Connect with us

Travelogue

പടികൾ കയറി ഹാജി മലംഗിലേക്ക്

Published

|

Last Updated

മഹാരാഷ്ട്രയിലെ കല്യാൺ നഗരത്തിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ കിഴക്ക് മാറിയാണ് ഹാജി മലംഗ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമീണ കാഴ്ചകൾ കാണണമെങ്കിൽ രണ്ടായിരത്തോളം പടികൾ സാഹസികമായി താണ്ടി മലമുകളിലെത്തണമെന്ന് മാത്രം! രണ്ട് ദിവസത്തെ മുംബൈ ട്രിപ്പിൽ ആയിരുന്നു ഞങ്ങൾ 20 പേരടങ്ങുന്ന സംഘം. ആദ്യ ദിവസം മുംബൈയിലെ പ്രധാന സ്ഥലങ്ങളിലൊക്കെ ചുറ്റിക്കറങ്ങി. രണ്ടാം ദിവസം പുലർച്ചെ തന്നെ മുംബൈ ലോക്കലിൽ കല്യാണിലേക്ക് തിരിച്ചു. കല്യാണിൽ നിന്ന് പ്രാതൽ കഴിച്ച് ബസിൽ ഹാജി മലംഗിലേക്ക്.
താനെ ജില്ലയിലെ പ്രാന്തപ്രദേശങ്ങളിലൂടെ ബസ് കുലുങ്ങി പോയിക്കൊണ്ടിരുന്നു. ഉഷ്ണമായതിനാൽ നിരത്തിലെ പൊടിപടലങ്ങൾ ബസിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. പുറത്തെ കാഴ്ചകൾ കണ്ട് എപ്പോഴാണുറങ്ങിയതെന്നറിയില്ല. ബസ് ശക്തമായി കുലുങ്ങിയപ്പോഴാണ് ഞെട്ടിയുണർന്നത്. ഹാജി മലംഗിലെ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിന്റെ സൂചനയായിരുന്നു അത്. രണ്ടുമൂന്ന് പെട്ടിക്കടകളും ഷീറ്റു കൊണ്ട് മറച്ച ഒരു ഷെഡുമടങ്ങുന്നതാണ് ഹാജി മലംഗ് ബസ് സ്റ്റാൻഡ്. തീർത്തും വിജനമായ ആ പ്രദേശത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും മലനിരകളാണ്. ഇനി എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയാതെ ശങ്കിച്ചു നിൽക്കുമ്പോൾ മധ്യവയസ്‌കനായ നാടോടി വന്ന് ഹാജി മലംഗിലേക്കുള്ള വഴി കാണിച്ചു തന്നു. പെട്ടിക്കടയിൽ നിന്ന് വെള്ളകുപ്പികൾ വാങ്ങി നടത്തം തുടങ്ങി. രണ്ട് രൂപയാണ് പ്രവേശന ടിക്കറ്റ് വില.

മഹാരാഷ്ട്രയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ഹാജി മലംഗ്. മത, സമുദായ ഭേദമന്യേ ഒരുപാട് തീർഥാടകരാണ് ദിനംപ്രതി ഇവിടെ സന്ദർശിക്കുന്നത്. കൂടാതെ മികച്ച ട്രക്കിംഗ് അനുഭവവും സന്ദർശകരെ ആകർഷിക്കുന്നു. തുടക്കത്തിൽ തെല്ലാവേശത്തോടെയാണ് ഞങ്ങൾ കയറിയത്. തീർഥാടകർക്ക് ദാഹമകറ്റാനും വിശ്രമിക്കാനും ഒരുപാട് കടകൾ നിരത്തിനിരുവശങ്ങളിലും ധാരാളമായി കാണാം. പക്ഷേ ഉയരം കൂടുന്നതിനനുസരിച്ച് വെള്ളത്തിനും മറ്റും ഇരട്ടി വില കൊടുക്കണമെന്ന് മാത്രം. ഞാൻ തുടക്കം മുതൽ പടികളുടെ എണ്ണം പിടിച്ചിരുന്നു. ഏകദേശം നൂറെണ്ണം പിന്നിട്ടപ്പോൾ പടികളുടെ കാഠിന്യം വർധിച്ച് തുടങ്ങി. കുത്തനെയുള്ള പടികൾ ചവുട്ടിക്കയറാൻ നന്നായി ക്ലേശിക്കേണ്ടി വന്നു. പകുതിയായപ്പോഴേക്കും ഞങ്ങളാകെ തളർന്നു പോയിരുന്നു. കുപ്പിയിലെ വെള്ളം മുഴുവൻ തീർന്നു. തൊണ്ട വറ്റിവരണ്ടു. അടുത്തുള്ള കടയിൽ നന്ന് രണ്ട് കക്കിരി വാങ്ങി. ഞങ്ങൾക്ക് മുമ്പേ യാത്ര തിരിച്ച തീർഥാടകർ അങ്ങിങ്ങായി വിശ്രമിക്കുന്നുണ്ടായിരുന്നു. അൽപ്പം മുന്നോട്ടുപോയപ്പോൾ നിരത്തിന്റെ ഇടതുവശത്ത് ഒരു ഖുബ്ബ കണ്ടു. ഒരു ചെറിയ മഖ്ബറയും അൽപ്പം വിശാലമായ മാർബിൾ പാകിയ മുറ്റവുമടങ്ങുന്നതായിരുന്നു അവിടം. ഞങ്ങൾ കുറച്ച് സമയം അവിടെ വിശ്രമിച്ചു.


ക്ഷീണമെല്ലാം മാറ്റി വീണ്ടും നടത്തം തുടങ്ങി. പടിഞ്ഞാറ് വശത്ത് കല്യാൺ നഗരത്തിന്റെ ചില ഭാഗങ്ങൾ അവ്യക്തമായി കാണാം. കുറച്ചുകൂടി മുകളിലെത്തിയപ്പോൾ വാനരന്മാരുടെ ശല്യം തുടങ്ങി. എന്റെ കൈയിൽ കിറ്റുണ്ടായതിനാൽ രണ്ടുമൂന്ന് കുരങ്ങുകൾ ഒപ്പം കൂടി. ഞാൻ കൈയിലെ കവർ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചു. ഏകദേശം 1800 പടികൾ താണ്ടിയപ്പോൾ ഞങ്ങൾ ഹാജി മലംഗിലെ പ്രവേശന കവാടത്തിലെത്തി. വലതുവശത്ത് മൊട്ടക്കുന്നുകളും ഇടതു ഭാഗത്ത് ചെറ്റക്കുടിലുകളും നിറഞ്ഞ ആ നിരത്തിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു. മുന്നോട്ട് പോകുന്നതിനനുസരിച്ച് കുടിലുകൾ കടകളായി പരിണമിക്കാൻ തുടങ്ങി.

ഹോട്ടലുകളും ഫാൻസി, പലചരക്ക് കടകളുമടങ്ങുന്ന ഇവിടം തീർഥാടകർക്ക് അത്ഭുത കാഴ്ചയാണ് സമ്മാനിക്കുന്നത്. തെരുവിന്റെ സമീപത്ത് ചെറിയ സ്‌കൂളുമുണ്ട്. യൂനിഫോം ധരിച്ച കുട്ടികൾ പമ്പരവും ഗോലിയും കളിക്കുന്നു.
ഹാജി മലംഗിലെ പ്രധാന മഖ്ബറയിലെത്തിയപ്പോഴേക്കും 12 മണി കഴിഞ്ഞിരുന്നു. ഞങ്ങൾ മഖ്ബറയിൽ കയറി പ്രാർഥിച്ച് കഴിഞ്ഞപ്പോഴേക്ക് വാങ്ക് വിളിച്ചു. മഖ്ബറക്ക് വലത് വശത്ത് ചെറിയ പള്ളിയുണ്ട്. ളുഹ്ർ നിസ്‌കാര ശേഷം ഒരു പട്ടാമ്പിക്കാരനെ കണ്ടു. പത്ത് വർഷം മുമ്പാണദ്ദേഹം ഇവിടെയെത്തിയത്. ഇപ്പോൾ പള്ളിയും കാര്യങ്ങളുമായി അവിടെയാണ് താമസം. അദ്ദേഹം ഞങ്ങളെ ഭക്ഷണത്തിന് ക്ഷണിച്ചെങ്കിലും വേഗം യാത്ര തിരിക്കേണ്ടതിനാൽ സസന്തോഷം ആ ക്ഷണം നിരസിക്കേണ്ടി വന്നു. ഹാജി മലംഗിലെ പ്രധാന മഖ്ബറയെ ചുറ്റിപ്പറ്റിയാണ് അവിടെയുള്ള മുഴുവൻ കടകളും മറ്റും പ്രവർത്തിക്കുന്നത്. മുസ്‌ലിംകളും അമുസ്‌ലിംകളുമായി ആയിരത്തിലധികം പേരാണ് കച്ചവടവും മറ്റുമായി അവിടെ താമസിക്കുന്നത്. കടകളിലേക്കും വീടുകളിലേക്കുമുള്ള മുഴുവൻ വസ്തുക്കളും ചുമന്നുകൊണ്ടാണ് എത്തിക്കുന്നത്. ഹാജി മലംഗിലെ ഗ്രാമീണ കാഴ്ചകൾ ആസ്വദിച്ച് ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. ഇറങ്ങുമ്പോൾ രസകരമായ സംഭവമുണ്ടായി. മലമുകളിൽ താമസിക്കുന്ന നാടോടി വൃദ്ധയുടെ കൂടെയാണ് ഞങ്ങൾ കുറച്ചാളുകൾ തിരിച്ചിറങ്ങിയത്. ആ സ്ത്രീ കൈയിലൊരു ഊന്നുവടിയും പിടിച്ചാണ് ഇറങ്ങുന്നത്. ഞൊടിയിടയിൽ പടികൾ ചാടിച്ചാടിയാണ് അവരുടെ ഇറക്കം. ഞങ്ങൾക്ക് അവരുടെ കൂടെയെത്താൻ പ്രയാസപ്പെടേണ്ടി വന്നു. വർഷങ്ങളായി ഇവിടെ താമസിക്കുന്നതിന്റെ ഫലമായി അവർ ഈ മലയെ അതിജീവിച്ചിരിക്കുന്നു. താഴേക്കിറങ്ങുന്നതിനിടയിൽ നാല് പേർ മഞ്ചൽ ചുമന്ന് കയറുന്നത് കണ്ടു; നാട്ടുമൂപ്പനായിരിക്കണം. താഴെനിന്ന് നാടോടികളായ കച്ചവടക്കാർ കുട്ടയും ചുമന്നു കയറി വരുന്നു. യാതൊരു പ്രയാസവും ക്ലേശവുമില്ലാതെയാണവർ മല കയറുന്നത്. ഈ കാഴ്ചകൾക്കിടയിൽ ആ വൃദ്ധ അപ്രത്യക്ഷയായി. അവരുടെ കൂടെ മത്സരിച്ചിറങ്ങിയതിനാൽ 20 മിനുട്ട് കൊണ്ട് ഞങ്ങൾക്ക് താഴെയെത്താൻ സാധിച്ചു! മറ്റുള്ളവർ എത്തുന്നത് വരെ അര മണിക്കൂറോളം ഞങ്ങൾ ഹാജി മലംഗ് ബസ് സ്റ്റാൻഡിൽ വിശ്രമിച്ചു. ശേഷം റൂമിലേക്ക്.

ഫായിസ് പി വാക്കാലൂർ
• faizmuhammedvkr@gmail.com

Latest