Connect with us

Articles

കോണ്‍ഗ്രസ്, യാഥാര്‍ഥ്യങ്ങള്‍ക്കും മരീചികക്കും മധ്യേ

Published

|

Last Updated

എതിരാളിക്ക് ആയുധം നല്‍കിയും മിത്ര സ്ഥാനത്തു നിര്‍ത്തേണ്ടവരെ ശത്രുവിന് കരുത്തേകാന്‍ പാകത്തിലുള്ള സ്ഥാനത്തേക്ക് മാറ്റിയുമുള്ള പോരാട്ടം! ഒറ്റക്ക് യുദ്ധം ജയിക്കാന്‍ പാകത്തില്‍ കരുത്താര്‍ജിച്ചുവെന്ന മിഥ്യാധാരണ മൂലം അടവും തന്ത്രവും പിഴക്കുന്നത് മനസ്സിലാകാതെ പോകുന്ന അവസ്ഥ. ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യത്തെ നിലനിര്‍ത്താനുമുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) എത്തിനില്‍ക്കുന്ന അവസ്ഥ ഇതാണെന്ന് പറയാതെ വയ്യ. പരാജയപ്പെടുത്തേണ്ടത് ഏകാധിപത്യ വാഴ്ചയുടെ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്ന വര്‍ഗീയ ഫാഷിസ്റ്റ് ശക്തിയെയാണെന്നും അതിന് എന്ത് വിട്ടുവീഴ്ചക്കും സന്നദ്ധമാകേണ്ടതുണ്ടെന്നും ഈ പാര്‍ട്ടിയുടെ നേതാക്കള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ തന്നെ അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷം രാജ്യം കണ്ട കാഴ്ച, ജനാധിപത്യം പുലരണമെന്നും രാജ്യം മതനിരപേക്ഷ നിലപാടുകളില്‍ അടിയുറച്ചു നില്‍ക്കണമെന്നും ചിന്തിക്കുന്നവര്‍ക്ക് പ്രതീക്ഷ പകരുന്നതായിരുന്നു. വിജയിച്ച സീറ്റുകളുടെ എണ്ണത്തില്‍ പിന്നില്‍ നിന്ന ജനതാദളിന് (സെക്യൂലറിന്) സര്‍ക്കാറിന്റെ നേതൃത്വം വാഗ്ദാനം ചെയ്ത് ബി ജെ പിയെ അധികാരത്തിന് പുറത്തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറായി. ഈ നയം നിര്‍ണായകമായ പൊതു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പിന്തുടരുമെന്നും ബി ജെ പി നയിക്കുന്ന എന്‍ ഡി എയെ പരാജയപ്പെടുത്താന്‍ പാകത്തില്‍ സഖ്യങ്ങളുണ്ടാക്കാന്‍ ശ്രമിക്കുമെന്നുമുള്ള തോന്നല്‍ അതിലൂടെ സൃഷ്ടിക്കപ്പെട്ടു. അതിനെ അസ്ഥാനത്താക്കിക്കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്ന കാഴ്ചയാണ്, ദൗര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്നത്. വെള്ളം ചേര്‍ക്കാത്ത നുണയും മറയില്ലാത്ത ചതിയും നിയന്ത്രണമേതുമില്ലാത്ത തീവ്ര വര്‍ഗീയതയുമാണ് അധികാരം കൈയാളുന്നവരുടെ മുഖ്യ ആയുധങ്ങള്‍. അതാണ് രാജ്യത്തിന്റെ ശരിയെന്ന പ്രചണ്ഡമായ പ്രചാരണത്തെ മാധ്യമങ്ങളൊക്കെ സഹായിക്കുകയും ചെയ്യുന്നു. ഇതൊക്കെയായിരിക്കും സംഭവിക്കുക എന്ന് മഷിനോട്ടമൊന്നും കൂടാതെ നേരത്തെ മനസ്സിലായതുമാണ്. എന്നിട്ടും എതിരാളിക്ക് ആയുധം നല്‍കുന്നതും മിത്ര സ്ഥാനത്തുണ്ടാകേണ്ടവരെ ദുര്‍ബലമാക്കുന്നതുമായ യുദ്ധതന്ത്രം കോണ്‍ഗ്രസ് തുടരുന്നുവെങ്കില്‍, രാജ്യത്തെ വര്‍ഗീയവാദികള്‍ക്ക് തീറെഴുതുകയാണ് അവര്‍.

ഉത്തര്‍പ്രദേശിലെ അടവുനയം
സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ചേരുന്ന സഖ്യത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ ഉത്തര്‍പ്രദേശിലെ പരമാവധി സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കാനും കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ച് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുമാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. എതിരാളിയെ പരാജയപ്പെടുത്താന്‍ ശക്തിയുള്ള സഖ്യത്തിന് തുണയേകുന്നതിന് പകരം, യുദ്ധത്തിന് കാഹളം മുഴങ്ങിയ ശേഷം സ്വന്തം പടയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. ബി ജെ പിയിലേക്ക് പോകുന്ന സവര്‍ണ വോട്ടുകളില്‍ വിള്ളലുണ്ടാക്കി, എസ് പി – ബി എസ് പി – ആര്‍ എല്‍ ഡി സഖ്യത്തെ സഹായിക്കലാണ് മത്സരിക്കുന്നതിന്റെ ഉദ്ദേശ്യമെന്ന് വാദമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക വന്നതോടെ അതിലും സംശയം ഉയരുകയാണ്. ബി എസ് പി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഭൂരിഭാഗത്തിലും ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നു കോണ്‍ഗ്രസ്. ചന്ദ്രശേഖര്‍ ആസാദ് എന്ന ദളിത് നേതാവിനെ ഒപ്പം നിര്‍ത്തി ആ വിഭാഗത്തിന്റെ വോട്ടുകളെ സ്വാധീനിക്കാനും ശ്രമിക്കുന്നു. ഇത് രണ്ടും ബി എസ് പി സ്ഥാനാര്‍ഥികള്‍ക്ക് പ്രതികൂലം. വോട്ട് ഭിന്നിച്ചാല്‍ നേട്ടമുണ്ടാകുക ബി ജെ പിക്ക്. സമാജ് വാദി പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഭൂരിഭാഗത്തിലും കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത് ദുര്‍ബലരായ സ്ഥാനാര്‍ഥികളെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായിരുന്ന എസ് പിയോട് കോണ്‍ഗ്രസ് മൃദു നിലപാട് സ്വീകരിക്കുന്നത് ബി എസ് പിയെ, പ്രത്യേകിച്ച് അതിന്റെ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ, സംശയത്തില്‍ നിര്‍ത്താന്‍ സാധ്യതയേറെ. അങ്ങനെ വന്നാല്‍ എസ് പി സ്ഥാനാര്‍ഥികള്‍ക്ക് ബി എസ് പി വോട്ട് കിട്ടാനുള്ള സാധ്യത മങ്ങും. അപ്പോഴും ഗുണം ബി ജെ പിക്ക്. യു പിയില്‍ ആകെയുള്ള 80 സീറ്റില്‍ 73 എണ്ണമാണ് സഖ്യകക്ഷിയായ അപ്‌നാ ദളിനൊപ്പം 2014ല്‍ ബി ജെ പി നേടിയത്. എസ് പിയും ബി എസ് പിയും ആര്‍ എല്‍ ഡിയും സഖ്യത്തിലായതോടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി ജെ പി പ്രതിനിധികളുടെ എണ്ണം വലിയ തോതില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ കടക്കലാണ് കോണ്‍ഗ്രസ് കത്തിവെക്കുന്നത്. വാരണാസിയില്‍ നരേന്ദ്ര മോദിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ പ്രിയങ്കാ ഗാന്ധിയെ നിയോഗിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുക കൂടി ചെയ്താല്‍ ബി ജെ പിക്കെതിരായ വോട്ടുകള്‍ കൂടുതല്‍ ഭിന്നിക്കും.

മികച്ച പത്രിക, തെറ്റായ സമയത്ത്
രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികകളെ ഇന്ത്യന്‍ യൂനിയനിലെ വോട്ടര്‍മാര്‍ അത്ര ഗൗരവത്തില്‍ എടുക്കാറില്ല. പ്രകടന പത്രികകളില്‍ പറയുന്നത് നടപ്പാക്കാനുള്ള കാര്യങ്ങളല്ലെന്ന ബോധ്യം അവര്‍ക്കുണ്ട്. കേന്ദ്ര മന്ത്രിയും ബി ജെ പിയുടെ മുതിര്‍ന്ന നേതാവുമായ നിതിന്‍ ഗഡ്കരി ഇക്കാര്യം അടുത്തിടെ തുറന്ന് പറയുകയും ചെയ്തിരുന്നു. ഇക്കുറി കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രകടന പത്രിക, പക്ഷേ വ്യത്യസ്തമാണ്. എല്ലാ കുടുംബങ്ങള്‍ക്കും കുറഞ്ഞ വരുമാനം ഉറപ്പാക്കുമെന്നതും കര്‍ഷക ബജറ്റ് അവതരിപ്പിക്കുമെന്നതുമുള്‍പ്പടെ ജനങ്ങളെ സ്വാധീനിക്കാവുന്ന പലതും അതിലുണ്ട്. മനുഷ്യാവകാശങ്ങളെയൊക്കെ ഹനിക്കും വിധത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്ന വാഗ്ദാനമാണ് ഏറ്റം പ്രധാനം. ദേശ സുരക്ഷാ നിയമം, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു എ പി എ), പൊതു സുരക്ഷാ നിയമം, ഗുണ്ടാ നിയമം, സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം എന്നിങ്ങനെ രാജ്യത്ത് നിലനില്‍ക്കുന്ന പലതും ഗുതുരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഹേതുവാണ്.
ഈ നിയമങ്ങളുടെയൊക്കെ ഇരകളില്‍ എണ്ണത്തില്‍ കൂടുതലുള്ള മുസ്‌ലിംകള്‍, അവര്‍ക്കെതിരെ ഏതു സമയത്തും ഉപയോഗിക്കാവുന്ന ആയുധങ്ങളായി ഇവയെ കണക്കാക്കുന്നു. ഇത്തരം കരി നിയമങ്ങള്‍ക്കെതിരായ വികാരം സൃഷ്ടിച്ചെടുക്കുന്നതില്‍ വലിയ പങ്ക് ആ സമൂഹത്തില്‍ നിന്നുള്ളവര്‍ വഹിക്കുന്നുമുണ്ട്. ഇവയില്‍ ഭേദഗതി വരുത്തുമെന്ന വാഗ്ദാനം മുസ്‌ലിം വിഭാഗത്തില്‍ അനുകൂല പ്രതികരണമുണ്ടാക്കാന്‍ സാധ്യത ഏറെയാണ്. അങ്ങനെയുണ്ടായാല്‍ മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കും. അതിന്റെ വലിയ ആഘാതമുണ്ടാകുക ഉത്തര്‍ പ്രദേശിലായിരിക്കും. എസ് പി – ബി എസ് പി – ആര്‍ എല്‍ ഡി സഖ്യത്തിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന മുസ്‌ലിം വോട്ട് ഭിന്നിച്ചാല്‍ ഗുണം ബി ജെ പിക്ക് മാത്രം. മനുഷ്യാവകാശങ്ങളെ ഹനിക്കുകയും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും ചെയ്യുന്ന ഈ നിയമങ്ങള്‍ പിന്‍വലിക്കപ്പെടുകയോ ഭേദഗതി ചെയ്യപ്പെടുകയോ വേണമെന്നതില്‍ തര്‍ക്കമില്ല. ഈ നിയമങ്ങളുടെയൊക്കെ സ്രഷ്ടാക്കളായ, അധികാരത്തിലിരിക്കെ ഇവയുപയോഗിച്ച് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടുനിന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഈ വാഗ്ദാനങ്ങളിലൂടെ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഈ വാഗ്ദാനങ്ങള്‍ മറുവശത്ത്, കപട ദേശീയതയും വ്യാജ രാജ്യ സ്‌നേഹവും ആധാരമാക്കുന്ന വര്‍ഗീയ ശക്തികള്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യും.

ഡല്‍ഹിയിലെ സ്വാര്‍ത്ഥത
ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആകെയുള്ള ഏഴില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്നും അവര്‍ അറിയിച്ചു. പാര്‍ട്ടിയില്‍ പോലും പ്രസക്തി നഷ്ടപ്പെട്ട ചില നേതാക്കളുടെ പിടിവാശി മൂലം ചര്‍ച്ചകള്‍ക്ക് പോലും മടിച്ചു കോണ്‍ഗ്രസ്. ഒടുവില്‍ ചര്‍ച്ചക്ക് തയ്യാറായപ്പോഴും സഖ്യം നിലവില്‍ വരണമെന്ന ആത്മാര്‍ഥമായ ആഗ്രഹം ആ പാര്‍ട്ടിക്കുണ്ടായില്ല. ഹരിയാനയിലും ചണ്ഡീഗഢിലും കൂടി സഖ്യമുണ്ടാകണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടുവെന്നും അത് സാധ്യമല്ലാത്തതിനാല്‍ ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കാനാകില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഹരിയാനയിലെ പത്ത് സീറ്റില്‍, ഒറ്റക്ക് മത്സരിച്ചാല്‍ ഒന്നില്‍പ്പോലും ജയിക്കാന്‍ സാധ്യതയില്ലാത്ത കോണ്‍ഗ്രസിന് എ എ പിയുള്ള സഖ്യം ഒരു സീറ്റിലെങ്കിലും ജയം സമ്മാനിച്ചാല്‍ ലാഭം മാത്രമേയുള്ളൂ. ഡല്‍ഹിയുടെ കാര്യവും മറിച്ചല്ല. എന്നിട്ടും സഖ്യത്തിന് തയ്യാറല്ല ഇപ്പോഴും. ഏറെ വൈകിയൊരു സഖ്യമുണ്ടായാല്‍ പോലും അത് ജനങ്ങളില്‍ വിശ്വാസ്യതയുണര്‍ത്തിക്കൊള്ളണമെന്നില്ല.

ഗുജറാത്തിലെ താന്‍പോരിമ
ബി ജെ പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഒരു വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയത്തിന് അടുത്തേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. നോട്ട് പിന്‍വലിക്കലും ജി എസ് ടി നടപ്പാക്കലുമൊക്കെ ഗ്രാമീണ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ പ്രതിസന്ധിയില്‍ അതൃപ്തരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കോണ്‍ഗ്രസിനൊപ്പം നിന്നതാണ് മികച്ച പ്രകടനം നടത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്. ഒപ്പം പട്ടേല്‍ സമുദായത്തിലുണ്ടായ ഭിന്നതയും. പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ കോണ്‍ഗ്രസിന് ഉറപ്പാക്കിയ അല്‍പ്പേഷ് താക്കുറീന്റെ സാന്നിധ്യവും കോണ്‍ഗ്രസിന് തുണയായി. നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ഊര്‍ജമുള്‍ക്കൊണ്ട് പൊതുതിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ഗുജറാത്തിലെ കോണ്‍ഗ്രസിനായില്ല. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സ്ഥാനാര്‍ഥിപ്പട്ടിക പൂരിപ്പിച്ചു തീര്‍ന്നത്. സ്ഥാനാര്‍ഥിപ്പട്ടികയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് അല്‍പ്പേഷ് താക്കൂര്‍ ആവശ്യപ്പെട്ടപ്പോള്‍, പാര്‍ട്ടിയുടെ പാരമ്പര്യവും വലുപ്പവും ചൂണ്ടിക്കാട്ടി പുത്തന്‍ കൂറ്റുകാര്‍ വലിയ അവകാശവാദത്തിന് പുറപ്പെടേണ്ട എന്ന് വിധിച്ചു സംസ്ഥാന നേതാക്കള്‍. പാര്‍ട്ടി സ്ഥാനങ്ങളൊക്കെ രാജിവെച്ച്, പ്രചാരണ രംഗത്തു നിന്ന് മാറിനില്‍ക്കുന്നു അല്‍പ്പേഷ് താക്കൂര്‍. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ കോണ്‍ഗ്രസിനോട് യോജിച്ചവരില്‍ വലിയൊരു ഭാഗം നിഷ്‌ക്രിയമായിരിക്കുന്നു.
2002ലെ വംശഹത്യാ ശ്രമത്തിലൂടെ സൃഷ്ടിച്ചെടുത്ത വര്‍ഗീയ ധ്രുവീകരണത്തിന്റെ ആനുകൂല്യം ഇപ്പോഴും നിലനിര്‍ത്തുന്ന ബി ജെ പി, ഗുജറാത്തിലെ 26 സീറ്റിലും വിജയം ആവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ഏതാനും സീറ്റുകളെങ്കിലും പിടിച്ചെടുക്കാനുള്ള അവസരം തുലച്ചു കളയുകയാണ് കോണ്‍ഗ്രസ്. സ്‌കോര്‍ ബോര്‍ഡില്‍ ഇക്കുറിയും പൂജ്യമാണെങ്കില്‍ പിന്നെ ഗുജറാത്തില്‍ കോണ്‍ഗ്രസിനൊരു തിരിച്ചുവരവ് അസാധ്യമാണെന്ന തോന്നല്‍ ആ പാര്‍ട്ടിയുടെ നേതാക്കള്‍ക്കാണല്ലോ ആദ്യമുണ്ടാകേണ്ടത്. മികച്ച വാഗ്ദാനം കിട്ടിയാല്‍ ബി ജെ പിയിലേക്ക് ചേക്കേറാന്‍ വരിനില്‍ക്കുന്ന അവരില്‍ ഭൂരിഭാഗത്തിനും അത്തരമൊരു തോന്നലുണ്ടാകാത്തതില്‍ അത്ഭുതമില്ല.
ഈ പട്ടിക ഇനിയും നീളും. കര്‍ണാടകയില്‍ സഖ്യ സര്‍ക്കാറിന്റെ ഭാഗമായിരിക്കുമ്പോഴും ചിലയിടത്തെങ്കിലും ജനതാദളിന്റെ (സെക്യുലര്‍) സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മടിയില്ല. ഉറപ്പുള്ള സഖ്യത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ കിട്ടിയ സീറ്റ്, മുന്‍ ധന – ആഭ്യന്തര മന്ത്രിയുടെ മകന് സമ്മാനിച്ച് ജനബന്ധമുള്ള നേതാക്കളെ അകറ്റി നിര്‍ത്താന്‍ മടിക്കുന്നുമില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിച്ച് കേവല ഭൂരിപക്ഷത്തിന്റെ പടിയിലെത്താനായതും ഛത്തീസ്ഗഢില്‍ ഒറ്റക്ക് വലിയ ഭൂരിപക്ഷം നേടാനായതും രാജ്യം ഒറ്റക്ക്് പിടിക്കാന്‍ ശക്തിയുള്ളവരാണ് ഇപ്പോഴും തങ്ങളെന്ന മരീചികയിലേക്ക് കോണ്‍ഗ്രസിനെ നയിച്ചിരിക്കുന്നു. അതിന്റെ തുടര്‍ച്ചയാണ് പല സംസ്ഥാനങ്ങളില്‍ പല രൂപത്തില്‍ പ്രകടമാകുന്നത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ അഞ്ചാണ്ടത്തെ ഭരണം ജീവിതത്തെയും സമൂഹത്തെയും തകര്‍ത്തെറിഞ്ഞതിനെക്കുറിച്ച് ബോധ്യമുണ്ട്, ഇന്ത്യന്‍ യൂനിയനിലെ സാധാരണ ജനത്തിന്. അവരത് നേരിട്ട് അനുഭവിച്ച് അറിഞ്ഞതുമാണ്. അവരെ ഒരുമിപ്പിച്ച് നിര്‍ത്താന്‍, യാഥാര്‍ഥ്യ ബോധത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാനേ, എതിരാളിക്ക് ആയുധം നല്‍കുന്ന പണി അവര്‍ തുടരുമ്പോഴും, സാധിക്കൂ.

രാജീവ് ശങ്കരന്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest