രണ്ട് പാർട്ടിയിൽ കാലൂന്നി ജഡേജയുടെ ഭാര്യവീട്

Posted on: April 15, 2019 1:43 pm | Last updated: April 15, 2019 at 1:43 pm


അഹമ്മദാബാദ്: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബി ജെ പിയിൽ ചേർന്നതിന് പിന്നാലെ പിതാവും സഹോദരിയും കോൺഗ്രസിൽ.

കഴിഞ്ഞ മാസമാണ് റിവാബ ബി ജെ പിയിൽ ചേർന്നത്. ഈ നീക്കത്തിന് തിരിച്ചടിയായി അതേ വീട്ടിൽ നിന്ന് രണ്ട് പേരെ കോൺഗ്രസും കൂടെക്കൂട്ടുകയായിരുന്നു. റിവാബയുടെ പിതാവ് അനിരുദ്ധ് സിൻഹയും സഹോദരി നയ്നബയുമാണ്  കോൺഗ്രസിൽ അംഗത്വമെടുത്തത്. പാട്ടീദാർ സംവരണ നേതാവ് ഹാർദിക് പട്ടേലിന്റെ സാന്നിധ്യത്തിൽ ജാംനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ വെച്ചാണ് അനിരുദ്ധ് സിൻഹയും നയ്നബയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ജാംനഗർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മുലു കൊണ്ടോരിയുടെ സാന്നിധ്യവും ചടങ്ങിലുണ്ടായിരുന്നു.

കഴിഞ്ഞ മാസം മൂന്നിന് ഗുജറാത്തിലെ ജാംനഗറി സംസ്ഥാന കൃഷി മന്ത്രി ആർ സി ഫാൽഡു, പൂനം ബെൻ മാദാം എം പിയുടെയും സാന്നിധ്യത്തിലായിരുന്നു റിവാബ ബി ജെ പി പ്രവേശം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ തന്നെ ബി ജെ പിയുമായി റിവാബ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. കർണി സേനയുടെ വനിതാ വിഭാഗം പ്രസിഡന്റായ റിവാബ ജാംനഗറിൽ സ്ഥാനാർഥിയായേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.