പിളര്‍പ്പുകള്‍ കണ്ട ചരല്‍കുന്ന്; പ്രഖ്യാപനങ്ങളും

Posted on: April 9, 2019 6:00 pm | Last updated: April 9, 2019 at 8:07 pm

കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ക്കെല്ലാം സാക്ഷിയായ സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ ചരല്‍കുന്ന്. കെഎം മാണി ചരല്‍കുന്ന് കയറിയാല്‍ നിര്‍ണായകമായ എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉറപ്പ്. പിളര്‍ന്നും വളര്‍ന്നും കേരളാ കോണ്‍ഗ്രസ് മുന്നോട്ട് പോയപ്പോഴൊക്കെയും അതിന് സാക്ഷിയായുണ്ടായിരുന്നു ഈ സ്ഥലം.

ചരല്‍കുന്നില്‍ നടന്ന ക്യാമ്പില്‍വെച്ചാണ് കേരള കോണ്‍ഗ്രസ് രണ്ടായി പിരിഞ്ഞത്. കെ എം മാണിയും ജോസഫും രണ്ട് തട്ടിലേക്ക് മാറിയത് ഈ ക്യാമ്പിനെ തുടര്‍ന്നായിരുന്നു. അന്ന് നടന്ന യൂത്ത് ഫ്രണ്ട് സമ്മേളനത്തിലെ അഭിപ്രായ വ്യത്യാസമാണ് പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

1976ല്‍ കെ എം ജോര്‍ജും മാണിയും തമ്മില്‍ പിരിഞ്ഞതും ചരല്‍കുന്നിനെ സാക്ഷിയാക്കിയാണ്. 1979ല്‍ കെഎസ്സി ക്യാമ്പില്‍ കെഎം മാണിക്ക് മാത്രം ജയ് വിളിച്ചതിന്റെ പേരില്‍ ജോസഫും അനുയായികളും വഴിപിരിഞ്ഞതും ചരല്‍കുന്നില്‍വെച്ച് തന്നെ. 1993ല്‍ ടിഎം ജേക്കബും കൂട്ടരും മറ്റൊരു കേരളാ കോണ്‍ഗ്രസായി മാറിയതും ഈ കുന്നിന് മുകളിലാണ്.

പാര്‍ട്ടിയുടെ സുപ്രധാന യോഗങ്ങളെല്ലാം ചരല്‍കുന്നിലായിരുന്നു ചേര്‍ന്നിരുന്നത്. രാത്രി വൈകിയും തുടരുന്ന പല യോഗങ്ങളും കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കാന്‍ തന്നെ കെല്‍പ്പുള്ളതായിരുന്നുവെന്നത് ചരിത്രം. ഇനി ചരല്‍കുന്ന് കയറാന്‍ മാണിയില്ല. പക്ഷേ കേരളാ കോണ്‍ഗ്രസിന്റെ പുതിയ നീക്കങ്ങള്‍ക്ക് സാക്ഷിയാകാന്‍ ചരല്‍കുന്ന് ഇനിയുമുണ്ടാകും.

പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹില്‍ സ്‌റ്റേഷനാണ് ചരല്‍കുന്ന്. 1972ലാണ് മാര്‍ത്തോമ്മാ സഭയുടെ സണ്ടേ സ്‌കൂള്‍ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ക്യാമ്പ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. കോണ്‍ഗ്രസും പല ക്യാമ്പുകള്‍ക്കും ചരല്‍കുന്നിനെ തിരഞ്ഞെടുത്തിരുന്നു.