അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിനിരയായ കുട്ടി മരിച്ചു

Posted on: April 6, 2019 12:06 pm | Last updated: April 7, 2019 at 9:33 am

തൊടുപുഴ: മാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായ എഴ് വയസുകാരന്‍ മരിച്ചു. മര്‍ദനത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. രാവിലെ മുതല്‍ കുട്ടിയുടെ നില അതീവ ഗുരുതരമാവുകയായിരുന്നു. തലക്കേറ്റ പരുക്കാണ് മരണ കാരണം. രാവിലെ 11. 35ഓടെയായിരുന്നു മരണം. വെന്റിലേറ്ററില്‍ തുടരവെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലക്കുകയും തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കുട്ടിയുടെ മൃതദേഹം ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. ഏഴ് വയസുകാരനേയും സഹോദരനേയും പീഡിപ്പിച്ച സംഭവത്തില്‍ ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു.

ഇളയ സഹോദരന്‍ കിടക്കയില്‍ മൂത്രമൊഴിച്ചുവെന്നാരോപിച്ചാണ് ഏഴ് വയസുകാരനെ പ്രതിയായ അരുണ്‍ ആനന്ദ് ക്രൂരമായി മര്‍ദിച്ചത്. കിടക്കിയല്‍ നിന്നും ചവിട്ടി താഴെയിട്ട കുട്ടിയെ കാലില്‍ പിടിച്ച് ചുമരില്‍ ഇടിക്കുകയായിരുന്നു. ഇതില്‍ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്നിരുന്നു. എട്ട് ദിവസമായി ചികിത്സയില്‍ തുടരുന്ന കുഞ്ഞിന്റെ മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോകടര്‍മാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെന്റിലേറ്ററില്‍ തുടരുകയായിരുന്ന കുഞ്ഞ് മരുന്നുകളോടൊന്നുംതന്നെ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. കുട്ടിയെ രക്ഷിക്കാന്‍ ആവുമെന്ന പ്രതീക്ഷകളെല്ലാം ദിവസങ്ങള്‍ക്ക് മുമ്പേ നഷ്ടമായിരുന്നു. പ്രതിയായ അരുണ്‍ ആനന്ദ് കുട്ടിയുടെ ഇളയ സഹോദരനേയും മാതാവിനേയും ക്രൂരമായി മര്‍ദിച്ചുവന്നതായി തെളിഞ്ഞിരുന്നു. ഇതിന് പുറമെ കുട്ടിയെ ലൈംഗികമായി പ്രതി ആക്രമിച്ചതായും തെളിഞ്ഞിരുന്നു. ലഹരിക്കടിമപ്പെട്ട പ്രതി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. കുട്ടിയുടെ പിതാവിന്റ മരണ ശേഷമാണ് അരുണ്‍ ആനന്ദ് യുവതിക്കും കുട്ടികള്‍ക്കുമൊപ്പം താമസം തുടങ്ങിയത്. പ്രതിക്കെതിരെ നേരത്തെ വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. കുട്ടി മരിച്ച സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും.