Kerala
കോട്ടയത്തും പാലായിലും പൊതു ദര്‍ശനം; വിലായപയാത്ര ആരംഭിച്ചു

കൊച്ചി: ചൊവ്വാഴ്ച അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ മൃതദേഹം ഇന്ന് കോട്ടയത്തും അദ്ദേഹത്തിന്റെ സ്വദേശമായ പാലായിലും പൊതു ദര്‍ശനത്തിനു വെക്കും. മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര രാവിലെ 10.15ഓടെ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടു. നിരവധി പേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കൊച്ചിയില്‍ എത്തിച്ചേര്‍ന്നിരുന്നു. അതിനാല്‍ത്തന്നെ നേരത്തെ തീരുമാനിച്ചതില്‍ നിന്ന് മുക്കാല്‍ മണിക്കൂറോളം വൈകിയാണ് വിലപായാത്ര ആരംഭിച്ചത്.
തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന വിലാപയാത്ര കോട്ടയത്തെ പാര്‍ട്ടി ഓഫീസില്‍ എത്തിച്ചേരും. വഴിയില്‍ പൊതു ദര്‍ശനത്തിനു സൗകര്യമുണ്ടാകുമെന്നാണ് നേതാക്കള്‍ സൂചിപ്പിച്ചിട്ടുള്ളത്. മൃതദേഹം തിരുനക്കര മൈതാനത്ത് പൊതു ദര്‍ശനത്തിനു വെക്കും. പിന്നീട് കലക്ടറേറ്റ്, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം വഴി വിലാപയാത്ര സ്വദേശമായ മരങ്ങാട്ടുപള്ളിയിലെത്തും. തുടര്‍ന്ന് പാലാ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിനു വെക്കും.
സന്ധ്യയോടെ മൃതദേഹം പാലായിലെ വീട്ടിലെത്തിക്കും.
വിലാപയാത്ര കൊച്ചിയില്‍ നിന്ന് പുറപ്പെടാന്‍ വൈകിയതിനാല്‍ വിലാപയാത്രയുടെയും പൊതു ദര്‍ശനത്തിന്റെയും സമയക്രമത്തില്‍ മാറ്റം വന്നിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.