Connect with us

Ongoing News

വക്താക്കൾ പോലും വാഴാത്ത കോൺഗ്രസ്

Published

|

Last Updated

ശക്കീൽ അഹ്‌മദ്, പ്രിയങ്ക ചതുർവേദി, ടോം വടക്കൻ

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പ്രാദേശിക തലത്തിലും ദേശീയ തലത്തിലും വ്യാപകമായ കൊഴിഞ്ഞുപോക്കാണ് കോൺഗ്രസിൽ ഉണ്ടായിരിക്കുന്നത്. ഫാസിസത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോകുന്നവർ ബി ജെ പിയിലേക്കോ എൻ ഡി എ ഘടകകക്ഷിയിലേക്കോ ആണെന്നതാണ് മറ്റൊരു നിർഭാഗ്യകരമായ കാര്യം.

ഏറ്റവും ഒടുവിൽ പാർട്ടി വിട്ട പ്രിയങ്ക ചതുർവേദി മാധ്യമങ്ങൾക്ക് മുന്നിൽ കോൺഗ്രസിനെ നിരന്തരമായി പ്രതിനിധീകരിച്ചവരായിരുന്നു. വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനിക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ചതും ആക്ഷേപഹാസ്യത്തോടെ ഇറാനിയെ നേരിട്ടതും പ്രിയങ്കയായിരുന്നു. പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പ്രതിരോധിക്കാൻ സാധിക്കുമെങ്കിലും ദേശീയ നേതാക്കളുടെ കൂടുമാറ്റം കോൺഗ്രസിന് കടുത്ത തലവേദന തന്നെയുണ്ടാക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്.

എല്ലാ സംസ്ഥാനങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് പ്രവേശിച്ച കഴിഞ്ഞ ഒരുമാസത്തിനിടെ ഇത് മൂന്നാമത്തെ ദേശീയ വക്താവാണ് കോൺഗ്രസ് വിടുന്നത്.
കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവും വക്താവുമായിരുന്ന ടോം വടക്കൻ, ബിഹാറിൽ നിന്നുള്ള ശക്കീൽ അഹ്‌മദ് എന്നിവരാണ് ഇതിന് മുമ്പ് പാർട്ടി വിട്ടത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖേ പാട്ടീലും കോൺഗ്രസിനും ബി ജെ പിക്കും ഇടയിലെ നൂൽപ്പാലത്തിലാണ്.

അധികാരമോഹവും സീറ്റ് ലഭിക്കാത്തതിലെ നിരാശയുമാണ് ഇവരുടെ കൂടുമാറ്റത്തിന്റെ യഥാർഥ കാരണമെങ്കിലും ഇവർ ആരും ഇക്കാര്യം പുറത്തുപറയാറില്ല. സീറ്റ് ലഭിക്കത്തതിനാൽ പാർട്ടി വിട്ടെന്ന് പറഞ്ഞ് വിവാദത്തിൽ നിന്നും ഉത്തരവാദിത്വത്തിൽ നിന്നും കോൺഗ്രസ് നേതൃത്വത്തിന് തടിയൂരാൻ സാധിക്കില്ല. വർഷങ്ങളോളം കോൺഗ്രസിൽ പ്രവർത്തിച്ച നേതാക്കളിൽ പോലും അടിയുറച്ച ആദർശം ഇല്ലെന്ന വസ്തുത പാർട്ടിയുടെ പ്രത്യയശാസ്ത്ര പരാജയമായി വിലയിരുത്തപ്പെടും.

സീറ്റ് വിഭജനത്തിൽ അസംതൃപ്തനായാണ് ഏതാനും ദിവസം മുന്പ് ബിഹാർ കോൺഗ്രസിലെ മുതിർന്ന നേതാവ് ശക്കീൽ പാർട്ടി വിടുന്നത്. മധുബനി മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്. മഹാസഖ്യത്തോടുള്ള എതിർപ്പ് ചൂണ്ടിക്കാണിച്ചാണ് ഇവർ പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതോടെ ശക്കീലിന് കോൺഗ്രസിന്റെ വോട്ടുബേങ്കിൽ വിള്ളലുണ്ടാക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

രാജ്യ സ്‌നേഹം കൊണ്ട് പാർട്ടി വിടുന്നുവെന്ന വ്യാഖ്യാനവുമായി ബി ജെ പിയിലെത്തിയ ടോം വടക്കൻ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ വിശ്വസ്‌തനുമായിരുന്നു.

സ്വന്തം മകൻ ബി ജെ പിയുടെ സ്ഥാനാർഥിയായതോടെയാണ് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവിന്റെ മനസ്സിനുള്ളിലെ ബി ജെ പി ചായ്‌വ് ജനങ്ങൾക്ക് ബോധ്യമായത്. മകൻ സുജയ് വിഖേക്ക് വേണ്ടി രഹസ്യ യോഗങ്ങൾ സംഘടിപ്പിച്ച് വോട്ട് പിടിക്കുകയാണ് അദ്ദേഹം. എട്ട് വർഷത്തോളം പിതാവിന്റെ രാഷ്ട്രീയ കാര്യങ്ങൾ നോക്കി നടത്തുകയായിരുന്ന സുജയ് അപ്രതീക്ഷിതമായാണ് പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പ് സമയമായതിനാൽ രാധാകൃഷ്ണനെതിരെ നടപടി സ്വീകരിക്കാതെ മൗനം പാലിക്കുകയാണ് പാർട്ടി നേതൃത്വം. എന്നാൽ, സുജയ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ രാധാകൃഷ്ണൻ പാർട്ടി വിട്ടേക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

---- facebook comment plugin here -----

Latest