Connect with us

Gulf

ഭീകര പ്രവര്‍ത്തനം: സഊദിയില്‍ 37 പൗരന്മാരെ വധശിക്ഷക്ക് വിധേയരാക്കി

Published

|

Last Updated

ദമാം: സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണങ്ങളും കുഴപ്പങ്ങളും നടത്തിയ 37 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് ചൊവ്വാഴ്ച വധശിക്ഷക്കു വിധേയരാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെല്ലാവരും സഊദി പൗരന്മാരാണ്. റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, ഖസീം, അസീര്‍ തുടങ്ങിയ മേഖലകളിലാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇവര്‍ ഭീകര സംഘങ്ങള്‍ രൂപവത്കരിക്കുകുയും സംഘടിക്കുകയും ഭീകരാക്രമണങ്ങള്‍ നടത്തുകയും ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരേയും സുരക്ഷാ കേന്ദങ്ങളേയും തോക്കുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചു ആക്രമിക്കുകയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തു.ആഭ്യന്തര കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളെ വിഭാഗിയമായി വേര്‍തിരിക്കാനും ശ്രമിച്ചതായും കണ്ടെത്തി. രാജ്യത്തിന്റെ പൊതു സമാധാനം തകര്‍ക്കാന്‍ ശ്രമം നടത്തിയതായി കോടതി വിധിന്യായത്തില്‍ സൂചിപ്പിക്കുന്നു.

കീഴ്‌ക്കോടതി വിധി ജനറല്‍ കോടതികളും സുപ്രീം കോടതിയും അന്തിമമായി റോയല്‍ കോടതിയും ശരിവെച്ചതോടെയാണ് 37 പേരെ വധശിക്ഷക്കു വിധേയമാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും തകര്‍ക്കാന്‍ സല്‍മാന്‍ രാജാവിന്റെ നേതൃത്തിലുള്ള ഭരണകൂടം ആരെയും അനുവദിക്കില്ലെന്നും അത്തരക്കാര്‍ക്ക് ഇത്തരത്തിലുള്ള കടുത്ത ശിക്ഷ നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

Latest