റഫാല്‍: രാഹുലിന്റെ പരാമര്‍ശത്തില്‍ സുപ്രീം കോടതി വിശദീകരണം തേടി

Posted on: April 15, 2019 12:42 pm | Last updated: April 16, 2019 at 9:22 am

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളില്‍ സുപ്രീം കോടതി വിശദീകരണം തേടി. ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ഉത്തരവിട്ടിട്ടുള്ളത്. രാഹുലിനെതിരായി കോടതിയലക്ഷ്യ ഹരജിയിലാണ് ഉത്തരവ്.

വിശേഷാധികാരമുള്ളതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട രേഖകള്‍ പുനപ്പരിശോധനാ ഹരജികള്‍ക്കൊപ്പം തെളിവായി സ്വീകരിക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനു പിന്നാലെ, കാവല്‍ക്കാരന്‍ കള്ളനാണെന്ന തന്റെ നിലപാട് കോടതി ശരിവച്ചിരിക്കുകയാണെന്ന് രാഹുല്‍ പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ ബി ജെ പി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

രേഖകള്‍ തെളിവായി പരിഗണിക്കാമെന്ന തീരുമാനം മാത്രമെ എടുത്തിട്ടുള്ളൂവെന്ന് കോടതി പറഞ്ഞു. കാവല്‍ക്കാരന്‍ കള്ളനാണെന്ന രീതിയിലുള്ള പരാമര്‍ശമൊന്നും കോടതി നടത്തിയിട്ടില്ല. ഉത്തരവ് മാധ്യമങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും മുന്നില്‍ തെറ്റായി അവതരിപ്പിക്കരുതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.