ജാമ്യം നേടാതെ ലാലു; ആർ ജെ ഡി വിയർക്കുന്നു

Posted on: April 15, 2019 1:37 pm | Last updated: April 15, 2019 at 1:37 pm


പാറ്റ്‌ന: പാർട്ടി മേധാവി ലാലു പ്രസാദ് യാദവിന് ജാമ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ താര പ്രചാരകനില്ലാതെ വലയുകയാണ് ആർ ജെ ഡി. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ ജനങ്ങളെ ആവേശഭരിതരാക്കുന്ന ലാലുവില്ലാതെ ആർ ജെ ഡി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഇതാദ്യമാണ്. കുടുംബത്തിലെ കുഴപ്പങ്ങൾ കൂടിയാകുമ്പോൾ വല്ലാത്ത പ്രതിരോധത്തിലായ പാർട്ടിക്ക് അഭിമാന പോരാട്ടത്തിലേർപ്പെട്ട മൂന്ന് മണ്ഡലങ്ങളിൽ ലാലുവിന്റെ അസാന്നിധ്യം വലിയ പ്രശ്‌നമാകുമെന്നാണ് വിലയിരുത്തൽ.
പാടലീപുത്രയാണ് ഇതിൽ ഏറ്റവും മുഖ്യം. ഇവിടെ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൾ മിസാ ഭാരതിയാണ് ആർ ജെ ഡി സ്ഥാനാർഥി. കേന്ദ്ര മന്ത്രി രാം കൃപാൽ യാദവ് ആണ് മിസയുടെ എതിരാളി. ഒരു കാലത്ത് ലാലുവിന്റെ അടുത്തയാളായിരുന്ന രാം കൃപാൽ 2014ൽ ആർ ജെ ഡി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ട് ബി ജെ പിയിൽ ചേരുകയായിരുന്നു. ആ വർഷം മിസക്കെതിരെ ബി ജെ പി ടിക്കറ്റിൽ മത്സരിച്ചു. 40,000 വോട്ടിന് തോൽപ്പിച്ചു. ഇന്ന് ആ കണക്കു തീർക്കാൻ മിസ ഒരിക്കൽ കൂടി രാം കൃപാലിനെ എതിരിടാനിറങ്ങുമ്പോൾ ലാലുവിന്റെ അസാന്നിധ്യം വലിയ പ്രശ്‌നമാകുകയാണ്. ലാലുവിന്റെ മൂത്ത മകൻ തേജ് പ്രതാപാണ് സഹോദരിക്കായി ഇപ്പോൾ സജീവമായി പ്രചാരണ രംഗത്തുള്ളത്. എന്നാൽ, പിതാവുണ്ടാക്കിയ സ്വാധീനവും ആവേശവും നിലനിർത്താൻ തേജ് പ്രതാപിന് സാധിക്കുന്നില്ല. ഏഴാം ഘട്ടത്തിൽ മെയ് 19നാണ് ഇവിടെ വോട്ടെടുപ്പ്.

ആർ ജെ ഡിയുടെ മറ്റൊരു അഭിമാന മണ്ഡലമാണ് സരൺ. ഇവിടെ ചന്ദ്രികാ റായിയാണ് ആർ ജെ ഡി സ്ഥാനാർഥി. തേജ് പ്രതാപ് യാദവിന്റെ ഭാര്യാപിതാവാണ് ചന്ദ്രികാ റായി. ഭാര്യ ഐശ്വര്യ റായിയുമായി പിണങ്ങിയ തേജ് പ്രതാപ് വിവാഹ മോചനത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്. റായിക്ക് സീറ്റ് നൽകരുതെന്ന് തേജ് പ്രതാപ് ശക്തമായി വാദിച്ചിരുന്നു. അഥവാ നൽകിയാൽ താൻ എതിരാളിയായി മത്സരിക്കുമെന്ന് വരെ പ്രതാപ് ഭീഷണി മുഴക്കി. എന്നാൽ, ലാലു പ്രസാദ് യാദവ് കണ്ണുരുട്ടിയതോടെ അടങ്ങുകയായിരുന്നു. പർസയിൽ നിന്നുള്ള ആർ ജെ ഡി. എം എൽ എ കൂടിയായ റായിയെ സരണിൽ നിന്ന് ജയിപ്പിക്കണമെന്ന് ലാലുവിന് അതിയായ ആഗ്രഹമുണ്ട്. ഒന്ന് പുറത്തിറങ്ങിക്കിട്ടിയാൽ അത് നടക്കുമെന്ന് ലാലു അടുത്ത വൃത്തങ്ങളോട് പറഞ്ഞിട്ടുമുണ്ട്. ബി ജെ പിയുടെ രാജീവ് പ്രതാപ് റൂഡിയാണ് രജപുത് ശക്തി കേന്ദ്രമായ ഇവിടെ റായിയുടെ എതിരാളി. 2014ൽ ഇവിടെ റൂഡിക്കെതിരെ മത്സരിച്ചത് ലാലുവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയായിരുന്നു. 40,000 വോട്ടിന് തോറ്റു. ആ നാണക്കേട് ഇത്തവണ തീർക്കണമെന്നാണ് ലാലുവിന്റെ ആഗ്രഹം. അഞ്ചാം ഘട്ടത്തിൽ മെയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ്.
ലാലുവിനായി കേഴുന്ന മൂന്നാം മണ്ഡലം മധേപുരയാണ്. ഇവിടെ ആർ ജെ ഡി പിന്തുണയോടെ മത്സരിക്കുന്നത് ശരത് യാദവാണ്. ഒരു കാലത്ത് ലാലുവിന്റെ സുഹൃത്തും പിന്നീട് ശത്രുവും ഇപ്പോൾ വീണ്ടും സുഹൃത്തുമായ ശരത് യാദവിന്റെ വിജയം ആർ ജെ ഡിയുടെ അഭിമാന പ്രശ്‌നമാണ്. ഇവിടെ ത്രികോണ മത്സരമാണ് നടക്കുന്നത്. ജെ ഡിയുവിലെ ദിനേശ് ചന്ദ്ര യാദവും സിറ്റിംഗ് എം പി പപ്പു യാദവ് എന്ന രാജേഷ് രഞ്ജനും മത്സരരംഗത്തുണ്ട്. റോം പോപ്പിനാണെങ്കിൽ മധേപുര യാദവിനാണെന്ന ചൊല്ല് തന്നെ ഇവിടെയുണ്ട്. 2014ൽ പപ്പു യാദവ് ഇവിടെ നേരിട്ടത് ശരത് യാദവിനെ തന്നെയാണ്. അന്ന് ശരത് യാദവ് എൻ ഡി എ സ്ഥാനാർഥിയായിരുന്നു. ആർ ജെ ഡിക്ക് വേണ്ടി കളത്തിലിറങ്ങിയ പപ്പു യാദവിനായിരുന്നു അന്ന് വിജയം.
2019ൽ സ്ഥിതിയാകെ മാറി. നിതീഷ് കുമാർ മഹാസഖ്യം പൊളിച്ച് ബി ജെ പിയോടൊപ്പം പോയപ്പോൾ ശരത് യാദവ് ലോക് താന്ത്രിക് ജനതാദളിൽ പോയി. പപ്പു യാദവിനെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ആർ ജെ ഡി പുറത്താക്കിയപ്പോൾ അദ്ദേഹം ജൻ അധികാർ പാർട്ടിയുണ്ടാക്കി. അതുകൊണ്ട് പപ്പു യാദവിനെ ആർ ജെ ഡിക്ക് തോൽപ്പിച്ചേ തീരൂ. വിശ്വസിച്ച് കൂടെ നിൽക്കുന്ന ശരത് യാദവിനെ ജയിപ്പിക്കുകയും വേണം. മൂന്നാം ഘട്ടത്തിൽ ഏപ്രിൽ 23നാണ് ഇവിടെ വോട്ടെടുപ്പ്.