ആന്ധ്രയിലും മഹാരാഷ്ട്രയിലും ലീഗ് കോൺഗ്രസിനെതിരെ; രാഹുലിന് ശക്തി പകരുന്നത് മലബാറിൽ മാത്രം

Posted on: April 21, 2019 4:37 pm | Last updated: April 21, 2019 at 4:37 pm

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലെ രാമനാഥപുരത്തും കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണിയിൽ മത്സരിച്ച് രാഹുൽ ഗാന്ധിയുടെ “കൈ’കൾക്ക് ശക്തി പകരുന്ന ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് ആന്ധ്രാ പ്രദേശിലും മഹാരാഷ്ട്രയിലും ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിച്ച് കോൺഗ്രസിന്റെ “കൈ’കളെ ദുർബലപ്പെടുത്തുന്നു. കേരളത്തിലെ മലപ്പുറം ജില്ലയുൾപ്പെടുന്ന മലബാറിൽ മാത്രം കാര്യമായ വേരുകളുള്ള മുസ്‌ലിം ലീഗ് കേരളത്തിൽ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരാനാണ് മത്സരിക്കുന്നതെന്നാണ് വ്യാപകമായി പ്രചരിപ്പിക്കുന്നതെങ്കിലും കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും സ്വീകരിച്ച ഈ ഇരട്ടത്താപ്പ് വിശദീകരിക്കാനാകാതെ കുഴങ്ങുകയാണ് കേരളത്തിലെ മുസ്‌ലിം ലീഗ് നേതൃത്വം.

രാജ്യം അപകട ഭീഷണിയിലാണെന്നും ഈ സാഹചര്യത്തിൽ വികസനത്തിനും രാഷ്ട്രീയത്തിനുമപ്പുറം നിലനിൽപ്പിനാണ് വോട്ട് ചെയ്യേണ്ടതെന്ന് വാദിക്കുന്ന മുസ്‌ലിം ലീഗ് ഇതിനായി കോൺഗ്രസിനും കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്കും മാത്രമേ വോട്ട് ചെയ്യാവൂവെന്നും വോട്ടർമാരോട് ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ ഇത് കേരളത്തിൽ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വൻ ഭീഷണി നേരിടുന്ന മണ്ഡലങ്ങളിൽ വോട്ടുറപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് വ്യക്തമാകുന്നത്. കേരളത്തിൽ ഇടതുമുന്നണിക്ക് പോലും വോട്ട് ചെയ്യരുതെന്ന് വോട്ടർമാരോട് ആവശ്യപ്പെടുന്ന മുസ്‌ലിം ലീഗ്, കോൺഗ്രസ് മുന്നണിക്കല്ലാതെ നൽകുന്ന വോട്ടുകൾ നരേന്ദ്ര മോദിയെയും ആർ എസ് എസിനേയും സഹായിക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ കേരളത്തിന് പുറത്ത് മുസ്‌ലിം ലീഗ് മത്സരിക്കുന്ന തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ഒഴികെ ആന്ധ്ര, മഹാരാഷ്ട്ര, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെയാണ് ലീഗ് സ്ഥാനാർഥികൾ മത്സരിക്കുന്നത്.

ആന്ധ്രാ പ്രദേശിൽ മുസ്‌ലിം ലീഗ് മത്സരിക്കുന്നിടങ്ങളിൽ രണ്ടിടത്തും കോൺഗ്രസും ബി ജെ പിയുമുൾപ്പെടെ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളാണ്. ഇവിടുത്തെ മുസ്‌ലിം ലീഗ് സ്ഥാനാർഥിയുടെ സാന്നിധ്യം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വിജയവാഡയിൽ എസ് കെ റിയാസും, നെരസാരോപേട്ടിൽ സുരഭി ദേവസഹായവും രാജംപേട്ടിൽ ഖാദർ വലീ ശൈഖുമാണ് കോൺഗ്രസിനെതിരെ മത്സരിക്കുന്ന ലീഗ് സ്ഥാനാർഥികൾ. എന്നാൽ മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ മുസ്‌ലിംലീഗിലെ അൽത്വാഫ് അഹ്്മദ്, റാവറിൽ റോഷൻ സിദ്ദീഖ് അലി, കല്യാണിൽ മുനീർ അഹ്്മദ് അൻസാരി എന്നിവരാണ് ബി ജെ പി- ശിവസേന സഖ്യത്തിന് സഹായകമാകുന്ന രീതിയിൽ മത്സര രംഗത്തുള്ളത്. ഇതിൽ ഹംഗോളിയിലും കല്യാണിലും കോൺഗ്രസിന്റെ പ്രധാന എതിരാളി ശിവസേനയാണ്. റാവറിൽ ബി ജെ പിയും.

മഹാരാഷ്ട്രയിലെ മൂന്നിടങ്ങളിലും മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കേരളത്തിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥികളെ പാർട്ടി ചിഹ്നത്തിലല്ല മത്സരിപ്പിക്കുന്നത് എന്ന കാരണത്താൽ പരിഹസിക്കുന്ന മുസ്‌ലിം ലീഗ് മഹാരാഷ്ട്രയിൽ ഹിംഗോളിയിലും റാവറിലും ഗ്യാസ് സിലിൻഡർ ചിഹ്നത്തിലും കല്യാണിൽ ഓട്ടോറിക്ഷ ചിഹ്നത്തിലുമാണ് ജനവിധി തേടുന്നത്.

ഖാസിം എ ഖാദർ