Connect with us

Career Education

സ്വപ്‌നമല്ല സിവിൽ സർവീസ്

Published

|

Last Updated

ഈയിടെ പുറത്തുവന്ന സിവിൽ സർവീസ് ഫലം ഓരോ മലയാളിക്കും ഏറെ അഭിമാനവും പ്രോത്സാഹനവും നൽകുന്നതാണ്. രാഷ്ട്രത്തിന്റെ ഭരണചക്രം തിരിക്കുന്ന പദവികൾ വയനാട്ടിലെ ഒരു ആദിവാസി കുടിയിൽ വരെ എത്തിയെന്നത് അത്യന്തം ആഹ്ലാദകരമായ കാര്യവും ഒപ്പം സിവിൽ സർവീസിലെത്താൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രചോദനവും കൂടിയാണ്. രാജ്യത്താദ്യമായി കുറിച്യ സമുദായാംഗമായ ശ്രീധന്യ വയനാട്ടിലെ ചോർന്നൊലിക്കുന്ന ആദിവാസി കുടിയിലേക്ക് 2019 ലെ സിവിൽ സർവീസ് വിജയം സമ്മാനിച്ചത് ഈ മേഖലയിൽലെത്താൻ കൊതിക്കുന്നവർക്കുള്ള ഉണർവാണ്. മെട്രോ നഗരങ്ങളോ കുടുംബമഹിമയോ സിവിൽ സർവീസ് പാരമ്പര്യമോ അല്ല സിവിൽ സർവീസിലേക്കുള്ള വഴി, മറിച്ച് കഠിനാധ്വാനവും നിശ്ചയദാർഢ്യവും തന്നെയെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ചിട്ടയായ പഠനവും ആഴത്തിലുള്ള അപഗ്രഥനവും അനിവാര്യമാണ് സിവിൽ സർവീസിന്. അതിനാൽ തന്നെ പരീക്ഷകളും അത്തരത്തിലുള്ളവയാണ്. ഏതു ബിരുദം എന്നതിലുപരി എന്തുമാത്രം അറിവും കഴിവും നേടി എന്നതാണ് പരീക്ഷിക്കുക.

സർവീസുകൾ
ഏതൊക്കെ

പൊതുഭരണം, ക്രമസമാധാനം, റവന്യൂ, കോർപറേറ്റ്, ഇൻഫർമേഷൻ, അക്കൗണ്ട്‌സ്, വിദേശകാര്യം തുടങ്ങി വിവിധങ്ങളായ മേഖലകളിലെ വിവിധ ജോലികൾക്കായാണ് സിവിൽ സർവീസ് പരീക്ഷയിലൂടെ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. കേവലം ഐ എ എസ് , ഐ പി ഐസ് മാത്രമാണ് ഈ സർവീസ് എന്ന പൊതുധാരണ ശരിയല്ല. ജില്ലാ കലക്ടർ മുതൽ ചീഫ് സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി വരെയുള്ള ഇന്ത്യൻ ഭരണ സർവീസും (ഐ എ എസ് ) കുറ്റാന്വേഷണവും ക്രമസമാധാനവും കൈകാര്യം ചെയ്യുന്ന ഐ പി എസ്, വിദേശകാര്യം നിയന്ത്രിക്കുന്ന ഇന്ത്യൻ ഫോറിൻ സർവീസ്, വാർത്താ പ്രക്ഷേപണ വിതരണ ശൃംഖലകൾ നിയന്ത്രിക്കുന്ന ഐ ഐ എസ് (ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്), സർക്കാർ വരവ് ചെലവ് കണക്കുകൾ നോക്കുന്ന ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്, റവന്യൂ വരുമാനവും ടാക്‌സും നിയന്ത്രിക്കുന്ന ഐ ആർ എസ്, ഇൻകംടാക്‌സ്, കസ്റ്റംസ്, പോസ്റ്റൽ സംവിധാനത്തെ നിയന്ത്രിക്കുന്ന ഇന്ത്യൻ പോസ്റ്റൽ സർവീസ്, ഇന്ത്യൻ റെയിൽവേ സർവീസ്, കോർപറേറ്റ് സർവീസ് തുടങ്ങി 24 വിവിധ സർവീസുകൾ ഉള്ള വിശാല മേഖലയാണിത്. ഏതെങ്കിലും ഒരു സർവീസ് മോശമെന്നോ മറ്റേത് മഹത്തരമെന്നോ പറയാനാകില്ല. ഇതിലെ ഓരോ സർവീസും സേവനത്തിലും രാഷ്ട്രനിർമാണത്തിലും സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

പരീക്ഷക്കുള്ള
യോഗ്യത

യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മാത്രമാണ് സിവിൽ സർവീസ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷക്ക് അപേക്ഷിക്കാം. എന്നാൽ, മെയിൻ പരീക്ഷക്ക് മുമ്പായി ബിരുദം നേടിയിരിക്കണമെന്ന് മാത്രം. 21 വയസ്സ് മുതൽ 32 വയസ്സ് വരെയാണ് പ്രായപരിധി. എസ് സി, എസ് ടി വിഭാഗക്കാർക്ക് 37 വയസ്സ്് വരെയും ഒ ബി സി വിഭാഗത്തിന് 35 വയസ്സ് വരെയും പരീക്ഷ എഴുതാവുന്നതാണ്.

പരീക്ഷാ രീതി

പ്രിലിമിനറി, മെയിൻ, എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നീ ഘട്ടങ്ങളായാണ് സിവിൽ സർവീസ് പരീക്ഷയിൽ ഉദ്യോഗാർഥിയെ പരീക്ഷിക്കുന്നത്. പ്രിലിമിനറി പരീക്ഷ ക്വാളിഫൈ ചെയ്താൽ മാത്രമേ മെയിൻ പരീക്ഷകൾക്ക് അപേക്ഷിക്കാനാകൂ. ശരാശരി വർഷം അഞ്ച് ലക്ഷത്തിലധികം പേരാണ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷിക്കാറുള്ളത്. ഇതിൽ നിന്നും പ്രസ്തുത വർഷത്തെ ഒഴിവുകളുടെ ഏകദേശം പതിമൂന്നിരട്ടി പേരെയാകും യു പി എസ് സി പ്രിലിമിനറിയിൽ യോഗ്യരാക്കുക. പ്രിലിമിനറിക്ക് ലഭിക്കുന്ന മാർക്കുകൾ സിവിൽ സർവീസ് റാങ്കിംഗിന് പരിഗണിക്കില്ല. കേവലം ഒരു സ്‌ക്രീനിംഗ് ടെസ്റ്റായി നമുക്കിതിനെ കാണാം. മെയിൻ പരീക്ഷക്ക് അപേക്ഷിച്ചവരിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങിയവരെ വീണ്ടും ഷോർട്ട് ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂവിന് ക്ഷണിക്കും. ഒഴിവുകളുടെ രണ്ടിരട്ടി പേരെയാകും ഇന്റർവ്യൂവിന് പങ്കെടുപ്പിക്കുക. മെയിൻ പരീക്ഷകളുടെയും ഇന്റർവ്യൂവിൽ ലഭിച്ച മാർക്കും ചേർത്താണ് സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് നിശ്ചയിക്കപ്പെടുന്നത്. ഓരോരുത്തരുടെയും റാങ്കും ചോയ്‌സും വഴിയാണ് വിവിധ സർവീസുകളിലേക്കുള്ള അലോട്ട്‌മെന്റ്.

പ്രിലിമിനറി
കടക്കാൻ

ലക്ഷക്കണക്കിന് സിവിൽ സർവീസ് ഉദ്യോഗാർഥികളിൽ നടക്കുന്ന ഒരു അരിച്ചെടുക്കൽ പ്രക്രിയയാണ് പ്രിലിമിനറി. ഈ സ്‌ക്രീനിംഗ് ടെസ്റ്റിൽ അഭിരുചി പരീക്ഷയാണ് മുഖ്യം. സിവിൽ സർവീസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സിസാറ്റ്) എന്നാണ് പ്രിലിമിനറിയെ വിളിക്കുന്നത്. 200 മാർക്കുള്ള രണ്ട് പേപ്പറുകളുണ്ട്. രണ്ട് മണിക്കൂർ ആണ് പരീക്ഷാ സമയം. എല്ലാം ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ്. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കും ഉണ്ടെന്ന വസ്തുത അറിഞ്ഞിരിക്കേണ്ടതുണ്ട്.
സയൻസ്, രാഷ്ട്രമീമാംസ, ജനറൽ നോളജ്, ഭൂമിശാസ്ത്രം, ചരിത്രം എന്നിവയടങ്ങിയതാണ് ഒന്നാം പേപ്പർ. ആപ്റ്റിറ്റ്യൂഡ്, തീരുമാനങ്ങളെടുക്കാനുള്ള ശേഷി എന്നിവയുടെ പരീക്ഷണമാണ് രണ്ടാം പേപ്പറിൽ. അടിസ്ഥാന ഗണിതത്തിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഇവിടെ പ്രാധാന്യം നൽകുന്നു. പ്രിലിമിനറി പരീക്ഷയിൽ രണ്ടാം പേപ്പർ ഒരാൾ തുടർന്ന് പരീക്ഷ എഴുതണോ എന്ന് നിർണയിക്കുന്ന ഒന്നാണത്. ഈ പേപ്പറിൽ 33 ശതമാനം മാർക്ക് വാങ്ങിയാൽ മാത്രമേ ഒന്നാം പേപ്പർ മൂല്യനിർണയം നടത്തൂ.

മെയിൻ പരീക്ഷകളിലൂടെ, ഇന്റർവ്യൂ റൂമിൽ,
പരീക്ഷാ കേന്ദ്രങ്ങളും സമയക്രമവും,
എങ്ങനെ പഠിക്കണം….
തുടങ്ങിയ വിവരങ്ങൾ അടുത്ത ലക്കം

എം ഡി, സി ആപ്റ്റ്

Latest