പരിഭാഷയിലെ പിഴവ്; വിശദീകരണവുമായി പിജെ കുര്യന്‍; ഏറ്റെടുത്തത് ആൻറോ ആൻറണി പറഞ്ഞതിനാൽ

Posted on: April 18, 2019 7:24 pm | Last updated: April 18, 2019 at 8:44 pm

പത്തനംതിട്ട: പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ പിഴവ് സംഭവിച്ചതിന് വിശദീകരണവുമായി പിജെ കുര്യന്‍ രംഗത്ത്. പ്രസംഗകന്‍ പറയുന്നത് പരിഭാഷകന് കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. സ്ഥാനാര്‍ഥി ആന്റോ ആന്റണി നിര്‍ബന്ധിച്ചത് കൊണ്ടാണ് പരിഭാഷപ്പെടുത്താന്‍ സമ്മതിച്ചത്. താന്‍ ഇതിന് മുമ്പും രാഹുലിന്റെയും സോണിയയുടെയും മന്‍മോഹന്‍ സിംഗിന്റെയും പ്രസംഗം തെറ്റ് കൂടാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂം:

പരിഭാഷയിലെ പാകപ്പിഴ

രാഹുല്‍ജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ ചില പാകപ്പിഴമൂലം സോഷ്യല്‍ മീഡിയയില്‍ പലരും എന്നെ അധിക്ഷേപിക്കുണ്ട്. അവരോടൊന്നും പരാതിയില്ല.

പ്രസംഗകന്‍ പറയുന്നത് പരിഭാഷകന് കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തു ചെയ്യും ? ഞാന്‍ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്. പത്തനംതിട്ടയില്‍ തന്നെ രാഹുല്‍ജിയുടെയും സോണിയാജിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് ശ്രീ.മന്‍മോഹന്‍സിങ്ങിന്റെ പ്രസംഗവും ഞാന്‍ മുന്‍പ് അപാകതകള്‍ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

‘സാര്‍ ഈ പണിയ്ക്ക് പോയത് എന്തിനാണ് എന്ന് ‘ ചില സുഹൃത്തുക്കള്‍ ചോദിക്കുന്നു. സ്ഥാനാര്‍ത്ഥി ശ്രീ .ആന്റോ ആന്റണി നിബന്ധിച്ചതുകൊണ്ടാണ് ഞാന്‍ പരിഭാഷയ്ക്ക് സമ്മതിച്ചത്. എ ഐ സി സി ഒബ്‌സര്‍വേര്‍റും ഡി സി സി പ്രസിഡന്റും ഇതേ നിലപാട് എടുത്തു.

ഞാന്‍ തന്നെ പരിഭാഷപ്പെടുത്തണമെന്ന് സ്ഥാനാര്‍ഥി നിര്‍ബന്ധിച്ചപ്പോള്‍ അത് അംഗീകരിച്ചു.’