Connect with us

Saudi Arabia

പോർനിലം:  ഒ ഐ സി സി രാഷ്ട്രീയ സംവാദം സംഘടിപ്പിച്ചു 

Published

|

Last Updated

ദമ്മാം: പതിനേഴാം ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേര്‍ന്ന് കൊണ്ട് ദമ്മാം മലപ്പുറം ജില്ലാ ഒഐസിസി കമ്മിറ്റി സംഘടിപ്പിച്ച പോര്‍നിലം രാഷ്ട്രീയ സംവാദ പരിപാടി പ്രവാസി സംഘടനാ പ്രതിനിധികളുടെ വാദ-പ്രതിവാദങ്ങളാലും ചോദ്യോത്തരങ്ങളാലും ശ്രദ്ധേയമായി.

വിവിധ രാഷ്ട്രീയ കക്ഷികളുടെ തിരഞ്ഞെടുപ്പ് നയങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും വിശകലന വിമര്‍ശനത്തിന് വിധേയമാക്കി. ചര്‍ച്ചയില്‍ ഫാസിസത്തെ ഉന്മൂലനം ചെയ്ത് ജനാധിപത്യം പുനഃസ്ഥാപിക്കുവാനും മതേതര ഇന്ത്യയെ വീണ്ടെടുക്കുവാനും ഓരോ ഭാരതീയനും സജീവമായി കര്‍മ്മ രംഗത്തുണ്ടാകണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ചു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവാസി സംഘടനകളുടെ കിഴക്കന്‍ മേഖലയിലെ നേതാക്കളും പ്രവര്‍ത്തകരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ബിജു കല്ലുമല (പ്രസിഡണ്ട്, ഒഐസിസി ദമ്മാം റീജിയണല്‍ കമ്മറ്റി), ആലിക്കുട്ടി ഒളവട്ടൂര്‍ (കെഎംസിസി ), പവനന്‍ മൂലയ്ക്കല്‍ (നവോദയ), ബെന്‍സി മോഹന്‍ (നവയുഗം) എന്നിവര്‍ സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. മാധ്യമ പ്രവര്‍ത്തകന്‍ സുബൈര്‍ ഉദിനൂര്‍ മോഡറേറ്റരായിരുന്നു.

ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റ്് ഗഫൂര്‍ വണ്ടൂരിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി പി കെ അബ്ദുള്‍ റഹ്മാന്‍ സ്വാഗത പ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ അഹമദ് പുളിക്കല്‍, സി അബ്ദുല്‍ ഹമീദ്, പി എം നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു. ഒ ഐ സി സി ഭാരവാഹികളായ റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹന്‍, ആസിഫ് താനൂര്‍, ജമാല്‍, അബ്ബാസ് തറയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.