Connect with us

Articles

ദേശീയ മതേതര ബദല്‍ അനിവാര്യം

Published

|

Last Updated

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് ഇന്ത്യന്‍ സമൂഹത്തിന്റെ ഒരുമയോെടയുള്ള നിലനില്‍പ്പിന്റെയും ജനതയുടെയാകെ അവകാശങ്ങളുടെ സംരക്ഷണത്തിന്റെയും കാര്യത്തില്‍ നിര്‍ണായകമാണ്. വര്‍ഗീയതയുടെ ആധിപത്യത്തില്‍ നിന്ന് മതനിരപേക്ഷതയെ രക്ഷപ്പെടുത്തുക, സാമ്രാജ്യത്വ അധിനിവേശ ശ്രമങ്ങളില്‍ നിന്ന് രാജ്യപരമാധികാരത്തെ രക്ഷപ്പെടുത്തുക, കോര്‍പറേറ്റ്-രാഷ്ട്രീയ ചങ്ങാത്തത്തില്‍ നിന്ന് സാധാരണക്കാരായ ജനങ്ങളുടെ താത്പര്യങ്ങളെ രക്ഷപ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ പൊതു തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം. ഇവിടെ വീഴ്ച വന്നാല്‍ ഒരിക്കലും തിരിച്ചുപിടിക്കാനാകാത്ത വിധത്തിലുള്ള നഷ്ടങ്ങളാകും രാജ്യത്തിനും ജനങ്ങള്‍ക്കും ഉണ്ടാകുക. കേരളത്തെ സംബന്ധിച്ചിടത്തോളം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം മറ്റു ചിലതു കൂടിയുണ്ട്. കേരളത്തിന്റെ അധികാര അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന ഒരു സംവിധാനം രൂപപ്പെടുത്തിയെടുക്കുക എന്നത് അതില്‍ പ്രധാനമാണ്. ഏറ്റവും വലിയ വൈഷമ്യം നേരിട്ട ഘട്ടത്തില്‍പ്പോലും കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാതിരുന്ന രാഷ്ട്രീയ സംവിധാനമാണ് കേന്ദ്രത്തിലുണ്ടായിരുന്നത് എന്നത് എല്ലാവര്‍ക്കും അറിയാം. ആ സംവിധാനം തിരഞ്ഞെടുപ്പിനു ശേഷവും തുടര്‍ന്നാല്‍ കേരളത്തിനുണ്ടാകുന്ന നഷ്ടം എത്രമേല്‍ ഗുരുതരമായിരിക്കും എന്നത് വിശദീകരിക്കേണ്ട കാര്യമില്ല. ഇക്കാര്യവും ഈ തിരഞ്ഞെടുപ്പിനെ വലിയ തോതില്‍ സ്വാധീനിക്കും.

ബി ജെ പി വിട്ടുവീഴ്ചയില്ലാത്ത വര്‍ഗീയതയുടെ വഴിക്കു സഞ്ചരിക്കുന്നു. ശക്തമായി അതിനെ എതിര്‍ത്താല്‍ തങ്ങള്‍ക്ക് ഭൂരിപക്ഷ വര്‍ഗീയ വോട്ടുകള്‍ നഷ്ടമാകുമോ എന്ന ചിന്തയോടെ മൃദുവര്‍ഗീയ സമീപനങ്ങളുമായി കോണ്‍ഗ്രസും സഞ്ചരിക്കുന്നു. അതേസമയം, ഇരുകൂട്ടരും ഒരുപോലെ സാമ്രാജ്യത്വാനുകൂലവും കോര്‍പറേറ്റ് പ്രീണനാപരവും നിസ്വജനവിഭാഗങ്ങള്‍ക്ക് വിരുദ്ധവുമായ രാഷ്ട്രീയ സാമ്പത്തിക നയനടപടികള്‍ മുമ്പോട്ടു കൊണ്ടുപോകുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി കൂടുതല്‍ തിളക്കമുള്ളതാകുന്നത്.
കോണ്‍ഗ്രസിനോ ബി ജെ പിക്കോ അല്ലാതെ അവരുടെ അത്ര സീറ്റുകളില്‍ മത്സരിക്കാത്ത ഇടതുപക്ഷത്തിന് എന്തിന് വോട്ടുചെയ്യണം എന്നു ചോദിക്കുന്നവരുണ്ട്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നയങ്ങള്‍ തന്നെയാകണം തുടര്‍ന്നും നിലനില്‍ക്കേണ്ടത് എന്ന രാഷ്ട്രീയമാണ് ഇവരെ നയിക്കുന്നത്. ഇന്ത്യന്‍ യാഥാര്‍ഥ്യം കാണാന്‍ കൂട്ടാക്കാത്ത സമീപനമാണിത്.

വിവിധ സംസ്ഥാനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത് അതാതു പ്രദേശങ്ങളില്‍ സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന ചേരിതിരിവിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ അതിശക്തമായി ചെറുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സഖ്യങ്ങളുമാണ്. യു പിയിലും ബീഹാറിലും ഒഡീഷയിലും ആന്ധ്രയിലും തെലങ്കാനയിലും തമിഴ്‌നാട്ടിലുമൊക്കെ കോണ്‍ഗ്രസോ ബി ജെ പിയോ അല്ലാത്ത പ്രാദേശിക കക്ഷികളും രാഷ്ട്രീയ സംവിധാനങ്ങളുമാണ് മത്സരരംഗത്ത് മുന്നിട്ടുനില്‍ക്കുന്നത്. ഇവരാരും തന്നെ കേന്ദ്രത്തില്‍ ഒറ്റക്ക് അധികാരത്തില്‍ വരാനുള്ള അത്രയും സീറ്റുകളില്‍ മത്സരിക്കുന്നില്ല എന്നതുകൊണ്ട് അവര്‍ക്കു വോട്ടു ചെയ്യരുത് എന്ന് ഇവര്‍ പറയുമോ? അങ്ങനെ പറഞ്ഞാല്‍ അത് വര്‍ഗീയതയെ വീഴ്ത്താനാണോ വളര്‍ത്താനാണോ സഹായിക്കുക?

ഇത്തരത്തില്‍ പ്രാദേശിക യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന ശക്തികളാകെ സംഘ്പരിവാറിനും ബി ജെ പിക്കുമെതിരെ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നതാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സമീപനം. അത്തരത്തിലുള്ള സംസ്ഥാനതല സംവിധാനങ്ങളുടെ ഭാഗമായി ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും മത്സരിക്കുന്നുണ്ട്. അത് വൈവിധ്യങ്ങളുടെ വിളഭൂമിയായ ഇന്ത്യന്‍ സമൂഹത്തെയും രാഷ്ട്രീയത്തെയും യാഥാര്‍ഥ്യബോധത്തോടെ കാണുന്ന സമീപനമാണ്; നമ്മുടെ ഫെഡറല്‍ ഘടനയെ ശക്തിപ്പെടുത്തുന്നതും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വേകുന്നതുമാണ്. ഇതിന്റെയാകെ പ്രാതിനിധ്യമുള്ള ദേശീയ മതേതര ബദലാണ് രാജ്യത്ത് ഇനി അധികാരത്തില്‍ വരാന്‍ പോകുന്നത്. അതില്‍ ഇടതുപക്ഷത്തിനുള്ള പങ്ക് ചരിത്രത്തില്‍ തന്നെ തെളിയിക്കപ്പെട്ടതാണ്.

ആര്‍ എസ് എസ് നയിക്കുന്ന ബി ജെ പി വര്‍ഗീയത വിതച്ചുകൊണ്ട് ഇന്ത്യന്‍ സമൂഹത്തെയാകെ ഛിദ്രീകരിക്കുന്നു എന്നതു മാത്രമല്ല നമ്മുടെ മുമ്പിലുള്ള പ്രശ്‌നം. വര്‍ഗീയതയുടെയും തീവ്ര ദേശീയതയുടെയും മറവില്‍ അങ്ങേയറ്റം ജനദ്രോഹപരമായ നവ ഉദാരവത്കരണ നയങ്ങള്‍ അതിതീക്ഷ്ണമായി നടപ്പിലാക്കുന്നു എന്നതു കൂടിയാണ്. രണ്ടാമത്തേത് അതേപടി തന്നെ കോണ്‍ഗ്രസും പങ്കിടുന്നു താനും.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ജനദ്രോഹപരമായ ഭരണം കാഴ്ചവെച്ച സര്‍ക്കാറാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, എഴുത്തുകാര്‍, സ്ത്രീകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ബി ജെ പി ഭരണത്തിന്റെ ദുരന്തം അനുഭവിച്ചവരാണ്.

ബി ജെ പിയുടെ നയങ്ങളില്‍നിന്ന് വ്യത്യസ്തമായ എന്തു നിലപാടാണ് കോണ്‍ഗ്രസിനുള്ളത്? കാര്‍ഷിക മേഖലയെ തകര്‍ത്ത കരാറുകളില്‍ ഏര്‍പ്പെട്ടു, കൃഷിക്കുള്ള സബ്‌സിഡികള്‍ വെട്ടിക്കുറച്ചു, വിലക്കയറ്റം അനിയന്ത്രിതമാക്കിയ പെട്രോളിയം പ്രൈസ് ഡീറെഗുലേഷന്‍ നടപ്പാക്കി….തുടങ്ങി കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങള്‍ ഇതേപടിയോ ഇതേക്കാള്‍ ശക്തമായോ മുമ്പോട്ടു കൊണ്ടുപോകുകയാണ് ബി ജെ പി സര്‍ക്കാര്‍.

അതുകൊണ്ടുതന്നെ ദേശീയ മതേതര ബദല്‍ എന്ന ആശയത്തിന് ഇന്ന് വളരെയധികം പ്രസക്തിയുണ്ട്. അത് വിവിധ സംസ്ഥാനങ്ങളുടെയും സംസ്‌കാരങ്ങളുടെയും അങ്ങനെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയ ബദല്‍ സംവിധാനമായി നിലകൊള്ളും. അത്തരത്തില്‍ ഭൂരിഭാഗം ഇന്ത്യക്കാരുടെയും താത്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സ്ഥിതി രൂപപ്പെടണമെങ്കില്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഇടതുപക്ഷം ശക്തിപ്പെട്ടേ മതിയാകൂ.

കര്‍ഷകരുടെയും തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും ദളിതരുടെയും അവകാശങ്ങള്‍ അപഹരിക്കപ്പെടാതിരിക്കാന്‍ ഇടതുപക്ഷത്തിന്റെ ശക്തമായ സ്വാധീനം മുന്‍ കാലങ്ങളിലെന്നപോലെ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഉണ്ടായേ തീരൂ. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും ഇവരുടെയൊക്കെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിരന്തരം സമരങ്ങളില്‍ ഏര്‍പ്പെട്ടത് ഇടതുപക്ഷമാണ്.

കേരളത്തിന് അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ കഴിയുന്ന രാഷ്ട്രീയ സംവിധാനം കേന്ദ്രത്തിലുണ്ടാകേണ്ടതുണ്ട്. കോണ്‍ഗ്രസേതര- ബി ജെ പിയേതര സര്‍ക്കാറുകള്‍ കേന്ദ്രത്തില്‍ വന്ന ഘട്ടങ്ങളിലാണ് തീരദേശ റെയില്‍വേ മുതല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക പ്രാധാന്യമുള്ള കാര്യങ്ങളൊക്കെ നേടാന്‍ കഴിഞ്ഞത് എന്നത് ഓര്‍മിക്കണം. കേന്ദ്രത്തില്‍ നിന്നുള്ള നികുതി ഓഹരി ന്യായയുക്തമായി ലഭിക്കണം. ഇതര സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന സ്‌പെഷ്യല്‍ പാക്കേജ് അടക്കമുള്ള ആനുകൂല്യങ്ങള്‍ കേരളത്തിനും ലഭിക്കണം. കേരളത്തിന്റെ റബ്ബര്‍, വെളിച്ചെണ്ണ തുടങ്ങിയവ കമ്പോളം കിട്ടാതെ കെട്ടിക്കിടക്കുകയും ഇറക്കുമതി റബ്ബര്‍, പാമോയില്‍ തുടങ്ങിയവ കമ്പോളത്തെ കീഴടക്കുകയും ചെയ്യുന്ന ഇറക്കുമതി നയം തിരുത്തപ്പെടണം. നാണ്യവിളകള്‍ക്കും തോട്ടവിളകള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും ന്യായവില കിട്ടണം. വിദേശനാണ്യ ശേഖരത്തിലേക്ക് വന്‍തോതില്‍ സംഭാവന ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് പുനരധിവാസത്തില്‍ സംരക്ഷണം ലഭിക്കണം. കേരളം വലിയ പുരോഗതി കൈവരിച്ചിട്ടുള്ള വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളില്‍ അടുത്തഘട്ട മുന്നേറ്റം ഉറപ്പാക്കാന്‍ കഴിയുന്ന സഹായം ലഭിക്കണം. ഊര്‍ജിത നെല്‍കൃഷി പോലെയുള്ള കേന്ദ്ര പദ്ധതികളില്‍ നെല്‍കൃഷിക്ക് പ്രാധാന്യമുള്ള കേരളത്തിന് പ്രാതിനിധ്യമുണ്ടാകണം. കോച്ച് ഫാക്ടറി മുതല്‍ എയിംസ് വരെയുള്ള വാഗ്ദാനങ്ങളും ആവശ്യങ്ങളും നിറവേറ്റപ്പെടണം.

ഇന്ത്യന്‍ മതേതരത്വത്തെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്ന നിലപാടുകള്‍ എന്നുമെടുത്തിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ ശക്തികളെ വിജയിപ്പിക്കുന്നതിലൂടെ ഇന്ത്യയെത്തന്നെ വീണ്ടെടുക്കുകയാകും നാം. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യന്‍ ജനാധിപത്യം ഏതു ദിശയില്‍ നീങ്ങണമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. ആ ഉത്തരവാദിത്വം ഇന്ത്യയുടെ ഭാവിക്ക് നല്ലത് എന്തായിരിക്കും എന്ന ചിന്തയോടെ നാം നിറവേറ്റണം.

കേരള മുഖ്യമന്ത്രി

Latest