വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വേഷപ്രച്ഛന്ന പരിവാറുകാര്‍

2014നു ശേഷം മോദി സര്‍ക്കാറും വിവിധ ബി ജെ പി സംസ്ഥാന സര്‍ക്കാറുകളും സ്‌കൂള്‍ കരിക്കുലം മുതല്‍ കേന്ദ്ര സര്‍വകലാശാലകള്‍ വരെ സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പാക്കുന്നതിനുള്ള എളുപ്പമാര്‍ഗമായി കാണുന്നുണ്ട്. സ്‌കൂള്‍ കരിക്കുലങ്ങളില്‍ വ്യാപകമായ തിരുത്തലുകള്‍ നടക്കുന്നതിന്റെ പുറമെ കേന്ദ്ര സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരത്തെയും യു ജി സി പോലുള്ള ഉന്നത വിദ്യാഭ്യാസ ഏജന്‍സികളെയും അട്ടിമറിക്കും വിധത്തിലുള്ള നടപടികളും നടന്നു വരുന്നു. ജെ എന്‍ യു സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇന്നേ വരെ ഇല്ലാത്തവിധം കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അലിഗഡ് മുസ്‌ലിം സര്‍വകലാശാലക്കകത്ത് സംസ്ഥാന പോലീസ് നടത്തുന്ന കടന്നുകയറ്റങ്ങള്‍ കേന്ദ്രം ഒരു നിലക്കും തടയുക പോയിട്ട് നിരുത്സാഹപ്പെടുത്തുക പോലും ചെയ്തില്ല. ന്യൂനപക്ഷ പദവിയുള്ള ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയക്ക് ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കുറച്ചു. ഉത്തരേന്ത്യയിലെ മിക്ക മുസ്‌ലിം പിന്നാക്ക മേഖലകളില്‍ നിന്നും അനേകം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇവിടെ ഫീസ് വര്‍ധനവിലൂടെ ഉണ്ടാകാന്‍ പോകുന്നത് താഴെത്തട്ടിലുള്ള മുസ്‌ലിംകളുടെ പ്രാതിനിധ്യക്കുറവാണെന്ന് സംഘ്പരിവാറിനറിയാം.
Posted on: April 12, 2019 10:53 am | Last updated: April 13, 2019 at 3:46 pm

അധികാരമുറപ്പിക്കാന്‍ സ്റ്റേറ്റിനെ നിയന്ത്രിക്കുന്ന ശക്തികള്‍ സ്റ്റേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന വിദ്യാഭ്യാസ സംവിധാനത്തെ അവര്‍ക്കനുസരിച്ച് പരുവപ്പെടുത്തുന്നതും ചൊല്‍പടിയിലാക്കുന്നതും ആധുനിക രാഷ്ട്രീയ ഘടനയുടെയും സംവിധാനത്തിന്റെയും സവിശേഷതയാണെന്ന് പ്രശസ്ത രാഷ്ട്രീയ മീമാംസ ശാസ്ത്രജ്ഞന്‍ ലൂയി ആല്‍ത്തൂസര്‍ നിരീക്ഷിക്കുന്നുണ്ട്. ഫാസിസം ചരിത്രത്തില്‍ എല്ലായിടത്തും അവരുടെ സുഗമമായ പ്രയോഗത്തിന് അക്രമണോത്സുകവും പ്രകോപനപരവും തീവ്രവുമായ വഴികള്‍ക്കു പുറമെ വളരെ ലളിതമെന്നു തോന്നിക്കുന്ന, അന്തര്‍ധാരകളിലൂടെയുള്ള മൃദു നിലപാടുകളുമെടുത്തിട്ടുണ്ട്. സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ച് വിമര്‍ശനങ്ങളെയും വിമത സ്വരങ്ങളെയും അടിച്ചമര്‍ത്തുകയോ ഇല്ലായ്മ ചെയ്യുകയോ ചെയ്യുന്ന തീവ്രമായ വഴികള്‍ ഫാസിസത്തിന്റെ ഏറ്റവും വ്യക്തമായ അടയാളമായിരിക്കും. അതേസമയം, പ്രകടമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്ക് വിപരീതമായ ചലനങ്ങളും പ്രതിരോധങ്ങളും രൂപപ്പെടുമെന്ന സ്വാഭാവികമായ വസ്തുത മുന്നില്‍ കണ്ട് മൃദുലമായി, ദീര്‍ഘ കാലാടിസ്ഥാനത്തില്‍ അധികാരം ഭദ്രമാക്കാന്‍ ഫാസിസം ശ്രമിക്കും. ഒരു തവണ അധികാരത്തില്‍ വന്നാല്‍ ദേശീയതക്ക് പുറമെ, വികസനം പോലുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന ഫാസിസം ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കും. പുറമെ, വിദ്യാഭ്യാസ സംവിധാനങ്ങളടക്കമുള്ള, വരും തലമുറകളെ സ്വാധീനിക്കത്തക്ക സാധ്യതകളെ ഉപയോഗപ്പെടുത്തുകയും ചെയ്യും.

ഇന്ത്യന്‍ സാഹചര്യത്തില്‍ സംഘ്പരിവാറിനെ പോലെ ഒരു ഫാസിസ്റ്റ് വിചാരധാര ഇത്തരം പ്രയോഗങ്ങള്‍ കൃത്യമായി നടപ്പാക്കുന്നത് നിരീക്ഷിക്കാനാകും. 2014നു ശേഷം മോദി സര്‍ക്കാറും വിവിധ ബി ജെ പി സംസ്ഥാന സര്‍ക്കാറുകളും സ്‌കൂള്‍ കരിക്കുലം മുതല്‍ കേന്ദ്ര സര്‍വകലാശാലകള്‍ വരെ സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പാക്കുന്നതിനുള്ള എളുപ്പമാര്‍ഗമായി കാണുന്നുണ്ട്. മോദിയുടെ കുട്ടിക്കാലത്തെ “വീര’ കഥകള്‍ ഉള്‍ക്കൊള്ളിച്ച ചിത്രകഥകള്‍ കുട്ടികളെ പഠിപ്പിക്കുന്നതു മുതല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് മോദി ടിപ്സുകള്‍ വരെയുണ്ട്. ഇതൊക്കെ ഒരു ഏകാധിപതിയുടെ ആശകളും സ്വയം പരിഹാസ്യനാകുന്ന പ്രധാനമന്ത്രിയെന്ന് നമുക്ക് പറഞ്ഞു ചിരിക്കാന്‍ വകയുള്ള കാര്യങ്ങളുമെന്നതിന്റെ അപ്പുറത്ത് കുഞ്ഞു മനസ്സുകളില്‍ അതുണ്ടാക്കാന്‍ പോകുന്ന സ്വാധീനം ചെറുതായിരിക്കില്ലെന്ന് ഓര്‍മിക്കണം. വസുന്ധര രാജെ രാജസ്ഥാന്‍ ഭരിക്കുമ്പോഴാണ് മുസ്‌ലിം ഭരണാധികാരികളുടെ ഇന്ത്യയെ പറ്റി കുട്ടികള്‍ ഇനി പഠിക്കേണ്ടെന്ന് തീരുമാനിക്കുന്നതും ചരിത്ര പുസ്തകങ്ങളില്‍ മാറ്റം വരുത്തുന്നതും. സ്‌കൂള്‍ കരിക്കുലങ്ങളില്‍ വ്യാപകമായ തിരുത്തലുകള്‍ നടക്കുന്നതിന്റെ പുറമെ കേന്ദ്ര സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരത്തെയും യു ജി സി പോലുള്ള ഉന്നത വിദ്യാഭ്യാസ ഏജന്‍സികളെയും അട്ടിമറിക്കും വിധത്തിലുള്ള നടപടികളും നടന്നു വരുന്നു. ആദ്യം സ്മൃതി ഇറാനിയും ഇപ്പോള്‍ പ്രകാശ് ജാവെദ്ക്കറും കൈകാര്യം ചെയ്യുന്ന മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ അപകടകരമായ പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം നടന്നു വന്നത്. പി എച്ച് ഡി ഗവേഷണങ്ങള്‍ക്ക് ദേശീയതാ താത്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രം തിരഞ്ഞെടുത്താല്‍ മതിയെന്ന മന്ത്രാലയത്തിന്റെ ഇടപെടല്‍ വന്നത് ഈ അടുത്താണ്. യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷനെ പിരിച്ചുവിട്ട് മറ്റൊരു ഉന്നത വിദ്യാഭ്യാസ സമിതി രൂപവത്കരിക്കാനുള്ള ശ്രമങ്ങളും അതിനിടക്ക് നടന്നിരുന്നു. ആസൂത്രണ കമ്മീഷനെ പിരിച്ചുവിട്ട് നീതി ആയോഗ് ഉണ്ടാക്കിയതുപോലെ തീര്‍ത്തും ദീര്‍ഘ വീക്ഷണം കുറഞ്ഞ ഒരു നടപടിയായി മാറുമായിരുന്ന ഈ സംഗതി ഇന്ത്യയിലെ വിദ്യാര്‍ഥി സമൂഹത്തിന്റെ ഭാഗ്യം കൊണ്ട് നടന്നില്ല.
മോദി സര്‍ക്കാറിനെതിരില്‍ സംഘടിതമായ ജനകീയ സ്വരങ്ങള്‍ ആദ്യം ഉയര്‍ന്നു കേട്ടത് വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നാണ്. സര്‍വകലാശാല അധികൃതരുടെ ക്രൂരമായ സവര്‍ണ ബോധത്തിന്റെ ഇരയായി ജീവന്‍ വെടിയേണ്ടി വന്ന ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ രോഹിത് വെമുല സംഘ്പരിവാറിനെതിരെയുള്ള വിദ്യാര്‍ഥി മുന്നേറ്റത്തിന്റെ ദേശീയതലത്തില്‍ തന്നെയുള്ള പ്രതീകമായി മാറി. അപ്പോഴും, സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ അപ്പാ റാവുവിനെ സംരക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അപ്പാ റാവുവും എ ബി വി പിയും കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ നടപ്പാക്കിയ രാഷ്ട്രീയ തിരിമറികളാണ് ഇത്തവണത്തെ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കണ്ടത്. രോഹിത് വെമുലയുടെ മരണത്തിനു ശേഷം ദേശവ്യാപകമായി ഉണ്ടായ ഫാസിസ്റ്റ്‌വിരുദ്ധ പ്രക്ഷോഭങ്ങളെ മുഴുവന്‍ നിരാശപ്പെടുത്തും വിധം എവിടെ നിന്നാണോ ഈ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നത് അവിടെ തന്നെ ഫാസിസം അധികാരമുറപ്പിക്കുന്നത് നാം കണ്ടു. അപ്പാ റാവുവിനെതിരെ ഉയര്‍ന്ന അഴിമതി, സ്വജനപക്ഷപാതം, മറ്റു ക്രമക്കേടുകള്‍ തുടങ്ങിയ ആരോപണങ്ങളെയെല്ലാം കണ്ടില്ലെന്നു നടിക്കാന്‍ യു ജി സി നിര്‍ബന്ധിക്കപ്പെട്ടു.

ഇത് തന്നെയാണ് നിലവില്‍ ജെ എന്‍ യുവിലും നടന്നു കൊണ്ടിരിക്കുന്നത്. ഈ സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇന്നേ വരെ ഇല്ലാത്തവിധം കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ചില യൂനിയന്‍ തിരഞ്ഞെടുപ്പുകളില്‍ എ ബി വി പി ഉണ്ടാക്കിയെടുത്ത സ്വാധീനം എങ്ങനെ രൂപപ്പെട്ടുവെന്ന് നോക്കിയാല്‍ ഇതിന്റെ കാര്യം മനസ്സിലാകും. സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്ന ജെ എന്‍ യുവിലെ സ്‌കൂളുകളെല്ലാം എ ബി വി പിയെ നിരാകരിക്കുമ്പോള്‍ ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കുന്ന സെന്ററുകളാണ് എ ബി വി പിക്ക് വോട്ട് കൊടുക്കുന്നത്. അതുകൊണ്ടുതന്നെ സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ സീറ്റ് വെട്ടിക്കുറച്ചും ശാസ്ത്ര വിഷയങ്ങള്‍ക്ക് സീറ്റുകള്‍ കുത്തനെ കൂട്ടിയും എ ബി വി പി അനുകൂല വോട്ടുകള്‍ അധികരിപ്പിക്കാമെന്ന് കേന്ദ്രത്തിന്റെ അടിമകളായി മാറിയ സര്‍വകലാശാല കണക്കുകൂട്ടുന്നു. ഇടത്, അംബേദ്കറേറ്റ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ ക്യാമ്പസില്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചു വിടുന്ന എ ബി വി പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്ന് മാത്രമല്ല, അതിനെതിരെയുള്ള സമരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ തികച്ചും ജനാധിപത്യ വിരുദ്ധമായ വിധം ശത്രുത വെച്ചുപുലര്‍ത്തുകയാണ് ചെയ്യുന്നത്. നജീബിന്റെ തിരോധാനവും ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയതും മുതല്‍ വളരെ ആസൂത്രിതമായ സംഘ്പരിവാര്‍ പദ്ധതികളാണ് സര്‍ക്കാറും സര്‍ക്കാര്‍ സംവിധാനങ്ങളും നടപ്പാക്കുന്നത്. ജെ എന്‍ യു ക്യാമ്പസിന്റെ മുദ്രയായി അടയാളപ്പെടുത്തപ്പെട്ടിരുന്ന, സ്വതന്ത്ര ചിന്തയുടെയും ജനാധിപത്യ വ്യവഹാരങ്ങളുടെയും പ്രതീകമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമക്ക് നേരെ മറുവശത്തു ഉയരുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമ നല്‍കുന്ന സന്ദേശം സംഘ്പരിവാര്‍ വിചാരധാരയുടെ മുഖം മിനുക്കിയ ആവിഷ്‌കാരമാകാനേ വഴിയുള്ളൂ. സ്വാമി വിവേകാനന്ദന്‍ സംഘ്പരിവാര്‍ പാളയത്തിലാണെന്ന് ഇതുകൊണ്ട് അര്‍ഥമില്ലെന്ന് കൂട്ടിച്ചേര്‍ക്കട്ടെ.

അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയെ കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ് ആര്‍ എസ് എസ്സിന്റെ വിദ്യാര്‍ഥി വിഭാഗമായ എ ബി വി പിയും സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങളും പ്രവര്‍ത്തിച്ചത്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയതിനു ശേഷം അലിഗഡിനെ തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ക്കും സംഘടിത ശ്രമങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാറിന്റെ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തി സഹായം നല്‍കാന്‍ സംഘ്പരിവാറിന് കഴിഞ്ഞു. സര്‍വകലാശാലക്കകത്ത് സംസ്ഥാന പോലീസ് നടത്തുന്ന കടന്നുകയറ്റങ്ങള്‍ കേന്ദ്രം ഒരു നിലക്കും തടയുക പോയിട്ട് നിരുത്സാഹപ്പെടുത്തുക പോലും ചെയ്തില്ല. കാലങ്ങളായി അലിഗഡ് സര്‍വകലാശാലയുടെ വിദ്യാര്‍ഥി യൂനിയന്‍ ഓഫീസിലുള്ള മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ അക്രമാസക്തമായ മാര്‍ച്ചിനെ തുടര്‍ന്ന് പോലീസ് വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ചാണ് മര്‍ദിച്ചത്. പിന്നീട് സര്‍വകലാശാലയെ ലക്ഷ്യം വെച്ച് സംഘ് അനുകൂല മാധ്യമങ്ങളുടെ വേട്ട ആരംഭിച്ചു. രാജ്യദ്രോഹവും ദേശവിരുദ്ധ പ്രവര്‍ത്തനവും ആരോപിച് പ്രൈം ടൈം ചര്‍ച്ചകള്‍ സംഘടിപ്പിച്ച മാധ്യമങ്ങള്‍, അലിഗഡും ഡല്‍ഹി ജാമിഅ മില്ലിയയുമൊക്കെ തീവ്രവാദികളെ നിര്‍മിക്കുന്ന നഴ്സറികളാണെന്ന നരേന്ദ്ര മോദിയുടെ പഴയ അച്ചിലാണ് വാര്‍ത്തകള്‍ നിര്‍മിച്ചത്. ക്യാമ്പസിനകത്ത് വിദ്വേഷ പ്രസംഗവുമായി എത്തിയ എം എല്‍ എയുടെ കാറിനു പിറകെ ഓടിയതിനാണ് 40 വിദ്യാര്‍ഥികള്‍ക്കെതിരില്‍ ദേശദ്രോഹക്കുറ്റം ചുമത്തിയത്.

ന്യൂനപക്ഷ പദവിയുള്ള ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയക്ക് ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കുറച്ചു. ഈ സര്‍വകലാശാലയുടെ നിലവാരം തകര്‍ക്കാനുള്ള ശ്രമങ്ങളും അരങ്ങേറുന്നു. ഫീസ് വര്‍ധിപ്പിച്ചുകൊണ്ട് ഫണ്ട് കണ്ടെത്തിയാല്‍ മതിയെന്നാണ് പൊതുവെ കെടുകാര്യസ്ഥതയുള്ള ജാമിയയുടെ അഡ്മിനിസ്‌ട്രേഷനുമേല്‍ സമ്മര്‍ദം. മുസ്‌ലിം സമുദായത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ പ്രതിഭകളെ സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന, പ്രൗഢമായ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രവും പാരമ്പര്യവുമുള്ള ഈ കേന്ദ്ര സര്‍വകലാശാല ആവശ്യമായ ഫണ്ട് അനുവദിച്ചു കിട്ടാത്തതിനാല്‍ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ഉത്തരേന്ത്യയിലെ മിക്ക മുസ്ലിം പിന്നാക്ക മേഖലകളില്‍ നിന്നും അനേകം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇവിടെ ഫീസ് വര്‍ധനവിലൂടെ ഉണ്ടാകാന്‍ പോകുന്നത് താഴെത്തട്ടിലുള്ള മുസ്‌ലിംകളുടെ പ്രാതിനിധ്യക്കുറവാണെന്ന് സംഘ്പരിവാറിനറിയാം. അവര്‍ക്ക് വേണ്ടതും അതാണ്. ഏഷ്യയിലെ ഏറ്റവും മികച്ച മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റടക്കം, സോഷ്യല്‍ വര്‍ക്ക്, നിയമ പഠനം, എന്‍ജിനീയറിംഗ് എന്നിങ്ങനെ മികച്ച കേന്ദ്രങ്ങളുള്ള സര്‍വകലാശാലക്ക് ഫണ്ടില്ലാത്തത് പ്രധാന പ്രശ്‌നമായി നിലനില്‍ക്കുകയാണ്. ഒപ്പം, വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കാന്‍ എ ബി വി പിയുടെ ശ്രമങ്ങളും നടക്കുന്നു. വിദ്യാര്‍ഥികള്‍ രാഷ്ട്രീയം പറയണ്ട എന്ന പിന്തിരിപ്പന്‍ നിലപാടാണ് അഡ്മിനിസ്‌ട്രേഷനുള്ളത്. ദേശീയ രാഷ്ട്രീയത്തിലേക്ക് മികച്ച മുസ്‌ലിം നേതാക്കള്‍ ആവശ്യമായിരിക്കെ, ന്യൂനപക്ഷ പദവിയുള്ള സര്‍വകലാശാലയുടെ ഭാഗത്തു നിന്ന് ഇങ്ങനെ അരാഷ്ട്രീയമായ നടപടിയുണ്ടാകുന്നത് അങ്ങേയറ്റം ഗുരുതരമാണ്.

200 പോയിന്റ് റോസ്റ്റര്‍ സംവിധാനത്തിന് പകരം 13 പോയിന്റ് റോസ്റ്റര്‍ സംവിധാനം നടപ്പാക്കാന്‍ ശ്രമിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയിലൂടെ എസ് സി/ എസ് ടി/ ഒ ബി സി പ്രാതിനിധ്യം അട്ടിമറിക്കാനാണ് ശ്രമിച്ചത്. അധ്യാപകര്‍ക്കിടയില്‍ സവര്‍ണ മേല്‍ക്കോയ്മ സ്ഥാപിക്കാനുള്ള ശ്രമം കൂടിയായിരുന്നു ഇത്. 2017 മാര്‍ച്ച് മാസത്തില്‍ ഡല്‍ഹിയില്‍ നടന്ന ആര്‍ എസ് എസ്സിന്റെ ഗ്യാന്‍ സംഘില്‍ പങ്കെടുത്തത് 50 ഉന്നത കലാലയങ്ങളില്‍ നിന്നുള്ള സ്ഥാപന മേധാവികളാണ്. ഏറെയും ഫണ്ട് വാങ്ങിയെടുക്കാന്‍ വേറെ നിവൃത്തിയില്ലാതെ ഓച്ഛാനിച്ചു നില്‍ക്കേണ്ടി വരുന്നവര്‍. കൂടെ കുറെ ഭക്തരും. വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പുകള്‍ മുതല്‍, അഡ്മിനിസ്‌ട്രേഷന്‍ അടക്കം, ഉന്നത വിദ്യാഭ്യാസ സമിതികള്‍ വരെ സംഘ്പരിവാറിന്റെ ആധിപത്യത്തിന് കീഴിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത്യന്തം അപകടകരമാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍വകലാശാലകള്‍ സ്ഥാപിക്കുമെന്നും മൊത്ത ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ തുക വകയിരുത്തുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ട്. സാര്‍വത്രിക വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാക്കിയ കോണ്‍ഗ്രസിന്റെ വിദ്യാഭ്യാസ നയം രാജ്യത്തിന് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്.

എന്‍ എസ് അബ്ദുല്‍ ഹമീദ്