Connect with us

Articles

ന്യൂനപക്ഷങ്ങള്‍ മാത്രം വേട്ടക്കാരുടെ ലക്ഷ്യമാകുമ്പോള്‍

Published

|

Last Updated

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ കടുത്ത അനീതിയും ദുരിതവും അനുഭവിക്കുന്ന ജനവിഭാഗങ്ങളാണ്. ഇന്ത്യന്‍ ഭരണഘടന നമ്മുടെ ജനതക്ക് നല്‍കിയിട്ടുള്ള മൗലികാവകാശങ്ങള്‍ പോലും നിര്‍ഭാഗ്യവശാല്‍ ഈ ജനവിഭാഗത്തിന് ഭരണകൂടം കരുതിക്കൂട്ടി നിഷേധിച്ചുകൊണ്ടിരിക്കുകയാണ്.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ ശക്തിപ്പെട്ടത് നിലവിലുള്ള മോദി ഭരണകാലത്താണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭൂരിപക്ഷ പ്രീണനവും തീവ്ര ഹിന്ദുത്വ സമീപനവുമെല്ലാം ന്യൂനപക്ഷ വേട്ടക്ക് കളമൊരുക്കുകയാണുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ ഭൂരിപക്ഷ താത്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒന്നാണെന്നും ന്യൂനപക്ഷങ്ങളെ കടന്നാക്രമിച്ചാല്‍ ഭരണകൂടത്തിന്റെ സംരക്ഷണം അക്രമകാരികള്‍ക്ക് ലഭ്യമാകുമെന്നുമുള്ള ഒരു പ്രതീതി ഉത്തരേന്ത്യയില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. കന്നുകാലി മാംസം സൂക്ഷിച്ചെന്ന് ആരോപിച്ചുകൊണ്ട് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തി. ഇതേ കന്നുകാലികളുടെ പേരില്‍ ഇത്തരം കൊലപാതകങ്ങള്‍ ഡസന്‍കണക്കിന് ഉത്തരേന്ത്യയില്‍ അരങ്ങേറി. ഇത് ന്യൂനപക്ഷങ്ങളെയും പിന്നാക്ക ദളിത് വിഭാഗങ്ങളെയും ഭയചകിതരാക്കി തീര്‍ക്കുകയും ചെയ്തു.

സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള സവര്‍ണ ഹിന്ദുത്വവാദികള്‍ ചാതുര്‍വര്‍ണ്യവും അതിന്റെ ഭാഗമായ കടുത്ത ന്യൂനപക്ഷ വേട്ടയും അവരുടെ പ്രഖ്യാപിത ലക്ഷ്യമാക്കിയിരിക്കുകയാണല്ലോ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ സങ്കല്‍പ്പ് പത്രയില്‍ തന്നെ കടുത്ത ന്യൂനപക്ഷദ്രോഹം വ്യക്തമാക്കിയിട്ടുണ്ട്. സങ്കല്‍പ്പ് പത്രയില്‍ അവര്‍ വളരെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് പൗരത്വ ബില്‍. പാര്‍ലിമെന്റില്‍ അവതരിപ്പിച്ച പൗരത്വബില്ലില്‍ നിന്ന് മുസ്‌ലിംകളെ നേരത്തെ തന്നെ ഒഴിവാക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പൗരത്വം ലഭിക്കുന്നവരുടെ പട്ടികയില്‍ നിന്ന് ക്രിസ്ത്യാനികളെയും പാഴ്‌സികളെയും ഒഴിവാക്കിയിട്ടുണ്ട്. ഫലത്തില്‍ മുസ്‌ലിംകള്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരെയെല്ലാം പൗരത്വ ബില്ലില്‍ നിന്ന് ഒഴുവാക്കുകയാണ് ചെയ്തത്. എന്നാല്‍ വ്യാപകമായി കടുത്ത വിമര്‍ശനം ഇക്കാര്യത്തില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇപ്പോള്‍ മാനിഫെസ്റ്റോയിലെ പൗരത്വബില്ലില്‍ ക്രിസ്ത്യാനികളെ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം, അച്ചടിച്ച് ഇറക്കിയ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഈ മാറ്റം ഉള്‍ക്കൊള്ളിച്ചിട്ടില്ല. ക്രൈസ്തവരെ കൂടി ഉള്‍പ്പെടുത്തിയത് സങ്കല്‍പ്പ് പത്രയുടെ ഒടുവിലിറങ്ങിയ ഓണ്‍ലൈന്‍ പതിപ്പിലാണ്. പാഴ്‌സികള്‍ ബില്ലിന് പുറത്ത് തന്നെയാണ്.

ലോക രാഷ്ട്രങ്ങളില്‍ മുസ്‌ലിംകളുടെ ജനസംഖ്യ നോക്കുകയാണെങ്കില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഈ വിഭാഗത്തെ പൗരത്വബില്ലില്‍ നിന്ന് ഒഴിവാക്കിയുള്ള ബി ജെ പിയുടെ പ്രകടന പത്രിക അങ്ങേയറ്റം ന്യൂനപക്ഷ വിരുദ്ധമാണെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. രാജ്യത്തെ വലിയൊരു ശതമാനം വരുന്ന ജനങ്ങള്‍ക്ക് പൗരത്വം നിക്ഷേധിക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ താത്പര്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലുള്ള ഏകീകൃത സിവില്‍ നിയമവും ജമ്മു കശ്മീരിനെ സംബന്ധിച്ചുള്ള ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യലുമെല്ലാം ബി ജെ പി നേരത്തെ തന്നെ പറഞ്ഞുകൊണ്ടിരുന്നതാണ്. എല്ലാ കാര്യത്തിലുമുള്ള കടുത്ത ഹിന്ദുത്വ പ്രീണനം ഈ മാനിഫെസ്റ്റോയിലും കാണാം.

പാര്‍ലിമെന്റില്‍ അവതരിപ്പിച്ച പൗരത്വബില്ലില്‍ നിന്ന് മുസ്‌ലിംകളെയും പാഴ്‌സികളെയും ഒഴിവാക്കിയപ്പോള്‍ ഇതിനെതിരെ കാര്യമായി ശബ്ദിക്കാന്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. മറ്റു ചില പ്രതിപക്ഷ പാര്‍ട്ടികളും ഇടതുപക്ഷവുമാണ് ഈ അനീതിക്കെതിരായി അന്ന് പ്രതികരിച്ചത്.

കടുത്ത ന്യൂനപക്ഷ വിരുദ്ധമായ മുത്വലാഖ് ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചപ്പോഴും അതിനെതിരായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. വിവാഹ മോചനം എല്ലാ മതത്തിലുമുള്ളതാണ്. നീതീകരണമില്ലാത്ത വിവാഹ മോചനങ്ങളെല്ലാം സിവില്‍ കുറ്റമാകുമ്പോള്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം മുത്വലാഖിലൂടെയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതില്‍ എന്തു നീതീകരണമാണുള്ളത്? രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ രണ്ട് തട്ടിലാക്കുകയാണ് ബി ജെ പി ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷവിരുദ്ധ നിലപാട് നരസിംഹ റാവു സര്‍ക്കാറിന്റെ കാലത്ത് വ്യക്തമായി പുറത്തുവന്നിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത അന്നത്തെ സംഘ്പരിവാര്‍ നേതൃത്വത്തിലുണ്ടായിരുന്ന അദ്വാനിയെ പോലുള്ളവര്‍ക്കെതിരെ എന്തു നടപടികളാണ് നരസിംഹ റാവു സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. പള്ളിപൊളിച്ചവരെ സംരക്ഷിക്കുകയാണ് ആ സര്‍ക്കാര്‍ ചെയ്തത്.

കോണ്‍ഗ്രസുകാരനായ മധ്യപ്രദേശ് മുഖ്യമന്ത്രി കന്നുകാലി സംരക്ഷണത്തില്‍ ബി ജെ പിയെ തന്നെ കടത്തിവെട്ടുകയാണ്. ഇവിടെ പാവപ്പെട്ട ജനങ്ങള്‍ക്ക് ആവശ്യമായ ആശുപത്രികളില്ല. എന്നാല്‍ മുഖ്യമന്ത്രി സംസ്ഥാനത്ത് ഒട്ടാകെ പശുക്കള്‍ക്കായി ആശുപത്രികളും ഭക്ഷണശാലകളും തുറന്നിരിക്കുകയാണ്.

ഗുജറാത്ത്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പ് കാലം മുതല്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനം മാറ്റി കടുത്ത ഹിന്ദുത്വ നിലപാടാണ് സ്വീകരിച്ച് വരുന്നത്. ഓരോ പൊതു പരിപാടിക്കും മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷേത്രദര്‍ശനം ഒഴിവാക്കാനാകുന്നില്ല. കടുത്ത ഹിന്ദുത്വ സമീപനത്തില്‍ ബി ജെ പിയോട് മത്സരിക്കുകയാണ് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ്.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഏറ്റവും ശക്തമായ കടന്നാക്രമങ്ങളാണ് സംഘ്പരിവാറും മോദി ഭരണകൂടവും അഴിച്ച് വിട്ടിട്ടുള്ളത്. ഈ തിരഞ്ഞെടുപ്പിലൂടെ അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സ്ഥിതി അതീവ ഗുരുതരമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് തന്നെ ശത്രുവാര്, മിത്രമാര് എന്ന് മനസിലാക്കാനും അതിനനുസൃതമായി ഈ തിരഞ്ഞെടുപ്പില്‍ വിലപ്പെട്ട സമ്മതിദാനാവകാശം രേഖപ്പെടുത്താനും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ധീരമായി രംഗത്ത് വരേണ്ടിയിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിലെ ഇതുവരെയുള്ള ചുവരെഴുത്തുകള്‍ പ്രതീക്ഷക്ക് വകനല്‍കുന്നുണ്ട്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest