Connect with us

National

ഗുജറാത്ത് വംശഹത്യ: ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്കിടെ കൂട്ട ബലാല്‍സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിനു ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍ണമെന്നു സുപ്രിം കോടതി. താമസ സൗകര്യം നല്‍കാനും കോടതി ഉത്തരവിട്ടു. ബില്‍ക്കീസ് ബാനുവിന് താമസിക്കാന്‍ സ്ഥലമില്ലെന്നും 2002ന് ശേഷം നാടോടികളുടെ പോലോത്ത ജീവിതമാണ് അവര്‍ നയിക്കുന്നതെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ടും കേസന്വേഷം അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും ബില്‍ക്കീസ് ബാനു നല്‍കിയ ഹര്‍ജിയിലാണ് നടപടി.

2002 മാര്‍ച്ച് മൂന്നിനാണ് ഗുജറാത്തിലെ ദഹോദ് ഗ്രാമവാസിയായ ബീല്‍ക്കീസ് ബാനുവിന് നേരെ മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച ആക്രമണമുണ്ടായത്. ബില്‍ക്കീസ് ബാനുവിന്റെ കുടുംബാംഗങ്ങളായ 14 പേരെ ഹിന്ദു ഭീകരര്‍ കൊലപ്പെടുത്തി. ബില്‍ക്കീസ് ബാനുവിന്റെ മൂന്ന് വയസ്സുകാരിയായ മകള്‍ സലേഹയെ പാറക്കെട്ടില്‍ തലയടിച്ചാണ് കൊലപ്പെടുത്തിയത്. എന്നിട്ടും അരിശം തീരാതെ ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. ഇതോടെ തളര്‍ന്ന് ബോധരഹിതയായ ബില്‍ക്കീസ് ബാനു മരിച്ചുവെന്ന് കരുതി അക്രമി സംഘം സ്ഥലം വിടുകയായിരുന്നു.

2008ല്‍ ബില്‍ക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്ത 11 പേരെ കോടതി ശിക്ഷിച്ചു. എന്നാല്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസിന് നേരെ ഒരു നടപടിയും ഉണ്ടായില്ല. ഇക്കാര്യം ബില്‍ക്കീസ് ബാനുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പോലീസുകാരില്‍ നാല് പേര്‍ വിരമിക്കുകയും ഒരു ഐപിഎസ് ഓഫീസര്‍ വിരമിക്കാനിരിക്കുകയുമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം, വിരമിച്ച നാല് പോലീസുകാരുടെ പെന്‍ഷന്‍ തടഞ്ഞുവെച്ചതായി ഗുജറാത്ത് പോലീസ് സുപ്രിം കോടതിയെ അറിയിച്ചു. സര്‍വീസിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തിയിട്ടുണ്ടെന്നും ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി.