പിളര്‍ന്നും വളര്‍ന്നും പാര്‍ട്ടി; തളരാതെ മാണി

മധ്യതിരുവിതാകൂറിലെ കുടിയേറ്റ കര്‍ഷക രാഷ്ട്രീയം ചുറ്റികറങ്ങുന്നത് കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കൊപ്പമാണ്. കൃസ്തീയ സഭയുടെയും കര്‍കഷ, കുടിയേററ്റ ജനതയുടെയും പരിലാളനം ഏറ്റ്, മുന്നണി ബലാബലത്തില്‍ ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞ് കേരള രാഷ്ട്രീയത്തിലെ ഒരു അത്ഭുതമായി മാറിയ പ്രസ്ഥാനം. തലയെടുപ്പുള്ള നേതാക്കന്‍മാര്‍ ഏറെയുണ്ടെങ്കിലും കേരള കോണ്‍ഗ്രസിന്റെ ചരിത്രം അടയാളപ്പെടുത്തുക കരിങ്കോയക്കല്‍ മാണി മാണി എന്ന കെ എം മാണിയുടെ പേരിനൊപ്പമാണ്.
Posted on: April 9, 2019 6:44 pm | Last updated: April 9, 2019 at 9:31 pm

മധ്യതിരുവിതാകൂറിലെ കുടിയേറ്റ കര്‍ഷക രാഷ്ട്രീയം ചുറ്റികറങ്ങുന്നത് കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കൊപ്പമാണ്. കൃസ്തീയ സഭയുടെയും കര്‍കഷ, കുടിയേററ്റ ജനതയുടെയും പരിലാളനം ഏറ്റ്, മുന്നണി ബലാബലത്തില്‍ ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞ് കേരള രാഷ്ട്രീയത്തിലെ ഒരു അത്ഭുതമായി മാറിയ പ്രസ്ഥാനം. തലയെടുപ്പുള്ള നേതാക്കന്‍മാര്‍ ഏറെയുണ്ടെങ്കിലും കേരള കോണ്‍ഗ്രസിന്റെ ചരിത്രം അടയാളപ്പെടുത്തുക കരിങ്കോയക്കല്‍ മാണി മാണി എന്ന കെ എം മാണിയുടെ പേരിനൊപ്പമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിലെ അത്ഭുതമായ, പ്രയാഗിക രാഷ്ട്രീയത്തിന്റെ പകരം വക്കാനില്ലാത്ത ഈ പാലക്കാരനൊപ്പം.

തന്റെ രാഷ്ട്രീയ ഗുരു കെ എം ജോര്‍ജിനെപ്പോലെ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേക്കും കടന്നുവന്നത്. കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവായ കെ എം ജോര്‍ജ് കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ മുന്നണിപോരാളിയായി മാണിയും ഇറങ്ങി. പ്രസംഗമായിരുന്നു മാണിയെന്ന രാഷ്ട്രീക്കാരനെ വളര്‍ത്തിയത്. സ്‌കൂള്‍ പഠനകാലത്ത് തന്നെ പ്രസംഗ വേദികളില്‍ കൈയടി നേടി. കെ എം ജോര്‍ജ് കേരള കോണ്‍ഗ്രസ് രൂപവത്ക്കരിച്ചപ്പോള്‍ യുവനേതാവായ മാണിയുടെ പ്രസംഗം കേള്‍ക്കാന്‍ ജനം തടിച്ച്കൂടി. ആ വാക്കുകള്‍ കുടിയേറ്റ കര്‍ഷകര്‍ക്ക് ആവേശമായി. കര്‍ഷക രാഷ്ട്രീയം പറഞ്ഞാണ് മാണി പ്രവര്‍ത്തകരിലേക്ക് എത്തിയത്. 1965ല്‍ നിയമസഭയില്‍ കന്നിക്കാരനായി എത്തിയ മാണി റബ്ബര്‍ വില പത്ത് രൂപയായി ഉയര്‍ത്താന്‍ നടപടി വേണമെന്നായിരുന്നു അദ്യം പ്രസംഗിച്ചത്.

ജോര്‍ജിന്റ അരുമ ശിഷ്യരായ കെ എം മാണിയും ആര്‍ ബാലകൃഷ്ണപിള്ളയും ചേര്‍ന്ന് മധ്യകേരളത്തില്‍ പാര്‍ട്ടി വളര്‍ത്തി. 1976ല്‍ കെ എം ജോര്‍ജിന്റെ മരണത്തോടെ പാര്‍ട്ടിയിലെ രണ്ട് അധികാര കേന്ദ്രങ്ങളായി മാണിയും ബാലകൃഷ്ണപിള്ളയും മാറി. ഇത് വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസിന്റെ ആദ്യ പിളര്‍പ്പിലെത്തിച്ചു.

1977ലെ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മുമ്പെ പിള്ളയും മാണിയും വിത്യസ്ത കേരള കോണ്‍ഗ്രസുകളായി. സംഘടാന അടിത്തറകൊണ്ടും സാമുദായിക പിന്തുണകൊണ്ടും കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് (എം) മധ്യ കേരളത്തിലെ പ്രബല പാര്‍ട്ടിയായി മാറി. 1979ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് ഇത് വീണ്ടും പിളര്‍ന്നു. പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പുതിയ പാര്‍ട്ടി രൂപവ്ത്ക്കരിച്ച് എല്‍ ഡി എഫിനൊപ്പം ചേര്‍ന്നു. മാണി യു ഡി എഫിനൊപ്പം ഉറച്ച് നിന്നു. പിന്നീടും പല പിളര്‍പ്പും കേരള കോണ്‍ഗ്രസിലുണ്ടായെങ്കിലും മാണിയുടെ മാറ്റിന് ഒരു കുറവുമുണ്ടായില്ല. താന്‍ മുന്‍കൈ എടുത്ത് രൂപവത്ക്കരിച്ച യു ഡി എഫിലെ മൂന്നാമത്തെ ശക്തിയായി പാര്‍ട്ടിയെ മാണി വളര്‍ത്തി. എല്‍ ഡി എഫിനൊപ്പം ചേര്‍ന്നും കരുത്തറിയിച്ചു. കൃസ്തീയ സഭയുടെ നിറഞ്ഞ പിന്തുണയുള്ളതിനാല്‍ സമ്മര്‍ദ തന്ത്രത്തില്‍ പലതും നേടിയെടുത്തു. യു ഡി എഫ് രാഷ്ട്രീയത്തിലെ പല നിര്‍ണായക തീരുമാനങ്ങളും പാലായില്‍ നിന്ന് വന്നു. തിരഞ്ഞെടുപ്പ് കാലത്ത് യു ഡി എഫിന്റെ പ്രമുഖ ക്യാമ്പയിനറായി. കേരള രാഷ്ട്രീയത്തിലെ മാണിസാറായി . ചെറു നേതാക്കന്‍മാര്‍ സ്ഥാനത്തിനായി കരിങ്കോയക്കല്‍ വീട്ടിന് മുന്നില്‍ തമ്പടിച്ചു. പൊതുപ്രവര്‍ത്തന മേഖലയില്‍ മന്ത്രി സ്ഥാനങ്ങള്‍ അടക്കം മാണി നേടിയെടുത്ത സ്ഥാനമാനങ്ങള്‍ക്ക് പരിധിയില്ല. മുന്നണി രാഷ്ട്രീയത്തിലെ വിലപേശലില്‍ ഒരിക്കല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അടുത്തുവരെ എത്താനും ഈ രാഷ്ട്രീയ അതികായന് കഴിഞ്ഞു.