Connect with us

Editorial

ചട്ടലംഘനം വ്യാപകം, കമ്മീഷന് ഉറക്കം

Published

|

Last Updated

“വര്‍ഗീയ, വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു? നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ കേട്ടു നിസ്സംഗരായി ഉറങ്ങുകയല്ല, പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ നടപടിയെടുക്കലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല”. സുപ്രീം കോടതിയുടേതാണ് ഈ വാക്കുകള്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബി എസ് പി നേതാവ് മായാവതിയുടെയും വര്‍ഗീയ പ്രസ്താവനകളില്‍ നടപടിയെടുക്കാതെ കമ്മീഷന്‍ നിസ്സംഗത പാലിച്ചതിനെതിരെയാണ് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കോടതി ബഞ്ച് ശക്തമായി പ്രതികരിച്ചത്. കോടതി വടിയെടുത്തതോടെ യോഗിക്ക് മൂന്ന് ദിവസവും മായാവതിക്ക് രണ്ട് ദിവസവും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി കമ്മീഷന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തു.

ഒറ്റപ്പെട്ട സംഭവമല്ല യോഗിയുടെയും മായാവതിയുടെയും തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങള്‍. വോട്ട് നേടാന്‍ ജാതീയവും വര്‍ഗീയവുമായ വികാരങ്ങളെ ചൂഷണം ചെയ്യരുതെന്നാണ് തിരഞ്ഞെടുപ്പ് ചട്ടം അനുശാസിക്കുന്നതെങ്കിലും ചട്ടങ്ങള്‍ കാറ്റില്‍ പറത്തി വിവിധ കക്ഷിനേതാക്കള്‍ രാജ്യത്തുടനീളം വിദ്വേഷ, വര്‍ഗീയ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കയാണ്. രണ്ട് ദിവസം മുമ്പ് വരെയുള്ള കണക്കനുസരിച്ച് നാനൂറോളം പെരുമാറ്റച്ചട്ട ലംഘന പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പിലെത്തിയിട്ടുണ്ട്. ഇതിലേറെയും വര്‍ഗീയ, വിദ്വേഷ പ്രസംഗങ്ങളെ ചൊല്ലിയാണ്. കേന്ദ്ര ഭരണ കക്ഷിയായ ബി ജെ പിയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി ഉള്‍പ്പടെ ഭരണരംഗത്തെ ഉത്തരവാദപ്പെട്ടവര്‍ പോലും ജാതീയതയും വര്‍ഗീയതയും മതവികാരങ്ങളും പ്രചാരണ രംഗത്ത് വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നത് ഇത്തവണത്തേത് പോലെ മുമ്പുണ്ടായിട്ടില്ല.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന പരാമര്‍ശം നടത്തിയത്. ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ ഉത്തരേന്ത്യയില്‍ നിന്ന് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ വയനാട്ടിലേക്ക് നീങ്ങിയതെന്നായിരുന്നു മഹാരാഷ്ട്ര വിദര്‍ഭയിലെ വാര്‍ധയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മോദി പറഞ്ഞത്. വയനാട് മണ്ഡലത്തില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണെന്ന് അദ്ദേഹത്തിന് അറിയാതെ പോയതോ എന്തോ? ഹിന്ദു ഭീകരര്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത് കോണ്‍ഗ്രസാണെന്നും ഈ പ്രയോഗത്തിന്റെ പാപഭാരം പേറുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ മത്സരിക്കാന്‍ പേടിയാണെന്നും മോദി തട്ടിവിട്ടു. വയനാട്ടില്‍ നടന്ന രാഹുലിന്റെ റാലി കണ്ടാല്‍ അത് നടന്നത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്ന് തിരിച്ചറിയാനാകില്ലെന്ന പ്രസ്താവനയിലൂടെ ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും വര്‍ഗീയത ആളിക്കത്തിക്കുകയായിരുന്നു. പാക്കിസ്ഥാന്‍ കൊടി, ജിഹാദി സഖ്യം തുടങ്ങിയ പരാമര്‍ശങ്ങളും രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ബി ജെ പി നേതൃത്വങ്ങളില്‍ നിന്ന് പുറത്തേക്ക് വമിച്ചു.
മുസ്‌ലിംകള്‍ ബി ജെ പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ താന്‍ എം പിയായാല്‍ അവര്‍ക്ക് ഒരു സഹായവും നല്‍കില്ലെന്ന പ്രസ്താവനയിലൂടെ മുസ്‌ലിം സമുദായത്തെ ഭീഷണിപ്പെടുത്തി വോട്ട് നേടാനുള്ള ശ്രമമാണ് ഉത്തര്‍പ്രദേശിലെ തന്റെ മണ്ഡലമായ സുല്‍ത്താന്‍പൂരില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി നടത്തിയത്.

കേരളത്തില്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയെ വേദിയില്‍ ഇരുത്തിക്കൊണ്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍പിള്ള പറഞ്ഞത് ശബരിമല പ്രചാരണ വിഷയമാക്കുമെന്നാണ്.

ആവര്‍ത്തിച്ചാവര്‍ത്തിച്ചു താന്‍ ശബരിമലയുടെ പേരും അയ്യന്റെ പേരും പറയുമെന്നും അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യാമെങ്കില്‍ ചെയ്‌തോളൂ എന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനു നേരെ ആറ്റിങ്ങല്‍ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ വെല്ലുവിളി. തൃശൂരില്‍ സുരേഷ് ഗോപിയും ഇത് തിരഞ്ഞെടുപ്പ് വിഷയമാക്കി. കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാന്‍ പോലും അനുവാദമില്ലെന്ന മോദിയുടെ പ്രസ്താവന കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ മംഗലാപുരത്തു വെച്ചായിരുന്നുവെങ്കിലും ശബരിമല പ്രചാരണായുധമാക്കാനുള്ള പ്രചോദനമായിരുന്നു ഇതുവഴി അദ്ദേഹം നല്‍കിയത്.

അതിനിടെ മുസ്‌ലിം സമുദായത്തെ പാടേ അവഹേളിക്കുന്ന പരാമര്‍ശങ്ങളാണ് ശനിയാഴ്ച വൈകിട്ട് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ അഡ്വ. ശ്രീധരന്‍പിള്ള നടത്തിയത്. “ഇസ്‌ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ. വസ്ത്രം മാറ്റി നോക്കിയാല്‍ അതറിയാമല്ലോ” എന്ന പ്രസ്താവനയിലൂടെ മുസ്‌ലിംകളുടെ സുന്നത്ത് കര്‍മത്തെ അപഹസിക്കുകയായിരുന്നു പിള്ള. ബി ജെ പി നേതാക്കള്‍ക്കിടയില്‍ അല്‍പം സംസ്‌കാരവും മാന്യതയുമുള്ള വ്യക്തിത്വമായാണ് ശ്രീധരന്‍പിള്ളയെ വിലയിരുത്തപ്പെട്ടിരുന്നത്. അദ്ദേഹത്തില്‍ നിന്ന് ഇത്തരം വാക്കുകള്‍ കേരള ജനത പ്രതീക്ഷിച്ചതല്ല.

ഭരണഘടനയുടെ കാവല്‍ക്കാരും രാജ്യത്തെ നിയമങ്ങളെ മാനിക്കേണ്ടവരുമാണ് ഭരണത്തിലിരിക്കുന്നവരും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും. ജനാധിപത്യത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വിശേഷിച്ചും ഇതനിവാര്യമാണ്. നിയമങ്ങളുടെ കാവല്‍ക്കാര്‍ തന്നെ അവയെ ലംഘിക്കുന്നവരായാല്‍ പിന്നെ ആരാണ് ഭരണഘടനയെയും നിയമങ്ങളെയും സംരക്ഷിക്കുക? നിയമലംഘകരെ പിടികൂടേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതൊന്നും കണ്ടില്ലെന്ന മട്ടില്‍ ഉറക്കം നടിക്കുകയും കോടതി ഇടപെടുമ്പോള്‍ മാത്രം ഉണരുകയും ചെയ്യുന്നു. സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ദിവാസ്വപ്‌നമായി മാറുകയാണ് രാജ്യത്ത്.

Latest