പ്രധാന മന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചു; നിരീക്ഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Posted on: April 18, 2019 9:28 am | Last updated: April 18, 2019 at 12:01 pm

ഭുവനേശ്വര്‍: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച നിരീക്ഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഒഡീഷയിലെ സംബല്‍പൂര്‍ മണ്ഡലത്തിലെ നിരീക്ഷകനായ മുഹമ്മദ് മുഹ്‌സിനെയാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

എസ് പി ജി സുരക്ഷയുള്ളവരുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിക്കുന്നതാണ് ഉദ്യോഗസ്ഥന്റെ നടപടിയെന്നു കണ്ടെത്തിയതിനാലാണ് സസ്‌പെന്‍ഷനെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ഐ എ എസ് ഉദ്യോഗസ്ഥനാണ് മുഹ്‌സിന്‍. പരിശോധനക്കു ശേഷം ഒരു ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണല്‍ മണ്ഡലത്തിലെത്തി റിട്ടേണിംഗ് ഓഫീസര്‍, ജില്ലാ കലക്ടര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

സംസ്ഥാനത്തിനു പുറത്തുള്ള ഉദ്യോഗസ്ഥരെയാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ വിവിധ മേഖലകളില്‍ നിരീക്ഷകരായി നിയോഗിക്കുന്നത്.