കാവല്‍ക്കാരന് മുട്ടിടിക്കുന്നു, എന്ത് ചെയ്യാനാകും കോണ്‍ഗ്രസിന്?

രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തലയെടുപ്പുള്ള നേതാവായിരിക്കുന്നു രാഹുല്‍. ജനാധിപത്യം അതിന്റെ കുലീനത വീണ്ടെടുക്കുകയാണ് എന്ന് ബോധ്യപ്പെടുത്തുന്ന വാക്കുകളും ഇടപെടലുകളും. 2014ലെ അബദ്ധം ആവര്‍ത്തിക്കില്ലെന്ന് തീരുമാനിച്ച ജനം രാഹുലിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. മോദി അപകടം മണത്തിരിക്കുന്നു. വികസന നേട്ടങ്ങള്‍ ഒന്നുമില്ല. പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള മരുന്നും കൈയിലില്ല. അഴിമതിവിരുദ്ധം എന്ന് മിണ്ടാനാകില്ല, പ്രതിപക്ഷം റാഫേല്‍ എടുത്തിടും. തെളിവുകള്‍ മുഴുവന്‍ എതിരാണ്. ജനത്തിനും അത് ബോധ്യമുണ്ട്. ഊരാക്കുടുക്കിലാണ് മോദിയും കൂട്ടരും. തിരഞ്ഞെടുപ്പ് കടമ്പ കടക്കാന്‍ ഒരു വഴി മാത്രമേ അവരുടെ മുമ്പിലുള്ളൂ. അത് പച്ചയായ വര്‍ഗീയതയാണ്. അവരത് ആരംഭിച്ചുകഴിഞ്ഞു. ബി ജെ പി പ്രകടന പത്രിക വായിച്ചില്ലേ? രാമക്ഷേത്രം, ഏക സിവില്‍ കോഡ്, പൗരത്വ നിയമഭേദഗതി, 370ാം വകുപ്പ്.. ഭരണനേട്ടങ്ങള്‍ ഒന്നും പറയാനില്ലാത്ത ഒരു സര്‍ക്കാറിന്റെ കീഴടങ്ങല്‍ തെളിഞ്ഞുകിടപ്പുണ്ട് ആ പ്രകടന പത്രികയില്‍. എല്ലാം കൊണ്ടും മതനിരപേക്ഷ, ജനാധിപത്യ സര്‍ക്കാറിനെ ജനം ആഗ്രഹിക്കുന്ന കാലമാണ്. പ്രതിപക്ഷനിരയില്‍ വിള്ളല്‍ വീഴാതെ നോക്കേണ്ടത് കോണ്‍ഗ്രസാണ്. ഒപ്പം ദളിത്, ന്യൂനപക്ഷ സമൂഹങ്ങളെ ചേര്‍ത്തുനിര്‍ത്താനും അവര്‍ക്ക് കഴിയണം.
Posted on: April 11, 2019 10:35 am | Last updated: April 11, 2019 at 10:35 am

ലോക്‌സഭാ തിരഞ്ഞെടുപ്പ് അങ്കം മുറുകിയിരിക്കുന്നു. ഗോദയില്‍ മല്ലന്‍മാര്‍ അണിനിരന്നു കഴിഞ്ഞു. ആരോപണ പ്രത്യാരോപണങ്ങള്‍ അരങ്ങ് കൊഴുപ്പിക്കുന്നു. “ജയിക്കാന്‍ ഏതറ്റം വരെയും’ എന്നതാണ് മുദ്രാവാക്യം. വികസനവും ജനക്ഷേമവുമൊക്കെ മറന്ന് വര്‍ഗീയതയിലേക്കും വ്യക്തിഹത്യയിലേക്കും ആരോപണങ്ങള്‍ അതിരുവിടുന്നു. പ്രബുദ്ധ രാഷ്ട്രീയത്തിന്റെ മണ്ണായി കണക്കാക്കപ്പെടുന്ന കേരളത്തില്‍ പോലും ഇതാണവസ്ഥ.
ദേശീയതലത്തില്‍ തിരഞ്ഞെടുപ്പ് നയിക്കുന്നത് രണ്ട് നേതാക്കളാണ്. ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ എല്ലാ ലക്ഷണങ്ങളുമൊത്ത നേതാവ്. മറ്റെയാള്‍ രാഹുല്‍ ഗാന്ധിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ കക്ഷിയുടെ അധ്യക്ഷന്‍. അടുത്ത പ്രധാനമന്ത്രിയാകാന്‍ സാധ്യത കല്പിക്കപ്പെടുന്നയാള്‍. യാതൊരു സാമ്യവും സാധ്യമല്ലാത്ത വിധം വ്യത്യസ്ത ധ്രുവങ്ങളിലൂടെയാണ് ഇരുവരും സഞ്ചരിക്കുന്നത്.

മോദി ജനാധിപത്യത്തിലൂടെ ഏകാധിപത്യത്തെ ഒളിച്ചുകടത്തുന്നു. അസഹിഷ്ണുതയെ ആഘോഷിക്കുന്നു, മാധ്യമങ്ങളോടു മുഖം തിരിക്കുന്നു, ചോദ്യങ്ങളെ ഭയക്കുന്നു, പച്ചയായി വര്‍ഗീയത പ്രചരിപ്പിക്കുന്നു, കര്‍ഷകരെ കണ്ടില്ലെന്നു നടിക്കുന്നു, കുത്തകകള്‍ക്ക് വേണ്ടി പണിയെടുക്കുന്നു, ഭരണഘടനാ സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ പ്രതിഷ്ഠിക്കുന്നു, വിദ്യാഭ്യാസ രംഗം കാവിവത്കരിക്കുന്നു, സൈനിക നേട്ടങ്ങളെയും ശാസ്ത്ര മുന്നേറ്റങ്ങളെയും സ്വന്തം മേന്‍മയായി കൊട്ടിപ്പാടുന്നു, അഴിമതിക്ക് കുടചൂടുന്നു… അങ്ങനെ എണ്ണിപ്പറയാന്‍ നൂറുനൂറ് കാര്യങ്ങള്‍. ജനാധിപത്യത്തിന്റെ വിപരീത ദിശയിലൂടെയാണ് ഇന്ത്യ മോദിക്കാലത്ത് സഞ്ചരിച്ചത്. അഞ്ച് വര്‍ഷം മുമ്പ് ജനങ്ങള്‍ക്കു നല്‍കിയ ഒരു വാഗ്ദാനവും മോദി സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ആകെയുള്ളത് ഉള്ളുപൊള്ളയായ വാഗ്‌ധോരണികളാണ്.

മറുപക്ഷത്ത് രാഹുല്‍ ഗാന്ധിയാണ്. ആളാകെ മാറിയിരിക്കുന്നു. രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തലയെടുപ്പുള്ള നേതാവായിരിക്കുന്നു. വിമര്‍ശനങ്ങളില്‍ അദ്ദേഹം പതറിയില്ല. ചോദ്യങ്ങളോട് മുഖം തിരിച്ചില്ല. ഏത് ചോദ്യത്തിനും ഉത്തരം റെഡി. ജനാധിപത്യം അതിന്റെ കുലീനത വീണ്ടെടുക്കുകയാണ് എന്ന് ഓരോ ജനാധിപത്യ വിശ്വാസിയെയും ബോധ്യപ്പെടുത്തുന്ന വാക്കുകളും ഇടപെടലുകളും. എല്ലാം മികച്ചത്. പക്ഷേ, അദ്ദേഹത്തിന്റെ ടീം ഈ മികവിലേക്കുയര്‍ന്നിട്ടുണ്ടോ? സംശയമാണ്.

കാവല്‍ക്കാരന്റെ ഭീതികള്‍
2014ല്‍ ഇന്ത്യ വലിയൊരു അവിവേകം കാട്ടി. മോദിയെ അധികാരത്തിലേറ്റി എന്ന അവിവേകം. അഞ്ച് വര്‍ഷം രാജ്യം അതിനു പിഴയൊടുക്കുകയായിരുന്നു. അബദ്ധം ഇനി ആവര്‍ത്തിക്കില്ലെന്ന് ജനം തീരുമാനിച്ചു കഴിഞ്ഞു. കര്‍ഷകര്‍ മോദി സര്‍ക്കാറുമായുള്ള “മല്ലയുദ്ധം’ എന്നോ തുടങ്ങിയിട്ടുണ്ട്. അവര്‍ രാഹുലിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. മോദിയും കൂട്ടരും അപകടം മണത്തിരിക്കുന്നു. എടുത്തുപറയാന്‍ വികസന നേട്ടങ്ങള്‍ ഒന്നുമില്ല. പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള മരുന്നും കൈയിലില്ല. ബാലാകോട്ട്, സര്‍ജിക്കല്‍ സ്ട്രൈക്, മിഷന്‍ ശക്തി എന്നൊന്നും പറഞ്ഞു പിടിച്ചുനില്‍ക്കാനാകില്ല. അഴിമതിവിരുദ്ധം എന്ന് മിണ്ടാനാകില്ല, അപ്പോള്‍ പ്രതിപക്ഷം റാഫേല്‍ എടുത്തിടും. “കഞ്ഞിക്ക് വകയില്ലാത്ത’ കമ്പനിക്ക് വിമാനമുണ്ടാക്കാനുള്ള കരാര്‍ നല്‍കിയതിലൂടെ ഒഴുകിപ്പോയ കോടാനുകോടികളെ കുറിച്ച് ചോദ്യങ്ങളുണ്ടാകും. തെളിവുകള്‍ മുഴുവന്‍ എതിരാണ്. ജനത്തിനും അത് ബോധ്യമുണ്ട്. ഊരാക്കുടുക്കിലാണ് മോദിയും കൂട്ടരും. തിരഞ്ഞെടുപ്പ് കടമ്പ കടക്കാന്‍ ഒരു വഴി മാത്രമേ അവരുടെ മുമ്പിലുള്ളൂ. അത് പച്ചയായ വര്‍ഗീയതയാണ്. അവരത് ആരംഭിച്ചുകഴിഞ്ഞു.

പ്രധാനമന്ത്രിയുടെ ദിവസങ്ങള്‍ക്ക് മുമ്പുള്ള പ്രസ്താവന ശ്രദ്ധിച്ചുവോ? ഹിന്ദുക്കളെ പേടിച്ച് മുസ്‌ലിംകള്‍ കൂടുതല്‍ ഉള്ളിടത്തേക്ക് രാഹുല്‍ ഒളിച്ചോടുകയാണ് എന്ന പ്രസ്താവന. അമേഠിക്ക് പുറമെ വയനാട് മണ്ഡലത്തില്‍ കൂടി മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനമാണ് മോദിയെ ചൊടിപ്പിച്ചത്. ദേശീയ നേതാക്കള്‍ ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് പുതിയ കാര്യമല്ല. അതില്‍ നൈതികമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നുവന്നാലും അതൊരു തെറ്റായ നടപടിയല്ല. എന്നിരിക്കെ അത്യന്തം വിഷലിപ്തമായ ഒരബദ്ധ പ്രചാരണത്തിന് പ്രധാനമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നതിലെ അപകടം എത്ര വലുതാണ്.? താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണ്, തന്നെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമാണ് എന്നാണ് കഴിഞ്ഞ ദിവസവും മോദി ആവര്‍ത്തിച്ചു പറഞ്ഞത്.

ഭരണാധികാരിക്കെതിരെയുള്ള വിമര്‍ശനം എങ്ങനെ രാജ്യത്തോടുള്ള വിമര്‍ശമാകും എന്ന ചോദ്യമൊന്നും ആരും ഉന്നയിക്കില്ല. അതാണ് മോദിയുടെ ധൈര്യവും. അതേസമയം, എതിര്‍ പാര്‍ട്ടിയിലെ ഏറ്റവും സമുന്നതനായ നേതാവിനെ കുറിച്ച് എന്തധിക്ഷേപവും ഉന്നയിക്കാന്‍ കാവല്‍ക്കാരന് ഒരു മടിയുമില്ല. രണ്ടാം സീറ്റ് തിരഞ്ഞെടുക്കുന്നതിലെ നൈതികതയല്ല, മണ്ഡലത്തിലെ വോട്ടര്‍മാരുടെ മതമാണ് മോദിയുടെ പ്രശ്‌നം. മുസ്‌ലിംകളെ അപരവത്കരിക്കുന്നതിന്റെ മാരക മാതൃകയാണിത്. മുസ്ലിംകളുടെ വോട്ട് സ്വീകരിക്കുന്നത് പോലും പാതകമായി കാണുന്ന വിദ്വേഷ രാഷ്ട്രീയമാണ് മോദി പുറത്തെടുക്കുന്നത്. അസത്യ പ്രചാരണം, അപരദ്വേഷം, വര്‍ഗീയ പ്രസ്താവന, പ്രതിപക്ഷത്തോടുള്ള പുച്ഛം… കാവല്‍ക്കാരന്‍ നമ്മുടെ നാടിന്റെ മഹത്തായ മൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നത് ഇങ്ങനെയൊക്കെയാണ്. ബി ജെ പി പ്രകടന പത്രിക വായിച്ചില്ലേ? രാമക്ഷേത്രം, ഏക സിവില്‍ കോഡ്, പൗരത്വ നിയമഭേദഗതി, 370ാം വകുപ്പ്.. ഭരണനേട്ടങ്ങള്‍ ഒന്നും പറയാനില്ലാത്ത ഒരു സര്‍ക്കാറിന്റെ കീഴടങ്ങല്‍ തെളിഞ്ഞുകിടപ്പുണ്ട് ആ പ്രകടന പത്രികയില്‍.

കോണ്‍ഗ്രസിനെ പ്രതീക്ഷിക്കാമോ?
നരേന്ദ്ര മോദി ആര്‍ എസ് എസുകാരനാണ്. കറകളഞ്ഞ വര്‍ഗീയത ആര്‍ എസ് എസിന് ജന്മസിദ്ധമാണ്. മുസ്‌ലിം വിരുദ്ധത അവരുടെ ഒളിയജണ്ടയല്ല. ഏകാധിപത്യ ഭരണത്തിന് മണ്ണൊരുക്കുന്നവരാണ് അവര്‍. മോദി ആ സ്വപ്നാടകരില്‍ ഒരാളാണ്. അദ്ദേഹത്തില്‍ നിന്ന് വര്‍ഗീയതയല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാന്‍? അത് തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് എത്രത്തോളം വിജയമാണ്? അവരില്‍ നമുക്ക് പ്രതീക്ഷക്ക് വകയുണ്ടോ?
ഹരീഷ് റാവത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്. എ ഐ സി സി ജനറല്‍ സെക്രട്ടറിയാണ്. അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന കാര്യം, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നാണ്. രാമക്ഷേത്രം വിശ്വാസത്തിന്റെ ഭാഗമാണ്, ഹിന്ദുക്കളുടെ വികാരമാണ് എന്നൊക്കെയുള്ള സംഘ്പരിവാര്‍ പ്രമേയങ്ങളെ കോണ്‍ഗ്രസ് നേതാവ് എന്തിനു ഏറ്റെടുക്കണം? ഡിസംബര്‍ ആറിന്റെ മുറിവുണങ്ങിയിട്ടില്ല മുസ്‌ലിം മനസ്സില്‍. പള്ളി പുനര്‍നിര്‍മിക്കുമെന്ന വാക്ക് പാലിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുമില്ല. അതിനിടയില്‍ മുറിവ് കുത്തിത്തുറക്കുന്ന റാവത്തുമാരെ നിലക്ക് നിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടിന് കഴിയാത്തതെന്ത്?

കോണ്‍ഗ്രസ് ബി ജെ പിയില്‍ നിന്ന് അധികാരം പിടിച്ച സംസ്ഥാനങ്ങളില്‍ പശുവിന്റെ പേരില്‍ ഇപ്പോഴും മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കുമെതിരെ കേസെടുക്കുന്നു എന്നത് ഗൗരവതരമല്ലേ? പാര്‍ട്ടി നേതൃത്വം അത് തള്ളിപ്പറയേണ്ടതല്ലേ.? കഴിഞ്ഞ അഞ്ചാണ്ടുകള്‍ ഇന്ത്യയില്‍ ഗോരക്ഷാ ഗുണ്ടകള്‍ അഴിഞ്ഞാടുകയായിരുന്നു. അതിന്റെ പേരില്‍ എത്രയോ പേരെ വെട്ടിയും തല്ലിയും കൊന്നു. എന്നിട്ടോ? അവര്‍ക്ക് ഭരണകൂടവും പോലീസും സംരക്ഷകരായി. നിയമം അവര്‍ക്കായി പഴുതുകള്‍ ഒരുക്കി കാത്തിരുന്നു. ദാദ്രിയിലെ കൊലയാളിയെ മുന്നിലിരുത്തി യു പിയിലെ ആദിത്യനാഥ് ഗ്രേറ്റര്‍ നോയിഡയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചതോര്‍ക്കുന്നില്ലേ. സംഭവത്തെ എത്ര ലാഘവത്തോടെയാണ് സംഘ്പരിവാര്‍ കാണുന്നത് എന്ന് തെളിയിക്കുകയായിരുന്നു മന്ത്രിമുഖ്യന്‍. കൊലപാതകികളെ പൂമാലയിട്ടു സ്വീകരിക്കാന്‍ മടിക്കാത്ത മനോഭാവം ഹിംസയുടെ രാഷ്ട്രീയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. പക്ഷേ, ഗോരക്ഷാ ഗുണ്ടായിസത്തെ ദേശീയതലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ് ഇനിയും മടിച്ചുനില്‍ക്കുകയാണ്. ഹിന്ദുവോട്ടുകള്‍ നഷ്ടമാകുമോ എന്ന പേടിയാണ് പാര്‍ട്ടിക്ക്. മുസ്ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതില്‍ ആര്‍ ജെ ഡിക്കും സമാജ്വാദി പാര്‍ട്ടിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ബി എസ് പിക്കും സി പി എമ്മിനും താഴെ ആറാം സ്ഥാനത്താണ് രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യകക്ഷിയായ കോണ്‍ഗ്രസ് ഉള്ളത്. അവര്‍ക്ക് താഴെ ഒരു കക്ഷിയേ ഉള്ളൂ; അത് ബി ജെ പിയാണ്.! മഹാരാഷ്ട്രയില്‍ 48 ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്കായി നീക്കിവെച്ചത് ഒരേയൊരു സീറ്റാണ്. 14 മണ്ഡലങ്ങളിലെങ്കിലും വിധിനിര്‍ണയിക്കാന്‍ ശേഷിയുള്ളവരാണ് മഹാരാഷ്ട്രയിലെ മുസ്‌ലിംകള്‍.

ജനസംഖ്യയില്‍ 26 ശതമാനം മുസ്‌ലിംകള്‍ ഉള്ള കേരളത്തില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത് ഒരേയൊരു മുസ്‌ലിം സ്ഥാനാര്‍ഥി. ലോക്സഭയിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവ് കോണ്‍ഗ്രസിന്റെ അജണ്ടയില്‍ പോലുമില്ല എന്നതാണ് ദുഃഖകരമായ കാര്യം.

ചരിത്രം കോണ്‍ഗ്രസിനോട് പറയുന്നത്
ബാബരി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം സ്വയംഭൂവായി എന്ന് സംഘ്പരിവാര്‍ വ്യാജപ്രചാരണം ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ആചാര്യ നരേന്ദ്രദേവ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുകയും എം പി സ്ഥാനം രാജിവെക്കുകയും ചെയ്ത ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബാബരി മസ്ജിദില്‍ അതിക്രമിച്ചു കയറി അയോധ്യ പ്രശ്‌നം രൂക്ഷമാക്കിയ ഹിന്ദുമഹാസഭ നേതാവ് ബാബ രാഘവദാസിനെയാണ് ആ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിപ്പിച്ചത്! അയോധ്യയില്‍ ഒമ്പത് ദിവസം നീണ്ട അഖണ്ഡനാമയജ്ഞത്തിന് നേതൃത്വം നല്‍കിയയാളാണ് രാഘവദാസ്. ഹിന്ദു വൈകാരികത മുതലെടുക്കാനാണ് കടുത്ത വര്‍ഗീയവാദിയായ രാഘവദാസിനെ തന്നെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. അത് വിജയത്തില്‍ കലാശിക്കുകയും ചെയ്തു. അന്നത്തെ യു പി മുഖ്യമന്ത്രി, കോണ്‍ഗ്രസുകാരനായ ജി ബി പന്താണ് എല്ലാറ്റിനും മുന്നില്‍ നിന്നത്.

പള്ളിയില്‍ രാമവിഗ്രഹം സ്വയംഭൂവായി എന്നറിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നെഹ്‌റു, കോണ്‍ഗ്രസ് മുഖ്യമന്ത്രിയോട് അതെടുത്ത് സരയൂ നദിയിലൊഴുക്കാന്‍ പറഞ്ഞു. വരാനിരിക്കുന്ന സകല പ്രശ്‌നങ്ങളുടെയും നാരായവേരായി ആ വിഗ്രഹം മാറുമെന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു. ജി ബി പന്ത് പക്ഷേ, നിര്‍ദേശം അവഗണിച്ചു.

സംസ്ഥാനത്തിന്റെ “പ്രത്യേക താത്പര്യം’ പരിഗണിച്ച് വിഗ്രഹം അവിടെ തന്നെ നില്‍ക്കട്ടെ എന്ന് പന്തും സംസ്ഥാന നേതൃത്വവും നിലപാടെടുത്തു. പില്‍ക്കാലം എന്ത് സംഭവിച്ചുവെന്ന് ചരിത്രത്തിലുണ്ട്. ആര്‍ എസ് എസ് ജന്‍മഭൂമി പ്രസ്ഥാനം രൂപവത്കരിച്ച് കോണ്‍ഗ്രസ് പ്രയോഗിച്ചതിനേക്കാള്‍ കൂടിയ അളവില്‍ വര്‍ഗീയത പുറത്തെടുത്തു. യു പിയില്‍ കോണ്‍ഗ്രസ് നശിച്ചു. ബി ജെ പി അധികാരം പിടിച്ചു. കോണ്‍ഗ്രസിന്റെ തന്നെ ഒത്താശയോടെ വര്‍ഗീയ ഭ്രാന്തന്‍മാര്‍ പള്ളി പൊളിച്ചു.

കോണ്‍ഗ്രസ് ചരിത്രത്തില്‍ നിന്ന് പഠിക്കണം. വര്‍ഗീയതക്ക് പ്രതിവിധി വര്‍ഗീയത അല്ല. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് മറികടക്കാന്‍ നോക്കരുത്. കുഴിയില്‍ വീഴും. കരകയറാന്‍ കാലമേറെ കാത്തിരിക്കേണ്ടിയും വരും. വര്‍ഗീയതക്ക് മറുപടി ജനാധിപത്യമാകണം. മതതീവ്രവാദത്തിന് ബഹുസ്വരതയാകണം ഉത്തരം. മതനിരപേക്ഷ, ജനാധിപത്യ സര്‍ക്കാറിനെ ജനം ആഗ്രഹിക്കുന്ന കാലമാണ്. തിരുത്തല്‍ ശക്തിയായി ഇടതുപക്ഷം കൂട്ടായുണ്ടാകുന്ന സര്‍ക്കാര്‍ അധികാരമേറണം. പ്രതിപക്ഷനിരയില്‍ വിള്ളല്‍ വീഴാതെ നോക്കേണ്ടത് കോണ്‍ഗ്രസാണ്. ഒപ്പം ദളിത്, ന്യൂനപക്ഷ സമൂഹങ്ങളെ ചേര്‍ത്തുനിര്‍ത്തണം. കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ച പിഴവുകള്‍ തിരുത്താനുള്ള അവസരമായി കൂടി പാര്‍ട്ടി ഈ തിരഞ്ഞെടുപ്പ് കാലത്തെ ഉപയോഗിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് ജനാഭിലാഷത്തിനൊപ്പം നില്‍ക്കുന്നവരാണ് എന്ന വിശ്വാസം നേടിയെടുക്കാന്‍ കഴിയുകയുള്ളൂ.

മുഹമ്മദലി കിനാലൂര്‍ • [email protected]