Connect with us

Cover Story

ചരിത്രം ഉറഞ്ഞുകൂടിയ മഞ്ഞുകട്ടകള്‍

Published

|

Last Updated

സ്വിസ് ലബോറട്ടറിയിലെ വിവിധ യന്ത്രങ്ങൾ തീർക്കുന്ന ശബ്ദാന്തരീക്ഷത്തിൽ, മൗണ്ട് ബ്ലാങ്കിലെ ശാന്തമായ, തുറന്ന ആകാശത്തെ പറ്റി ഫ്രാങ്കോയിസ് ബർഗേ പറഞ്ഞുതുടങ്ങി: “സമുദ്ര നിരപ്പിൽ നിന്ന് 4200 മീറ്റർ ഉയരത്തിൽ, രാത്രി അത്രയും പ്രകാശഭരിതമാണെന്ന് നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കില്ല. ഭൂമിയിൽ നിന്നുള്ള പ്രകാശ മലിനീകരണം ഇല്ലെന്നതാണ് ആകാശത്തിന്റെ അപൂർവ പാൽവെണ്മക്ക് പിന്നിൽ. ഈ ജോലി ചെയ്യുമ്പോൾ ഹൃദയത്തിൽ പര്യവേക്ഷണം നടത്തുന്നയാൾ ആകണമെന്ന് സഹപ്രവർത്തകരോട് ഞാൻ പറയും.” അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ഇറ്റലിയിലെ വെനീസിൽ കാ ഫോസ്‌കാരി യൂനിവേഴ്‌സിറ്റിയിലെ ഗ്ലേഷ്യോളജിസ്റ്റ് ആണ് ബർഗേ. “ദി ഐസ് മെമ്മറി” എന്ന പദ്ധതിയുടെ ഭാഗമായി ഇറ്റലിയെയും ഫ്രാൻസിനെയും വേർതിരിക്കുന്ന പ്രധാന കൊടുമുടിയിൽ 2016 ആഗസ്റ്റിലെ ഒരാഴ്ച ക്യാമ്പ് ചെയ്തപ്പോഴാണ് ബർഗേയുടെ വീക്ഷണങ്ങളെ മാറ്റിമറിക്കുന്ന സംഭവങ്ങളുണ്ടായത്.

കോൾ ഡു ഡോം ഹിമപർവതത്തിൽ നിന്ന് മഞ്ഞുകട്ട അയിര് ശേഖരിക്കുന്ന പദ്ധതിയായിരുന്നു അത്. അവ അടിവാരത്തേക്ക് കൊണ്ടുവന്ന് ഗ്രെനോബ്ലിഌലെ ലാബിൽ സൂക്ഷിക്കും. ഒരു ദിവസം ഈ മഞ്ഞുകട്ടകളെല്ലാം അന്റാർട്ടിക്കയിലെത്തും. അവിടെ, ഈ മഞ്ഞുകട്ടകൾ സംഭരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും; അപൂർവ നിധിശേഖരം. അങ്ങനെ, ഇവ ഉൾവഹിക്കുന്ന അറിവ് വരും നൂറ്റാണ്ടുകളിലേക്ക് സംരക്ഷിക്കണം. ഇതൊക്കെയാണ് പദ്ധതി. ആദ്യ ദൗത്യത്തിന് ശേഷം ബോളീവിയയിലെ 6300 മീറ്റർ ഉയരത്തിലുള്ള ഇല്ലിമാനി പർവതത്തിലേക്കാണ് സംഘം പോയത്. ഹെലികോപ്ടർ ലഭ്യമല്ലാത്തതിനാൽ അവിടെ നിന്നുള്ള മഞ്ഞുകട്ടകൾ കാൽനടയായാണ് അടിവാരത്ത് എത്തിച്ചത്. ഈ വർഷം ഇതേ സംഘം ടാൻസാനിയയിലെ കിളിമഞ്ചാരോവിലെത്തും. തുടർന്ന്, അപായസാധ്യത കൂടിയ ഓരോ പർവതവും കയറും.

അലിഞ്ഞുപോകുന്നത്
പ്രധാന അറിവുകളും

മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനം കാരണം മഞ്ഞുമലകൾ അതിവേഗം ചുരുങ്ങുന്നതായി ഗവേഷകർ പറയുന്നു. ആഗോള താപനം മാറ്റമില്ലാതെ തുടരുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിയിലെ അധിക മഞ്ഞ് ആവരണവും നഷ്ടപ്പെടുമെന്ന് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഭരണകൂടങ്ങൾക്കിടയിലെ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്രീൻലാൻഡ്‌സും അന്റാർക്കിയിലെ ഹിമപാളികളും മാത്രമെ ബാക്കിയുണ്ടാകൂ. 150 കോടി ജനങ്ങൾ കുടിവെള്ളത്തിനും ജലസേചനത്തിനും ആശ്രയിക്കുന്നത് മഞ്ഞുമലകളെയാണ്. അവ നഷ്ടപ്പെടുന്നത് വലിയ ദുരന്തമായിരിക്കും സൃഷ്ടിക്കുക.

മഞ്ഞുരുകുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡങ്ങൾ പോലുള്ള സ്ഥലങ്ങളിൽ ജലക്ഷാമത്തിന് കാരണമാകുന്നു എന്നാണ് പലപ്പോഴും ആശങ്ക ഉയരാറുള്ളത്. എന്നാൽ, ഒരു ചരിത്രരേഖ എന്ന നിലയിൽ മഞ്ഞുകട്ടയെ സംബന്ധിച്ച് ശാസ്ത്രജ്ഞർ പഠിക്കുന്നുണ്ട്. ആ കാഴ്ചപ്പാടിൽ, മഞ്ഞുരുക്കത്തോടെ നഷ്ടമാകുന്നത് പ്രധാന വിവരങ്ങൾ കൂടിയാണ്. അതിനാൽ ഇതുസംബന്ധിച്ച് ചിലത് ചെയ്‌തേ പറ്റൂ എന്ന തീരുമാനത്തിലാണ് നേരത്തെ സൂചിപ്പിച്ച പര്യവേക്ഷണ സംഘം. അതിനായി ലോകത്തെ പർവതശിഖിരങ്ങളിൽ നിന്നുള്ള മഞ്ഞുകട്ടകളുടെ സാമ്പിളുകൾ ശേഖരിച്ച് സൂക്ഷിക്കുകയാണ് ഫ്രഞ്ച് കാലാവസ്ഥാവിദഗ്ധരുടെയും ഗ്ലേഷ്യോളജിസ്റ്റുകളുടെയും സഹായത്തോടെ ബാർബന്റെയും സംഘവും. മഞ്ഞുകട്ടയുടെ ഓരോ അയിരും ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം പേറുന്നുണ്ട്. നേരിയ വാതക കുമിളകൾ, പൊടിയുടെ അംശങ്ങൾ, പരാഗരേണു, അണുജീവി തുടങ്ങിയവയെല്ലാം അടങ്ങിയതാണ് മഞ്ഞുകട്ട. മനുഷ്യൻ രേഖപ്പെടുത്തി വെക്കൽ ആരംഭിക്കുന്നതിന് മുമ്പുള്ള സംഭവങ്ങളിലേക്കുള്ള കിളിവാതിലാകും ഇവയൊക്കെ.

മഞ്ഞുമലയുടെ ഉപരിതലം കുഴിച്ച്, ഒരു പ്രാവശ്യം ഒരു മീറ്റർ മഞ്ഞുകട്ട അയിരാണ് വേർതിരിച്ചെടുക്കാൻ സാധിക്കുക. കണ്ടെയ്‌നറിൽ കൊണ്ടുപോകുന്നതിന് മുമ്പ് പ്രാഥമിക വിശകലനം നടത്തും. 10 സെന്റിമീറ്റർ വീതിയുള്ള രീതിയിലാണ് കൊണ്ടുപോകുക. പഴയ മഞ്ഞുകട്ട പാളികൾ ലഭിക്കുന്നതിന് ആഴത്തിൽ കുഴിക്കുമ്പോൾ ഈ പ്രക്രിയ നൂറുകണക്കിന് പ്രാവശ്യം ആവർത്തിക്കും. ചിലപ്പോൾ 900 മീറ്റർ വരെയൊക്കെ കുഴിക്കും. ആഴത്തിൽ കുഴിക്കുമ്പോൾ, മഞ്ഞുകട്ടയുടെ ഓരോ മീറ്ററും മുകളിലെ പാളികളുടെ ഭാരം കാരണം ഘനീഭവിക്കും. അഥവാ, അവ കൂടുതൽ രാസവസ്തുക്കളും തന്മാത്രകളും സംഭരിച്ചിരിക്കുന്നു എന്നർഥം. ലാബിൽ വെച്ച്, അയിരുകൾ വൃത്തിയാക്കുകയും നിയന്ത്രിത അന്തരീക്ഷത്തിൽ സാമ്പിളുകൾ പതുക്കെ അലിയിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഗ്ലേഷ്യോളജിസ്റ്റുകൾക്ക് ലോഹങ്ങളോ കാർബൺ ഡയോക്‌സൈഡ് പോലുള്ള വാതകങ്ങളോ തിരിച്ചറിയാനുള്ള വെള്ളം വിശകലനം ചെയ്യാൻ സാധിക്കും. ഫോസിൽ തെർമോമീറ്ററായും മഞ്ഞുകട്ടകൾക്ക് പ്രവർത്തിക്കാൻ സാധിക്കുമെന്ന് ബർഗേ പറയുന്നു. കാരണം, മഞ്ഞ് ആവരണം വീണ സമയത്തെ താപനില ആയിരിക്കും അതിൽ രേഖപ്പെട്ടിട്ടുണ്ടാകുക.

സംഭരണശാല
അന്റാർട്ടിക്കയിൽ

ഈ വിവരം ഉപയോഗിച്ച്, ദശലക്ഷം വർഷങ്ങളായുള്ള ഭൂമിയുടെ കാലാവസ്ഥാ പരിണാമം പുനഃസൃഷ്ടിക്കാനും കാലാവസ്ഥാ വ്യതിയാനത്തിന് ബദൽ സൃഷ്ടിക്കാനും ശാസ്ത്രജ്ഞർക്ക് സാധിക്കും. ഉദാഹരണത്തിന്, ബർഗേയുടെ ലാബിൽ ഗ്രീൻലാൻഡിൽ നിന്ന് ശേഖരിച്ച 6000 വർഷം പഴക്കമുള്ള മഞ്ഞുകട്ട അയിരിൽ നിന്ന് ഇരുമ്പ് അംശങ്ങൾ വേർതിരിച്ചെടുക്കുന്നുണ്ട്. ലോഹത്തിന്റെ അതിസൂക്ഷ്മ സാന്നിധ്യം, പുരാതന അഗ്നിപർവത സ്‌ഫോടന പ്രക്രിയയെ സംബന്ധിച്ച് സൂചനകൾ നൽകാനാകും. അഗ്നിപർവത സ്‌ഫോടനം വഴിയാണല്ലൊ അന്തരീക്ഷത്തിലേക്ക് ലോഹാംശമുള്ള പൊടി പരക്കുന്നത്. കഴുകിയതിന് ശേഷം, മഞ്ഞുകട്ട അയിരുകൾ കലവറയിൽ ദീർഘകാല സംഭരണത്തിനായി തയ്യാറാക്കുന്നു. വെനീസിലെയോ പാരീസിലെയോ വാണിജ്യ ശീതീകരണിയിൽ ഇത്തരം മഞ്ഞുകട്ട അയിരുകൾ സുരക്ഷിതമാണെന്ന് പലർക്കും അഭിപ്രായമുണ്ടാകാം. പക്ഷെ ഹ്രസ്വകാലത്തെ സംബന്ധിച്ചല്ല തങ്ങൾ ചിന്തിക്കുന്നതെന്ന് പറയുന്നു ബാർബന്റെ. 200 വർഷത്തിനപ്പുറം അവയുടെ നിലനിൽപ്പിന് വൈദ്യുതി ബിൽ അടക്കാൻ പോലും ആരെങ്കിലും തയ്യാറാകുമോയെന്ന് പറയാൻ സാധിക്കില്ല. ചരിത്രം അല്ലെങ്കിലും അങ്ങനെയാണല്ലൊ. സംഘർഷം, ഗവേഷണ മുൻഗണനകളുടെ മാറ്റം, പ്രകൃതി ദുരന്തങ്ങൾ അടക്കമുള്ള കാരണങ്ങളാൽ ഏതൊരു ദീർഘകാല ശാസ്ത്രീയ സംരംഭത്തിന്റെയും ഭാവി പ്രവചിക്കാൻ പ്രയാസമാണെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ കൂടുതൽ സുസ്ഥിര പരിഹാരത്തിലേക്ക് ചിന്തിക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചു. അങ്ങനെയാണ്, അവ സൂക്ഷിക്കാനുള്ള യോജിച്ച സ്ഥലമായി അന്റാർട്ടിക്കയെ തിരഞ്ഞെടുക്കുന്നത്. ഒന്നാമതായി, പ്രകൃതി ശീതീകരണിയാണ് അന്റാർട്ടിക്ക. ശരാശരി വാർഷിക താപനില മൈനസ് 50 ഡിഗ്രിയാണ്. മാത്രമല്ല, ഒരു രാജ്യത്തിന്റെയും ഭാഗമല്ല. ശാന്തമായ ശാസ്ത്രീയ ഗവേഷണങ്ങൾക്കുള്ള ഇടം. ഇതുസംബന്ധിച്ച് 53 രാഷ്ട്രങ്ങൾ ഒപ്പുവെച്ച അന്റാർട്ടിക് ഉടമ്പടി 1961ൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട് (1959ലാണ് ഒപ്പുവെച്ചത്).

 

ഭൂമിയുടെ ഭൂതകാലത്തേക്കുള്ള കിളിവാതിൽ

അപ്രത്യക്ഷമാകുന്ന മഞ്ഞുകട്ടകൾക്ക് സുരക്ഷിത സങ്കേതം ഒരുക്കുന്നത് ഇന്ന് ഭാവനയിൽ കാണാൻ പോലും സാധിക്കാത്ത നേട്ടങ്ങളായിരിക്കും കൊണ്ടുവരിക. പുതിയ മാർഗങ്ങളും സാങ്കേതികവിദ്യകളും വരുന്നതോടെ, നമ്മുടെ ഗ്രഹത്തിന്റെ ഭൂതകാലത്തെ സംബന്ധിച്ച പുതിയ ജാലകങ്ങൾ തുറക്കാൻ ശാസ്ത്രജ്ഞരെ പ്രാപ്തരാക്കും. മഞ്ഞുകട്ടയിൽ അടങ്ങിയ പുരാതന വൈറസിനെയും ബാക്ടീരിയയെയും പഠിക്കാൻ പോലുമാകും. ഒന്ന് സ്പർശിക്കുക പോലും ചെയ്യാതെ ഐസ് അയിരുകളെ വിശകലനം ചെയ്യാൻ സാധിക്കുന്ന തരത്തിലേക്ക് സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിലൂടെ സാധിക്കുമെന്ന് ബാർബന്റെ സ്വപ്‌നം കാണുന്നു. അതേസമയം ആ ഘട്ടത്തിലേക്ക് എത്താൻ അവ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.

ധ്രുവപ്രദേശത്തെ മഞ്ഞുകട്ടകളിലാണ് ശാസ്ത്രജ്ഞർ പലപ്പോഴും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അവിടെ നിന്ന് പുരാതന രേഖകൾ കണ്ടെത്താൻ അവരെ സഹായിക്കും എന്നതിനാലാണിത്. ചെറിയ പർവതത്തിലെ ഐസ് അയിരുകളെ നിരീക്ഷിച്ചാൽ ചെറിയ തോതിലുള്ള മാറ്റങ്ങളെ കണ്ടെത്താനാകൂ. ഇതിന് ഒരു മറുവശമുണ്ട്. ധ്രുവപ്രദേശത്തെ മാത്രം വിശകലനം ചെയ്യുന്നതിലൂടെ പ്രാദേശിക കാലാവസ്ഥയെ സംബന്ധിച്ച് വിശദമായ ചിത്രം സൃഷ്ടിക്കുന്നതിന് സാധിക്കില്ല. 2020ഓടെ അന്റാർട്ടിക്കയിൽ വൻതോതിൽ സാമ്പിളുകൾ ശേഖരിക്കാൻ സാധിക്കുമെന്നാണ് ദി ഐസ് മെമ്മറി സംഘത്തിന്റെ പ്രതീക്ഷ. ഫ്രഞ്ച്- ഇറ്റാലിയൻ ഗവേഷണ കേന്ദ്രമായ കോൺകോർഡിയയിലാണ് ഇത് സംഭരിച്ചത്. ഗ്രീൻലാൻഡിൽ നേരത്തെ വിജയകരമായി പരീക്ഷിച്ച രീതിയാണ് ഗവേഷകർ ആസൂത്രണം ചെയ്യുന്നത്. ഒരു കിടങ്ങ് കുഴിച്ച് കാറ്റ് നിറച്ച ബലൂൺ അതിൽ വെച്ച് ഗുഹക്കുള്ള അച്ചായി ഉപയോഗിക്കുകയാണ് ആ രീതി. കിടങ്ങ് പഴയ രൂപത്തിലാകാൻ നേരത്തെ നീക്കം ചെയ്ത മഞ്ഞുകട്ട പൊട്ടിക്കും. അവ കട്ടപിടിക്കാൻ കുറച്ചു ദിവസം കാത്തിരിക്കും. ആ സമയം, ബലൂൺ ചുരുങ്ങുകയും സുഗമമായി നീക്കം ചെയ്യാനും സാധിക്കും. ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്തതുമായ ഘടനയാണ് ഇത്. മുകളിൽ കൂടുതൽ മഞ്ഞ് വീഴുന്നതിനാൽ ഒന്നോരണ്ടോ നൂറ്റാണ്ടുകൾ കൊണ്ട് ഈ ഘടന താഴ്ന്നുപോകാനുള്ള സാധ്യതയുണ്ട്. പക്ഷെ, അയിരുകൾ പുതിയ ഘടനയിലേക്ക് താരതമ്യേന എളുപ്പത്തിൽ നീങ്ങും. പദ്ധതിക്ക് യുനെസ്‌കോയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. റഷ്യ, അമേരിക്ക, ചൈന തുടങ്ങിയയിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ ദൗത്യത്തിൽ ചേരുന്നുണ്ട്.

ഏതാനും തലമുറകൾക്കപ്പുറം, ലോകത്തെ മഞ്ഞുമലകൾ ഉണ്ടാകുമോയെന്നതിൽ ശാസ്ത്രജ്ഞർക്ക് പ്രതീക്ഷ കുറവാണ്. അടുത്ത നൂറ്റാണ്ടിൽ മൂന്ന് ഭാഗം മഞ്ഞുകട്ടകളും ഉരുകിത്തീരും. പുരാതനത്വം പേറുന്ന മഞ്ഞുകട്ടകളുടെ നാവായി പിന്നെ ബാക്കിയാകുക, ഏതാനും മീറ്ററുകളുള്ള ഐസ് അയിരുകൾ മാത്രം.

(കടപ്പാട്: ബി ബി സി)
സ്വത. വിവ: പി എ കബീർ
pakabier@gmail.com
.

---- facebook comment plugin here -----

Latest