Connect with us

Kerala

ബാബരി, ഗോവധം വിഷയങ്ങളില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ഒരേ നിലപാട്: വൃന്ദ കാരാട്ട്

Published

|

Last Updated

കൊല്ലം: ബാബരി മസ്ജിദ്, ഗോവധം വിഷയങ്ങളില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ഒരേ നയമാണെന്ന് സ പി എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട.് ബി ജെ പിയെ അധികാരത്തില്‍നിന്ന് പുറത്താക്കി രാജ്യത്തിന്റെ ഭണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ സുപ്രധാന വിഷയം. ഇതിനായി ഇടതുപക്ഷം പാര്‍ലിമെന്റില്‍ ശക്തിപ്പെടണമെന്നും വൃന്ദ അഭിപ്രായപ്പെട്ടു. കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു വൃന്ദ.

ജനക്ഷേമപ്രവര്‍ത്തനത്തില്‍ മാതൃകയായ കേരള സര്‍ക്കാറിന്റെ മാതൃകയില്‍ കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ വരണം. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളം രാജ്യത്തിനു മാതൃകയാണ്. എന്നാല്‍, കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറിനു കീഴില്‍ സ്ത്രീകളും ദളിതരും മതന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുകയാണ്. ഇതിനോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല.

സംഘപരിവാര്‍ തീവ്ര ഹിന്ദുത്വമാണെങ്കില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നയമാണ് സ്വീകരിക്കുന്നത്. രാജ്യത്ത് ഓരോ മണിക്കൂറിലും നാല് സ്ത്രീകള്‍ വീതം അക്രമിക്കപ്പെടുന്നു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാറും മോദി ഭരണത്തില്‍ വലിയ ഭീതിയിലാണ്. മതന്യൂനപക്ഷങ്ങളുടെ 750 പള്ളികള്‍ തകര്‍ത്തു. പശുവിന്റെ പേരിലും ലൗ ജിഹാദിന്റെ പേരിലും യുവാക്കളെ ജയിലിലിടുന്നു. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം തകര്‍ത്തു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്നും വൃന്ദ ആരോപിച്ചു.