലയിലും രാജ്യം ഏറെ മുന്നേറി. തുറമുഖങ്ങളും വിമാനത്താവളങ്ങളും എക്‌സ്പ്രസ് ഹൈവേകളുമെല്ലാം നിര്‍മിക്കപ്പെട്ടു. കയറ്റുമതിയിലും വന്‍ പുരോഗതി കൈവരിച്ചു. ഇന്ത്യ, ചൈന തുടങ്ങി അയല്‍ രാജ്യങ്ങളുള്‍പ്പടെ അന്താരാഷ്ട്ര ബന്ധങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തി. അതിനിടെയാണ് രാജ്യത്തിനു കനത്ത പ്രഹരമായി ഇപ്പോഴത്തെ ഭീകരാക്രമണം. നാടിന്റെ പുരോഗതിയെ ഇതു കാര്യമായി ബാധിക്കും.

സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം 40 പേര്‍ അറസ്റ്റിലായിട്ടുണ്ട്. എല്ലാം സ്വദേശികളാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നേരിടാന്‍ പോലീസിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
സ്‌ഫോടനത്തെക്കുറിച്ച് ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചിട്ടും ഭീകരവാദികളെ പ്രതിരോധിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ദേവാലയങ്ങളും ആഡംബര ഹോട്ടലുകളും ആക്രമിക്കാന്‍ എന്‍ ടി ജെ പദ്ധതിയിട്ടതായി ഇന്റലിജന്‍സിനെ ഉദ്ധരിച്ച് പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര റിപ്പോര്‍ട്ട് നല്‍കിയതായി പ്രധാനമന്ത്രി തന്നെ സ്ഥിരീകരിച്ചു. സുരക്ഷാ വീഴ്ചയടക്കം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍, സുപ്രീം കോടതി ജഡ്ജി വിജിത് മലാല്‍ഗോഡ, മുന്‍ പോലീസ് മേധാവി എ കെ ഇളങ്കോവന്‍, നിയമ മന്ത്രാലയത്തിലെ മുന്‍ സെക്രട്ടറി പത്മസിരി ജയമന്നെ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം പാര്‍ലിമെന്റിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ഭീകരവാദത്തിന് കണ്ണും കാതുമില്ലെങ്കിലും പല രാജ്യങ്ങളിലും അരങ്ങേറുന്ന ഇത്തരം അക്രമങ്ങള്‍ക്ക് ചില പശ്ചാത്തലങ്ങളുണ്ടാകും. ശ്രീലങ്കയിലെ 2.1 കോടി വരുന്ന ജനസംഖ്യയില്‍ പത്ത് ശതമാനം മാത്രം വരുന്ന മുസ്‌ലിംകള്‍ കൊടിയ വിവേചനവും പീഡനങ്ങളുമാണ് രാജ്യത്ത് നേരിട്ടു വരുന്നത്. ആഗോളതലത്തില്‍ ശക്തിപ്രാപിച്ച ഇസ്‌ലാമിക മുന്നേറ്റത്തിന്റെ ഭാഗമായി ശ്രീലങ്കയില്‍ നടക്കുന്ന ഇസ്‌ലാമിലേക്കുള്ള സ്വാഭാവിക മതംമാറ്റത്തെ, നിര്‍ബന്ധിത മതപരിവര്‍ത്തനമായി ആരോപിച്ച് പലപ്പോഴും സിംഹളബുദ്ധ വിഭാഗം മുസ്‌ലിംകള്‍ക്കു നേരെ ക്രൂരമായ അക്രമങ്ങളാണ് അഴിച്ചു വിടാറുള്ളത്. മുസ്‌ലിംകളെ തിരഞ്ഞു പിടിച്ചു അക്രമിക്കുകയും പള്ളികളും മുസ്‌ലിംകളുടെ കടകളും തീവെച്ചു നശിപ്പിക്കുകയും ചെയ്യുന്നു. മ്യാന്മര്‍ ഭരണകൂടത്തിന്റെയും ബുദ്ധമത വിഭാഗത്തിന്റയും അക്രമം സഹിക്കവയ്യാതെ അഭയാര്‍ഥികളായി എത്തിയ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ സാന്നിധ്യം ഇതിനു ശക്തിപകരുകയും ചെയ്തു. തമിഴര്‍ക്കും സിംഹളര്‍ക്കുമിടയിലും ബുദ്ധ, ഹൈന്ദവ, മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമിടയിലും ഗുരുതരമായ അകല്‍ച്ചയും ശത്രുതയും വളരാന്‍ ഇടയാക്കിയ എല്‍ ടി ടി ഇ വിമോചന പോരാട്ട കാലവും ശ്രീലങ്കന്‍ മുസ്‌ലിംകളുടെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂര്‍ണമായ ഘട്ടമായിരുന്നു. 2014ല്‍ സിംഹളരുടെ മുസ്‌ലിം വേട്ടയെ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുള്‍പ്പടെ ആഗോള സംഘടനകള്‍ അപലപിക്കുകയും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി വിവിധ രാജ്യങ്ങളില്‍ നിന്ന് നയതന്ത്രതല ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നതാണ്. എങ്കിലും മുസ്‌ലിം വേട്ട രാജ്യത്ത് ഇന്നും തുടരുന്നു. ശ്രീലങ്കന്‍ മുസ്‌ലിംകള്‍ക്കിടയില്‍ തീവ്രവാദ ചിന്താഗതി ഉടലെടുക്കാന്‍ ഇതെല്ലാം കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതെന്തായാലും തനികാടത്തവും മാപ്പര്‍ഹിക്കാത്തതുമാണ് ഇത്തരം തിരിച്ചടികളും കൂട്ടക്കുരുതികളും.

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ കടലിലൂടെ രക്ഷപ്പെടാനും ഇന്ത്യയിലേക്കു കടക്കാനും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളമുള്‍പ്പടെയുള്ള തീരദേശ പ്രദേശങ്ങള്‍ കോസ്റ്റ് ഗാര്‍ഡിന്റെയും വ്യോമ സേനയുടെയും കടുത്ത നിരീക്ഷണത്തിലാണ്. സംശയകരമായ രീതിയില്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന ബോട്ടുകള്‍ കണ്ടെത്താന്‍ കൂടുതലായി കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യ അതീവ ദുഃഖവും നടുക്കവും രേഖപ്പെടുത്തുകയുണ്ടായി. പൈശാചികവും ആസൂത്രിതമായ കാടത്തവുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. ന്യൂസിലാന്‍ഡിലെ ഭീകരാക്രമണത്തില്‍ മൗനം പാലിച്ചവര്‍ ഈ സംഭവത്തിലെങ്കിലും വായ തുറന്നത് ആശ്വാസകരമാണ്.

Latest