രാഹുല്‍ ഇന്ന് അഞ്ച് ജില്ലകളില്‍; കെ എം മാണിയുടെ വീടും സന്ദര്‍ശിക്കും

Posted on: April 16, 2019 9:21 am | Last updated: April 16, 2019 at 12:33 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച അഞ്ച് ജില്ലകളിലെത്തും. ഇതില്‍ നാലിടങ്ങളിലെ പൊതു പരിപാടികളില്‍ സംബന്ധിക്കുന്ന രാഹുല്‍ കോട്ടയത്തെ പാലായിലെത്തി അന്തരിച്ച മുന്‍ മന്ത്രി കെ എം മാണിയുടെ വീടും സന്ദര്‍ശിക്കും.

കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്റെ പ്രചാരണ പരിപാടിയിലാണ് രാഹുല്‍ ആദ്യം പങ്കെടുക്കുക. രാവിലെ 9.15ന് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 11 മണിക്ക് പത്തനംതിട്ടയിലെത്തി മുന്‍സിപ്പാലിറ്റി കെ കെ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു യോഗത്തില്‍ സംസാരിക്കും. ഉച്ചക്ക് ഒരുമണിയോടെയാകും കെ എം മാണിയുടെ വീട്ടിലെത്തുക.

ഉച്ചക്കു ശേഷം മൂന്നിന് ആലപ്പുഴ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഇവിടുത്തെ സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. പിന്നീട് തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകീട്ട് അഞ്ചിന് തലസ്ഥാനത്തെ യു ഡി എഫ് തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത് രാത്രി കണ്ണൂരിലേക്ക് പോകും.

ബുധനാഴ്ച രാവിലെ 7.30ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള യു ഡി എഫ് നേതാക്കളുമായി കൂടിക്കാഴ്ച. തുടര്‍ന്ന് താന്‍ മത്സരിക്കുന്ന മണ്ഡലമായ വയനാട്ടിലെത്തി അവിടുത്തെ പൊതു പരിപാടികളില്‍ സംബന്ധിക്കും.

ALSO READ  വൈകിയെങ്കിലും അവസാന സ്‌ഫോടനവും അപകടരഹിതം; ഗോള്‍ഡന്‍ കായലോരവും വീണു