കനത്ത ചൂട് തുടരുന്നു; മുന്നറിയിപ്പ് നാളെ വരെ

തിരുവനന്തപുരം
Posted on: April 9, 2019 11:28 am | Last updated: April 9, 2019 at 11:28 am

സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് നാളെ വരെ നീട്ടിയിട്ടുണ്ട്. നാളെ വരെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം,പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്നലെ 16 പേർക്ക് സൂര്യാതപമേറ്റു. 23 പേർക്ക് ചൂടേറ്റ് ശരീരത്തിൽ പാടുകളും രൂപപ്പെട്ടു. ഇന്നലെ സൂര്യാഘാതം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കോഴിക്കോട് എട്ട് പേർക്കും പത്തനംതിട്ടയിൽ മൂന്ന് പേർക്കും കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് പൊള്ളലേറ്റത്. കൊല്ലം, കണ്ണൂർ ജില്ലകളിൽ ആറ് പേർക്ക് വീതവും തിരുവനന്തപുരത്ത് നാല് പേർക്കും ഇടുക്കി, കോഴിക്കോട് രണ്ട് പേർക്ക് വീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് ശരീരത്തിൽ പാടുകൾ രൂപപ്പെട്ടത്.
വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നിർബന്ധമായും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് സംസ്ഥാനത്ത് കാസർകോട് ഒഴികെയുള്ള ജില്ലകളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ മാസം 12 വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട വേനൽമഴക്ക് സാധ്യതയുണ്ട്.