Connect with us

National

പൂര്‍വാഞ്ചലില്‍ പ്രിയങ്ക ഫാക്ടര്‍ ഗുണം ചെയ്യുമോ? മഹാസഖ്യത്തിന് മുന്നില്‍ വിയര്‍ത്ത് ബിജെപി

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്ത പുനരുദ്ധരിക്കാന്‍ പ്രിയങ്ക ഗാന്ധിക്ക് കഴിയുമോ? സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ വരവ് പക്ഷേ ഇത്തവണ കോണ്‍ഗ്രസിന് ഇവിടെ വേണ്ടത്ര ഫലം നല്‍കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. അതേസമയം, ജാതിസമവാക്ക്യങ്ങള്‍ കൂട്ടിക്കെട്ടിയുള്ള എസ് പി- ബി എസ് പി മഹാസഖ്യത്തിന്റെ പ്രചരണ രീതിക്ക് മുമ്പില്‍ ശക്തി ദുര്‍ഗമായ കിഴക്കന്‍ യു പിയില്‍ (പൂര്‍വാഞ്ചലില്‍) ബി ജെ പി വിയര്‍ക്കുക തന്നെ ചെയ്യും.

എ ഐ സി സി സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കക്ക് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന ചുമതല ഒരു കാലത്ത് ഇന്ദിരയുടെ ശക്തിദുര്‍ഗമായ കിഴക്കന്‍ യു പിയിലാണ്. കോണ്‍ഗ്രസ് ശക്തമായി മത്സരംഗത്തുണ്ടെങ്കിലും പ്രചാരണങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്ന ഇവിടെ ബി ജെ പിയും മാഹാസഖ്യവും തമ്മിലാണ് പ്രധാന മത്സരം. പ്രിയങ്കയുടെ പ്രചാരണത്തില്‍ കോണ്‍ഗ്രസ് വോട്ട് വിഹിതം വര്‍ധിക്കുമെങ്കിലും സീറ്റ് ലഭിക്കുമോയെന്നതില്‍ പാര്‍ട്ടിക്കാര്‍ക്ക് പോലും ഉറപ്പില്ല. ബി ജെ പിയുടെ നിരവധി ഉരുക്കുകോട്ടകളുള്ള ഇവിടെ അഖിലേഷും മായാവതിയും ചേര്‍ന്ന് കടുത്ത പ്രചരണമാണ് നടത്തുന്നത്. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും പൂര്‍വാഞ്ചല്‍ മേഖല നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ബി ജെ പി.

20 ലോക്‌സഭാ മണ്ഡലങ്ങളാണ് പൂര്‍വാഞ്ചല്‍ മേഖലയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസി, അഖിലേഷ് യാദവിന്റെ അസംഗഢ്, യു പി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് പതിറ്റാണ്ടുകളായി ജയിച്ച് കയറുന്ന ഖോരക്പൂര്‍ തുടങ്ങിയ ശ്രദ്ധേയ മണ്ഡലങ്ങളാണ് ഇതില്‍ ഏറയും. കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രമെടുത്താല്‍ പൂര്‍വാഞ്ചല്‍ മേഖലയില്‍ എസ് പിയും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. കണക്കുകളില്‍ ബി ജെ പിക്കാണ് അല്‍പ്പം മേധാവിത്വം. മുന്‍കാല കണക്കുകളെയെല്ലാം കാറ്റില്‍ പറത്തി 2014ലെ മോദി തരംഗത്തില്‍ 20ല്‍ 18 സീറ്റും 41 ശതമാനം വോട്ട് വിഹിതത്തോടെ ബി ജെ പി കരസ്ഥമാക്കുകയായിരുന്നു.

അവസാനം നടന്ന ആറ് പൊതു തിരഞ്ഞെടുപ്പുകള്‍ നോക്കിയാല്‍ കോണ്‍ഗ്രസിന് മേഖലയില്‍ നാലാം സ്ഥാനമാണുള്ളത്. ഇത്തവണ ഇവിടത്തെ മൂന്നാമത്തെ വലിയ കക്ഷിയായ ബി എസ് പിക്കൊപ്പം ചേര്‍ന്ന് എസ് പി ജനവിധി തേടുമ്പോള്‍ അത്ഭുതം സംഭവിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

1996ലെ തിരഞ്ഞെടുപ്പ് മുതല്‍ പരിശോധിച്ചാല്‍ പൂര്‍വാഞ്ചല്‍ മേഖലയില്‍ ശരാശരി 30.86 ശതമാനം വോട്ട് ബി ജെ പി നിലനിര്‍ത്തുന്നതായി കാണാം. എസ് പിക്ക് 27.19ഉം ബി എസ് പിക്ക് 23.56ഉം ശതമാനം വോട്ട് വിഹിതമാണ് ലഭിക്കാറുള്ളത്. 2004ല്‍ എസ് പിയും 2009ല്‍ ബി എസ് പിയും മുന്നിലെത്തിയിട്ടുണ്ടങ്കിലും ശരാശരി കണക്കാണിത്. കോണ്‍ഗ്രസിന് 9.67 ശതമാനം വോട്ടാണ് ലഭിക്കാറുള്ളത്. 27.18 ശതമാനം വിഹിതമുള്ള എസ് പിയും 23.56 വിഹിതമുള്ള ബി എസ് പിയും ഒരുമിച്ച ഇത്തവണ വലിയ അഗ്നിപരീക്ഷണമാണ് ബി ജെ പി നേരിടുന്നത്.

എന്നാല്‍ 1996ന് ശേഷം പൂര്‍വാഞ്ചല്‍ മേഖലയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കാത്ത കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത്തവണയും വലിയ പ്രതീക്ഷയില്ല. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നല്ലാതെ പൂര്‍വാഞ്ചലില്‍ വലിയ മാജിക് കാഴ്ചവെക്കാന്‍ പ്രിയങ്കക്ക് കഴിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകനും സെന്‍ട്രല്‍ സ്റ്റഡീസ് ഓഫ് ഡെവലപ്പ്‌മെന്റ് സൊസൈറ്റീസ് (സി എസ് ഡി എസ്) ഡയറക്ടറുമായ സഞ്ജയ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍വാഞ്ചല്‍ മേഖലയിലെ 100 സീറ്റുകളില്‍ 73 സീറ്റ് ബി ജെ പി നേടിയപ്പോള്‍ എസ് പിക്ക് 14ഉം ബി എസ് പിക്ക് 10ഉം സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസിനാകട്ടെ ഒരു സീറ്റ്‌കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മറ്റ് രണ്ട് സീറ്റുകള്‍ സ്വതന്ത്രര്‍ക്കായിരുന്നു. പൂര്‍വാഞ്ചല്‍ മേഖലയില്‍ മുസ്ലിം വോട്ട് 15 ശതമാനമാണ്. എസ് പി- ബി എസ് പി പാര്‍ട്ടികള്‍ക്കായിരുന്നു മുന്‍കാലങ്ങളില്‍ ഇവര്‍ വോട്ട് ചെയ്തിരുന്നത്. ഈ വോട്ടുകള്‍ ഇത്തവണ ഒരുമിക്കുമ്പോള്‍ ബി ജെ പിക്ക് ഇത് വലിയ ക്ഷീണം ചെയ്യും.

മുസ്ലിം വോട്ടിനൊപ്പം യാദവ, ദളിത് വോട്ടുകളുമാണ് മഹാസഖ്യത്തിന്റെ ശക്തി. എന്നാല്‍ ബ്രാമിണ്‍സ്, കുര്‍മി, നിഷാദ് സമുദായങ്ങളുടെ പിന്തുണയാണ് ബി ജെ പിയുടെ ശക്തി. യോഗി രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഖൊരക്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിഷാദ് വിഭാഗത്തെ ഒപ്പംകൂട്ടി എസ് പി – ബി എസ് പി സഖ്യം മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷം നിഷാദ് വിഭാഗം വീണ്ടും ബി ജെ പിക്ക് ഒപ്പം ചേര്‍ന്നത് മഹാസഖ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കും. അടിത്തറ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണങ്ങളാണ് മഹാസഖ്യവും ബി ജെ പിയും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ താഴെക്കിടയില്‍ ശക്തമല്ലെന്നാണ് മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.